ഇന്ത്യൻ ചലച്ചിത്ര പിന്നണിഗായികമാരിൽ മുൻനിരക്കാരിലൊരാളായി തിളങ്ങിനിൽക്കുന്ന ചിത്രയെന്ന മലയാളിയുടെ വാനമ്പാടിയ്ക്ക് അറുപതാം പിറന്നാൾ ആശംസകൾ. ചിത്രയെന്ന ഗായിക നാല് പതിറ്റാണ്ടിലേറെയായി ആലാപനം തുടരുകയാണ്. വിവിധ ഭാഷകളിലായി 25,000 ലേറെ ഗാനങ്ങൾ ആലപിച്ചുകഴിഞ്ഞു, അതിൽ ലാറ്റിനും അറബിയും ഇംഗ്ലീഷും മലായും ഫ്രഞ്ചും ഉൾപ്പെടുന്നുണ്ട് എന്നതാണ് നമ്മുടെ അഭിമാനം. ലളിതസംഗീതമേഖലയിൽ മാത്രമല്ല ശാസ്ത്രീയസംഗീതത്തിലും തികവുറ്റ പ്രതിഭയാണ് . മലയാളിയുടെ സംഗീതഭാവുകത്വത്തെ വളർത്തിയെടുക്കുന്നതിൽ അസാമാന്യമായ സംഭവനകളാണ് ചിത്ര നൽകിയത്. മലയാളത്തിനു പുറമേ നിരവധി ഭാഷകളിൽ ഗാനങ്ങളാലപിച്ചുകൊണ്ട് രാജ്യം മുഴുവൻ കേരളത്തിൻ്റെ യശസ്സ് ഉയർത്താൻ ചിത്രയ്ക്ക് സാധിച്ചു. ജന്മദിനമാഘോഷിക്കുന്ന ഈ വേളയിൽ നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. ചിത്രയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു . ജീവിത കഠിനതകൾക്ക് മുന്നിൽ വരണ്ടുപോയ മനസ്സിനെ ഊർവ്വരമാക്കുന്ന നാദസാന്നിധ്യം. ആകെയിരുണ്ട് തണുത്ത് തളർന്ന ജീവിതത്തിലെ എല്ലാ ദുഃഖങ്ങളെയും മറവിയിലാഴ്ത്താൻ ആശബ്ദമാധുര്യത്തിന് കഴിയുന്നു. കാര്യം ഇങ്ങനെ എല്ലാം ആണെങ്കിലും എന്റെ പ്രിയ ഗായിക എസ ജാനകി ‘അമ്മ തന്നെ . അതിനു അതിന്റേതായ, എന്റേതായ കാരണങ്ങളും ഉണ്ട് . ഞാനും ഒരു സംഗീത പ്രേമി ആണ് . ജാനകി അമ്മയുടെ ആലാപനത്തിൽ ഉള്ള പല കാര്യങ്ങളും സംഗതികളും ചിത്രയുടെ ആലാപനത്തിൽ കാണുന്നില്ല എന്നതാണ് എന്റെ കണ്ടു പിടുത്തം .

ചിത്ര എന്നാൽ പുഞ്ചിരിക്കുന്ന മുഖമാണ് മലയാളിയുടെ മനസിൽ നിറയുന്നത്, ശ്രോതാക്കളുടെ കർണ്ണപുടങ്ങളിൽ രോമാഞ്ച ജനകമായ അനുഭൂതി പകർന്ന ശബ്ദമാധുര്യത്തിന്റെ ഉടമയും മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമായ വാനമ്പാടി കെ എസ് ചിത്രക്ക് ഒരിക്കൽ കൂടി ഹൃദയംഗമമായ പിറന്നാള്‍ ആശംസകള്‍ നേരുന്നു