നെരുദ ലോഡ്ജ് – ഭാഗം – 14

Spread the love

    കണ്ണൂര് കാണാൻ ഉള്ളതായി പിന്നെ ഉള്ളത് പട്ടാളക്യാമ്പിനടുത്തായി ഉള്ള പണ്ട് ടിപ്പുസുൽത്താൻ പണിത ഒരു കോട്ട ആണ്. സമയം കിട്ടുമ്പോഴൊക്കെ ഞങ്ങൾ അവിടെ പോയിരിക്കും. എൻറെ പൊട്ട ക്യാമറയിൽ ചില തട്ടുപൊളിപ്പൻ ഫോട്ടോകളുമെടുക്കും. ഷെരീഫും ഞാനും ജോജിയും ഷെഫീക്കും എല്ലാമാണ് ആ കൂട്ടത്തിൽ പ്രധാനികൾ.
   മൂന്നാം വർഷമായി ഞാനിപ്പോൾ രണ്ടാം നിലയിലാണ് താമസം. അന്തേവാസികൾ പലരും മാറി മറിഞ്ഞു. പുതുതായി വന്ന കൂട്ടത്തിൽ പെട്ടതാണ് ഞങ്ങളെക്കാൾ Super Senior ആയ സജി. 25 വയസ്സായി. എനിക്ക് 20 ഉം വയസ്സ്. ഒരുപാട് കോഴ്സുകൾ സജി പഠിച്ചിട്ടുണ്ട്. ആ കൂട്ടത്തിൽ ഫാർമസിസ്റ്റും കൂടി ആണ്. വാചാലനായി സംസാരിക്കുന്ന സജിയുടെ കഥകൾ കേൾക്കാൻ ഞങ്ങൾ ചുറ്റും കൂടുക പതിവായി.
   വർഷാവസാനത്തെ ക്ലാസ്സ് തുറന്നു. ജൂനിയേഴ്സ് ആയി കുറെയേറെ കുട്ടികൾ: ഞാൻ പതിവ് ശൈലി വിട്ട് കുറെ ഏറെ മാറി നടക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഗണത്തിൽപെട്ട ആളായതു കൊണ്ട് Junior പിള്ളാരെ തരം കിട്ടുമ്പോൾ പോയി പരിചയപ്പെടാനും അവരോട് ബന്ധം സ്ഥാപിക്കാനുമൊന്നും മിനക്കെട്ടില്ല. ക്ലാസിലുള്ള 5 എണ്ണം തന്നെ ആരോടും മിണ്ടാത്ത ടൈപ്പാണ്. അതുപോലെ തന്നെ ആയിരിക്കും അവരും. അങ്ങനെ ഉള്ളവരുടെ വായിൽ കോൽ ഇട്ട് മിണ്ടിക്കുന്നത് ഇഷ്ടമില്ലാത്ത ഒരു കാര്യമായതുകൊണ്ട് പെണ്ണുങ്ങളോട് ഞാൻ അകലം പാലിച്ചു.
3 വർഷത്തെ സ്ഥിരപരിചയം കുറെ എല്ലാം മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാക്കിയിരിക്കാം. അന്നത്തെ ദിവസം Drawing Class നടന്നത്  ഓഡിറ്റോറിയത്തിനകത്തായിരുന്നു   അന്ന് ഞാനും ഷൈമയും രാജശ്രീയും ഷൈനിയുമൊക്കെ കുറെ കാര്യങ്ങൾ സംസാരിച്ചു. 3 കൊല്ലം കഴിഞ്ഞിട്ടാണ് ഇത്രയും കാര്യങ്ങൾ ആദ്യമായി സംസാരിക്കുന്നതെന്നറിയുക. അന്നെനിക്ക് എന്നെക്കുറിച്ച് തന്നെ അഭിമാനം തോന്നി. എന്നെയും അംഗീകരിക്കുന്നവർ ഉണ്ട്.
ക്ലാസ്സ് വിട്ട് റൂമിലെത്തി: എന്താണെന്നറിയില്ല വല്ലാതെ കണ്ണിൽ നിന്നും വെള്ളം വരുന്നു. ആദ്യം ഞാൻ അത്ര കാര്യമായി എടുത്തില്ല. കണ്ണിൽ നിന്നും കുടുകുടാ… യാതൊരു വിധത്തിലുള്ള വിഷമതയോ ഒന്നും കൊണ്ടല്ല. ഇതെന്തോ Infection ആണെന്ന് തോന്നി. സമയം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കണ്ണിൽ നിന്നുള്ള വരവ് നിന്നു. ഇപ്പോൾ മുക്കിൽ നിന്നും കുടുകുടാ ജലദോഷം ഒലിച്ചിറങ്ങുന്നു. മൂക്കു ചീറ്റി ഞാൻ കഷ്ടപ്പെട്ടു. ഇതെന്ത് ജാതി അസുഖമാണെന്നോർത്ത് വേവലാതിപ്പെട്ടു. ഒരു മണിക്കൂർ കഴിഞ്ഞില്ല ദാ വരുന്നു വായിൽ നിന്ന് തുപ്പൽ കുടുകുടാ ഒഴുകി കൊണ്ടിരിക്കുന്നു. മൂക്കിൽ നിന്നുള്ളതും കണ്ണിൽ നിന്നുള്ളതും നിന്നു. ഇതെന്ത് മാരണമാണെന്ന് മനസ്സിലാകുന്നില്ല. വല്ല പ്രേതബാധയോ കൂടോത്രമോ ആണോ?. ഇങ്ങനെ ഒരു അസുഖത്തെ പറ്റി കേട്ടുകേൾവി പോലുമില്ല. വൈകുന്നേരമായപ്പോൾ ഞാനും സോജനും കൂടി തൊട്ടടുത്തുള്ള ഒരു ഡോക്ടറുടെ വീട്ടിൽ പോയി അയാളെ കണ്ടു. പറഞ്ഞു പരിചയപ്പെട്ടപ്പോൾ അയാൾ എറണാകുളം കാരൻ ആണ്. വല്ല അലർജിയോ വെള്ളത്തിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ വന്നതാകാം എന്നു പറഞ്ഞ് ഒരു ഗുളികയും ചുമയ്ക്കുള്ള മരുന്നും കുറിച്ചു തന്നു. റൂമിൽ വന്ന് മരുന്നും ഗുളികയും കഴിച്ചതു മുതൽ ഞാൻ നല്ല ഉറക്കം തന്നെ ഉറക്കം. 2 ദിവസം ക്ലാസ്സിൽ പോയില്ല. കൂട്ടുകാര് ചിലർ റൂമിൽ വന്ന് അന്വേഷണം നടത്തി. ശ്യാംജിക്ക് എന്തുപറ്റി? ബിജു K V, അനൂപ്, അനിൽ, എന്നിവർ അന്വേഷിച്ചു. എന്തെങ്കിലും സഹായം വേണമോ , ആശുപത്രിയിൽ പോയോ എന്നൊക്കെ തിരക്കി. എല്ലാം ഭേദമായി നാളെ മുതൽ ക്ലാസ്സിൽ വരുമെന്ന് ഞാൻ അറിയിച്ചു.
  ഞാൻ ക്ലാസിൽ പോകാൻ നേരത്ത് രാവിലെ രാധാകൃഷ്ണന് ചുമ ഉണ്ടെന്ന് പറഞ്ഞു. അവന് അന്ന് ക്ലാസ്സിൽ പോകാൻ കഴിഞ്ഞില്ല. അന്ന് വൈകുന്നേരം ഞാൻ ക്ലാസ്സ് വിട്ട് റൂമിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച , രാധാകൃഷ്ണന്റെ  നെറ്റിയിലൊരു പ്ലാസ്റ്റർ. മുഖത്ത് കൈയിൽ കാലിലോക്കെ പരിക്കുമുണ്ട്. കാരണമറിയാതെ ഞാൻ അന്ധാളിച്ചു. രാവിലെ മുതൽ ഇത്ര നേരമല്ലേ ആയുള്ളൂ. ഇതിനിടയ്ക്ക് എന്ത് സംഭവിച്ചു. വല്ലവരും തല്ലിയതാണോ? രാധാകൃഷ്ണനെ എടുത്ത് ആശുപത്രിയിൽ കൊണ്ടു പോയവരുടെ മുഖത്ത് പരിഭവവും നീരസവും. ചുമ മാറാൻ വേണ്ടി ഞാൻ വാങ്ങിവച്ചിരുന്ന മരുന്ന് ബാക്കി ഉണ്ടായിരുന്നത് രാധാകൃഷ്ണൻ എടുത്ത് കുടിച്ചു അത്രേ !
അവൻ ഉറക്കം തൂങ്ങി രണ്ടാം നിലയുടെ മുകളിൽ നിന്ന് തലയും കുത്തി ഉരുണ്ടുരുണ്ട് താഴെ  വീണെന്ന്…. ഞാൻ നെഞ്ചിൽ കൈവെച്ച് ഞെട്ടിത്തരിച്ചു പോയി.ഒരു ചുമയുടെ മരുന്ന് വരുത്തിവച്ച വിനയോ? ഏതായാലും കാര്യമായി ഒന്നും സംഭവിച്ചില്ലല്ലോ? വല്ല കയ്യോ കാലോ ഒടിയുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ….
   ഷിജു അധികം നാൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ല കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ അവൻ നെരുദ ലോഡ്ജിനോട് വിട പറഞ്ഞു: ചെമ്പേരിയിലെ തോമസിന് പട്ടാളത്തിൽ Selection കിട്ടി, അവനും എന്നോട് വിട പറഞ്ഞു. കൂട്ടുകാർ ഓരോരുത്തരായി പിരിയുകയാണ്. ഞാൻ Senior ആയി. അങ്ങനെ ഇരിക്കെ ഒരു ശനിയാഴ്ച സമയം രാവിലെ 9 മണി: രാവിലത്തെ കഞ്ഞി കുടി കഴിഞ്ഞ് ഞാൻ പാത്രങ്ങൾ കഴുകി വയ്ക്കുകയായിരുന്നു. അകലെ നിന്ന് മൂന്ന് പേരടങ്ങുന്ന ഒരു സംഘം നടന്നു വരുന്നത് ഞാൻ രണ്ടാം നിലയിൽ നിന്ന് കണ്ടു. മാന്യമായ വസ്ത്രധാരണം ചെയ്തിട്ടുണ്ട്. ഇവിടെയെങ്ങും മുമ്പ് കണ്ടിട്ടില്ല. 

തുടരും

Leave a Reply

Your email address will not be published. Required fields are marked *