കലികാല ഭക്ഷണം. എങ്ങോട്ടാണ് നാം?

Can Eating Burnt Food Cause Cancer
Spread the love

പണ്ട് നാം ഈച്ചയരിക്കുന്ന മുന്തിരി കഴിക്കുമായിരുന്നില്ല. പിന്നീടാണ് കാര്യം തലകീഴായി മറിഞ്ഞത്. ഈച്ചയരിക്കുന്നതാണ് കഴിക്കേണ്ടത്. കീടനാശിനി കാരണമാണ് ഈച്ച വരാതിരിക്കുന്നത്. 

പക്ഷേ, ഉത്ഭാതകരുടെ ബുദ്ധി വെറുതെയിരിക്കുമോ? അവര്‍ സാക്കറിന്‍ കലക്കിയ വെള്ളത്തില്‍ മുന്തിരിക്കുലകള്‍ മുക്കി. പിന്നെ ഈച്ചകള്‍ സമൃദ്ധം!

മുന്തിരിയാണെങ്കില്‍ വെള്ളമൊഴിച്ച് കഴുകാം. കാബേജ് എന്തുചെയ്യും?

           തുടക്കംമുതല്‍ കീടനാശിനി തളിച്ചു തളിച്ചു ഓരോ ഇലയിലും ഈ മരുന്നുകള്‍ ഒട്ടിച്ചേര്‍ന്നാണ് കാബേജ് ഉരുണ്ടുവരുന്നത്.

 ജനങ്ങള്‍ ചുവന്ന അരിക്കായി മുറവിളി കൂട്ടിയപ്പോള്‍ കച്ചവടക്കാര്‍ റെഡ് ഓക്സൈഡ് കയറ്റിവിട്ടു. അരി കഴുകിയപ്പോള്‍ ചുവപ്പ് കൈയില്‍പ്പറ്റിയ ജനം തട്ടിപ്പ് തിരിച്ചറിഞ്ഞു. അങ്ങനെ, അരി വ്യവസായികള്‍ കൂട്ടമായി ചിന്തിച്ച് വെള്ളത്തില്‍പ്പോലും പടരാത്ത ചുവപ്പ് കൊണ്ടുവന്നു. ഇരട്ടിവിഷം അകത്തായാലും നമ്മള്‍ ഹാപ്പി.

പ്രാദേശിക വിഭവങ്ങളായിരുന്നു ഒരിക്കല്‍ നമ്മുടെ കറികളൊക്കെ. മുരിങ്ങയില, ചേമ്പിന്‍തണ്ട്, താള്,  ചീര, കാച്ചിൽ, കപ്പ,  തേങ്ങാച്ചമ്മന്തി തുടങ്ങിയ പലതും രുചിയുള്ള കറിക്കൂട്ടുകളായിരുന്നു. 

പക്ഷേ, ഇന്ന് ജനം കൂടി; ഭൂമി കൂടിയില്ല. കൃഷിക്ക് സ്ഥലംകുറഞ്ഞു; പണ ലഭ്യത കൂടി; കുറേ തിന്നു തീര്‍ത്തേ മതിയാകൂ. ഇലയും പൂവും തിന്നാന്‍ ആരെയും കിട്ടുന്നില്ല.

 അങ്ങനെ, ആഗോള രുചികള്‍ ഇവിടെയും നിലവില്‍വന്നു. ഇന്നിപ്പോള്‍ പാലായിലും എറണാകുളത്തും, കോഴിക്കോട്ടുമുള്ള കടകളിലെ ചിക്കന്‍ ഫ്രൈയുടെ കൂട്ടിന്റെ മണം ഒന്നു തന്നെയാണ്. അമേരിക്കയില്‍ തട്ടുകടയുണ്ടെങ്കില്‍ അവിടെയും ഇതേ മണംതന്നെ. അങ്ങനെ  രുചി ഒരു വ്യാപാരച്ചരക്കായി മാറി; 

നാമതിന്റെ ഭാഗമായി. സാധാരണ ഗോതമ്പുപൊടിയിൽ   റൊട്ടി ഉണ്ടാക്കിയാല്‍ ആര്‍ക്കും വേണ്ട. വന്‍കിട കമ്പനികളുടെ ബ്രാന്‍ഡുള്ള റൊട്ടിയാണ് നമുക്ക് പ്രിയം. കെമിക്കലിന്റെ ബലത്തില്‍ അത് സ്‌പോഞ്ചു പോലിരിക്കും. മിനുസം കിട്ടാന്‍ ഗ്ലൈസിങ് ഏജന്റുകള്‍ ഉപയോഗിച്ചിട്ടുണ്ട്. പെട്രോളിയം ജെല്ലിയുടെ വകഭേദങ്ങള്‍ വരെ ഉപയോഗിക്കാറുണ്ടത്രെ. 

നാടൻ റൊട്ടി  രണ്ടാംദിവസം പൂപ്പല്‍ പിടിക്കുന്നു.

ലോകത്തിന്റെ ശരാശരി രുചിക്കടുത്ത് നമ്മെ ഉറപ്പിച്ചുനിര്‍ത്തുകയാണ് ആഗോള ആഹാര രസതന്ത്രം. നമ്മുടെ നാവിലെ തിരഞ്ഞെടുത്ത ചില രസമുകുളങ്ങളെ അവര്‍ ആനന്ദസാഗരത്തില്‍ ആറാടിക്കും. ബാക്കി രസമുകുളങ്ങളുടെ സാന്നിധ്യത്തെ അവ വിസ്മരിപ്പിച്ചുകളയും. 

അവരുടെ ടേസ്റ്റിനോട് ഭ്രാന്തമായ ഒരാവേശം ജനിപ്പിക്കും. ബാക്കി രസമുകുളങ്ങള്‍ ‘നിരാശാമുകുള’ങ്ങളായി മാറുന്നിടത്ത് ആഹാരക്കുത്തകകള്‍ വിജയിക്കുന്നു.

തട്ടുകടയിലെ രാമേട്ടന്റെ  ചിക്കന്‍ ഫ്രൈയ്ക്ക് നിറം കുറവായിരിക്കും. രാമേട്ടന്‍ രാവിലെ കുളിച്ച് കുറിയും തൊട്ട്, മാർക്കറ്റിൽ പോയി ചിക്കന്‍ വാങ്ങി കൂട്ടരച്ച്പുരട്ടി ഉണ്ടാക്കിയതാണ്. 

തൊട്ടടുത്ത ഫാസ്റ്റ്ഫുഡ് കടയില്‍ നേപ്പാളിപ്പയ്യന്‍ വിവിധതരം പാത്രങ്ങളില്‍ പൊടിച്ചും, അരിഞ്ഞും വെച്ച കറിക്കൂട്ടുകള്‍ അഴുക്ക് പുരണ്ട കൈകൾ കൊണ്ട്   നുള്ളി നുള്ളിയിടുന്നു. തിളച്ച എണ്ണയിലേക്ക് നനഞ്ഞ കൈ കുടയുന്നു. 

കുപ്പികളില്‍നിന്ന് എന്തൊക്കെയോ കുടഞ്ഞിടുന്നു. കാണാന്‍ എന്താരു ശേല്. നേപ്പാളി വാരിത്തേച്ചത് നിറം കൂട്ടാനുള്ള ഉരുപ്പടികളാണ്. കുടലിലും ചോരയിലും വരെ ആ നിറം പിടിക്കുമത്രെ. നേപ്പാളി പയ്യന്‍ കറിയിലേക്കെറിയുന്ന ‘ഫ്ലേവര്‍ എന്‍ഹാന്‍സ’റുകളില്‍ വിവിധതരം വിഷങ്ങളുടെ ഒരു സമ്മേളനമാണ്. അങ്ങനെ, പാവം നമ്മുടെ രാമേട്ടന്‍ കട പൂട്ടുന്നു.

അടുക്കളയില്‍ പണ്ട് കല്ലുപ്പ് സാധാരണമായിരുന്നു. ഉപ്പുചിരട്ടകളും മരവകളും   ഉണ്ടായിരുന്നു. പിന്നെ, പ്ലാസ്റ്റിക് കുട്ടകളില്‍ പൊടിയുപ്പ് വന്നു. പക്ഷേ, പ്രശ്‌നം. മഴക്കാലത്ത് കട്ടപിടിക്കുന്നു. ഉടന്‍വന്നു പരിഹാരം: കട്ടപിടിക്കാത്ത പുതിയ ബ്രാന്‍ഡ് പൊടിയുപ്പ്. മഗ്‌നീഷ്യം കാര്‍ബണേറ്റ്, സിലിക്ക ഡൈ ഓകൈ്‌സഡ് തുടങ്ങിയ കെമിക്കലുകള്‍ പാല്‍പ്പൊടിയിലും പഞ്ചസാരയിലും കാപ്പിപ്പൊടിയിലുമൊക്കെ ചേര്‍ക്കുന്നുണ്ട്. അവ അധികമായി ഉള്ളില്‍ച്ചെന്നാല്‍ അസുഖങ്ങള്‍ പാഞ്ഞുവരും.

അടുപ്പുകളുടെ രൂപമാറ്റം ആഹാരക്രമത്തെയും സ്വാധീനിച്ചു. വീടുകളില്‍ പാചകഗ്യാസ് വന്നതോടെ മീനോ,  പപ്പടമോ ഒന്നും ചുട്ടു തിന്നാനാകുന്നില്ല. പൊരിച്ചു കഴിക്കുകയാണ്. ചക്കക്കുരുവോ,  പറങ്കിയണ്ടിയോ പോലും ചുട്ടുതിന്നുന്ന ശീലം ഇല്ലാതായി.

അമേരിക്കയില്‍ നിരോധിച്ച മൈദയുടെ കേരളത്തിലേക്കുള്ള വരവ്, ഇവിടത്തെ ഭക്ഷണത്തെ താളം തെറ്റിച്ചു. ഗോതമ്പിന്റെ ഗുണാത്മകമായ ആത്മാവിനെ മാറ്റിയാല്‍ കിട്ടുന്ന ചവറാണ് മൈദ. സിനിമാ പോസ്റ്റോറൊട്ടിക്കാനും പൊറോട്ട ഉണ്ടാക്കാനും നാം ഇതിനെ ഉപയോഗിക്കുന്നു. 

കേരളത്തിലെ മിക്കവാറും ബേക്കറി ഉത്പന്നങ്ങളും ചായക്കട പലഹാരങ്ങളും മൈദാമാവുകൊണ്ട് ഉണ്ടാക്കുന്നവയാണ്.  എന്തുപറഞ്ഞാലും  “എന്താ ടേസ്റ്റ്'”  എന്നുപറഞ്ഞ് ഇതിന്റെ ഗുരുതരാവസ്ഥയെ നാം ലളിതമാക്കുകയാണ്.

കടയിലെ അച്ചാര്‍ വാങ്ങുന്ന കുട്ടി ഇതുപോലെ ഒരു കുപ്പി അച്ചാര്‍ ഉണ്ടാക്കാമോ എന്ന് അമ്മയെ വെല്ലുവിളിക്കുന്നു. അച്ചാര്‍ കമ്പനിക്കാണ് അമ്മയേക്കാള്‍ ആത്മാര്‍ത്ഥത എന്ന് കുട്ടി ചിന്തിക്കുന്നു. 

അമ്മയുടെ അച്ചാറില്‍ ബെന്‍സൊയേറ്റ്, സോഡിയം നൈട്രേറ്റ്, സള്‍ഫര്‍ ഡയോകൈ്‌സഡ് തുടങ്ങിയ രാസവസ്തുക്കളില്ല. കഷ്ടം!

തിളപ്പിച്ചാറിയ പാല്‍ പണ്ട് ഒരു ദിവസത്തേക്കൊക്കെ കേടുകൂടാതിരിക്കും. ഇന്ന് ആണവ വികിരണം വഴി പാല്‍ ദിവസങ്ങളോളം കേടുവരാതിരിക്കും. കേടാകാത്ത പഴങ്ങളും മത്സ്യമാംസാദികളും വന്നുകഴിഞ്ഞു.

 പുതിയ തലമുറ അതിനപ്പുറത്തുള്ളതിനെയും കാത്തിരിക്കുന്നു. അപ്പോഴാണൊരു പഴംപുരാണം!

Leave a Reply

Your email address will not be published. Required fields are marked *