എറണാകുളം ജില്ലയിൽ ആലുവ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ കടുങ്ങല്ലൂർ എന്ന സുന്ദരഗ്രാമ പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കടുങ്ങല്ലൂർ ശ്രീ നരസിംഹ സ്വാമി ക്ഷേത്രം. ഉഗ്ര ഭാവത്തിൽ ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്ന നരസിംഹമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. 6 അടി ഉയരമുള്ള ചതുർബാഹുവായ വിഗ്രഹം മഹാവിഷ്ണുവിന്റേതാണ്. ഏകഛത്രാധിപതി ഭാവത്തിലാണ് വാഴുന്നത്. മതിൽ കെട്ടിനകത്ത് അതിനാൽ തന്നെ ഉപദേവതമാരാരും ഇല്ല. മതിലിന് പുറത്ത് മഹാവിഷ്ണുവിന്റെയും പാർത്ഥസാരഥിയുടെയും കൊച്ചമ്പലങ്ങൾ ഉണ്ട്. ത്രേതായുഗത്തിൽ ജടായുവിന് വെട്ടേറ്റ് നടുഭാഗം വീണ സ്ഥലമാണിത് എന്നാണ് വിശ്വാസം. വായ് വീണത് ആലുവായിലും വാല് വീണത് തിരുവാലൂരും ആണ് എന്നാണ് ഐതീഹ്യം.
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. പേരു പോലെ തന്നെ സിംഹത്തിന്റെ മുഖവും മനുഷ്യന്റെ ഉടലുമാണ് ഈ അവതാരത്തിന്റെ പ്രത്യേകത.കൃതായുഗത്തിലെ ഭഗവാന്റെ നാല് അവതാരങ്ങളിൽ ഏറ്റവും അവസാനത്തെയാണ് നരസിംഹാവതാരം. ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂർത്തി. പ്രഹ്ലാദന്റെ വിളികേട്ട നിമിഷം തന്നെ തൂണ് പിളർന്നു നരസിംഹമൂർത്തി പ്രത്യക്ഷനായല്ലോ.നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്‌വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴിൽ വിവാഹ തടസ്സങ്ങൾ നീങ്ങും. തുളസിമാല സമർപ്പണം മറ്റൊരു പ്രധാന വഴിപാടാണ്. ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്. പഞ്ചഭൂതങ്ങളിൽ വായുദേവന്റെ നാളായ ചോതിനക്ഷത്ര ദിവസം നരസിംഹക്ഷേത്ര ദർശനം നടത്തുന്നത് വിശിഷ്ടമാണ് .അകാരണഭയമകറ്റാനും ദുരിതമോചനത്തിനും ഈ മന്ത്രം പതിവായി മൂന്ന് തവണയെങ്കിലും ചെല്ലുന്നത് ഉത്തമമാണ്. നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാൽ ആ സമയത്ത് ഭക്തിയോടെ നരസിംഹമൂർത്തി മന്ത്രം ചൊല്ലുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും ഇരട്ടിഫലം നൽകുമെന്നാണ് വിശ്വാസം
നരസിംഹമൂർത്തി മന്ത്രം …
ഉഗ്രവീരം മഹാവിഷ്ണും…… ജ്വലന്തം സർവ്വതോ മുഖം…
നൃസിംഹം ഭീഷണം ഭദ്രം ……. മൃത്യു മൃത്യും നമാമ്യഹം….
പകൽ പൂരം
ആലുവ മഹാക്ഷേത്രത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ പടിഞ്ഞാറായും തിരുവാലൂർ മഹാദേവക്ഷേത്രത്തിൽ നിന്നും മൂന്നു കിലോമീറ്റർ കിഴക്കുമായും ഒരേ രേഖയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കടുങ്ങല്ലൂർ ശ്രീ നരസിംഹ സ്വാമി ക്ഷേത്രം.
എറണാകുളം പട്ടണത്തില്‍ നിന്നും ഏകദേശം 20 കിലോ മീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് ആലുവ-പറവൂർ വഴിയും എറണാകുളം കണ്ടെയ്നർ റോഡ്-പാതാളം- മുപ്പത്തടം വഴിയും എത്തിച്ചേരാം.കടുങ്ങല്ലൂർക്കര,തോട്ടക്കാട്ടുകര,ഏലൂക്കര, കയന്റിക്കര തുടങ്ങി കടുങ്ങല്ലൂർ ദേവസ്വം വക ഭൂമിയാണ് ഈ കരയിൽ ഉള്ളതെല്ലാം. അതിനാൽ തന്നെ മേൽപ്പറഞ്ഞ കലകളുടെ ദേശാധിപത്യമുള്ള ക്ഷേത്രമാണിത്. മതിൽക്കകത്ത് യാതൊരു ഉപദേവന്മാരുമില്ലാതെ വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ ഏക ഛത്രാധിപതിയായി, സർവാഭീഷ്ടപ്രദാനിയായി വാണരുളുന്ന ഉഗ്ര ഭാവത്തിൽ ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്ന നരസിംഹമൂര്‍ത്തി എന്നതും ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഉപദേവതാ പ്രതിഷ്ടകള്‍ ഇല്ലെങ്കിലും നരസിംഹ സ്വാമിയോളം തന്നെ തുല്യ പ്രാധാന്യത്തോടെ മഹാവിഷ്ണുവിന്റെയും പാര്‍ത്ഥസാരഥിയുടേയും വിഗ്രഹങ്ങള്‍ പ്രത്യേകം ശ്രീകോവിലുകളില്‍ ഇവിടെ പ്രതിഷ്ടിച്ചിട്ടുണ്ട്.തിരുവിതാംകൂർ മഹാരാജാവായിരുന്ന വീരമർത്താണ്ഡവർമ്മയുടെ കാലത്ത് കൊച്ചിരാജ്യത്ത് സാമൂതിരി കയ്യടക്കി വെച്ചിരുന്ന പ്രദേശങ്ങൾ ഒഴിപ്പിച്ചു നൽകിയതിന് പ്രത്യുപകാരമായി കൊച്ചി രാജാവ് തിരുവിതാംകൂറിലേക്ക് വിട്ടു കൊടുത്തതാണ് ആലങ്ങാടും പറവൂരുമെന്നു ചരിത്ര രേഖകളിൽ കാണാം. ആലങ്ങാട്ടു ദേശത്തെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണിത്. തുടർന്ന്, ഐക്കരക്കാട് എന്ന സ്ഥലത്ത് നില നിന്നിരുന്ന ക്ഷേത്രം അന്നത്തെ ഉടമസ്ഥർക്ക് ഭരിക്കാൻ സാധിക്കാതിരുന്നതിനാൽ കൊച്ചി രാജ്യത്തിൽ തന്നെയുള്ള നാല് നമ്പൂതിരി കുടുംബങ്ങളിൽ (ഊരാണ്മ) നിക്ഷേപാധികാരം എല്പ്പിച്ചതിനെ തുടര്‍ന്ന്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ വിഖ്യാതമായ നരസിംഹ സ്വാമി ക്ഷേത്രം. ഐക്കര നിന്നും വിഗ്രഹം ആലങ്ങാട്ടെത്തിച്ചത് തോണിയിലൂടെ ജലമാർഗം വഴിയായിരുന്നു. വിഗ്രഹത്തിനു വെയിലോ മഴയോ ഏൽക്കാതെ ശ്രീമണിക്കുട ( രത്നക്കുട) ചൂടിച്ചു കൊണ്ട് വന്നവരെ ശ്രീമണിക്കോടനെന്നും ( ഇന്ന് – ചങ്ങിണിക്കോടൻ ) ക്ഷേത്രം വക ഭണ്ഡാരം തോണിയിൽ സുരക്ഷിതമായി എത്തിച്ചവരെ തോണിക്കർ എന്നും വിളിക്കുന്നു. ഇന്നും ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളിലും മറ്റും ക്ഷേത്ര മതിൽക്കെട്ട് വിട്ടിറങ്ങുന്ന ദേവന് കുടപിടിക്കുന്നതും ഭണ്ഡാരം ചുമക്കുന്നതും ഇതേ കുടുംബക്കാർ തന്നെയാണ്.മീനമാസത്തിലെ അവസാന ദിവസം വൈകിട്ട് കൊടി കയറി, മേടം ഒന്നിന് വിഷുക്കണി കണ്ടതിന് ശേഷം ഉത്സവം തുടങ്ങുന്നു. എട്ടാം നാൾ ആറാട്ട്. സ്വന്തം ഭൂമിയിൽകൂടി മാത്രം നടന്നു അന്യഭൂമിയിൽ ചവിട്ടാതെയാണ് ആറാട്ട് നടത്തുക എന്നതാണ് ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത.ഉത്സവദിവസങ്ങളിൽ ഊരാണ്മ ഗൃഹങ്ങളിലേക്ക് അഹസ്സിനെഴുന്നള്ളിപ്പും പറയെടുപ്പും നടക്കും. മാവൽശ്ശേരി മന , മുല്ലപ്പിള്ളി മന, എലപ്പിള്ളി മന, മാവേലിമന തുടങ്ങിയ ഊരാണ്മക്കാരുടെ ഇല്ലങ്ങൾ ക്ഷേത്രത്തിന്റെ തൊട്ടടുത്ത് തന്നെയാണ്. പുരാതനമായ തിരുവാലൂർ മേജർ മഹാദേവ ക്ഷേത്രത്തിലെ ആറാടിവരവും കൊടിപ്പുറത്തുവിളക്കും ഏഴു ദിവസത്തെ ഉത്സവവും ഇവിടെ വിശേഷമാണ്.എല്ലാ വര്‍ഷവും മേടത്തിലെ പുണര്‍തം നക്ഷത്രത്തില്‍ ക്ഷേത്ര പുനഃ പ്രതിഷ്ടദിനമായി ആഘോഷിക്കപ്പെടുന്നു.കടുങ്ങല്ലൂർദേവസ്വം ട്രസ്റ്റ് ആണ് ക്ഷേത്രഭരണം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടും ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരിയുമാണ് .