CBSE : 2026-27 മുതൽ 9-ാം ക്ലാസിലേക്കുള്ള ഓപ്പൺ-ബുക്ക് പരീക്ഷകൾക്ക് അംഗീകാരം നൽകി CBSE

Kendriya Vidyalaya NAD Aluva Kalamassery, Ernakulam
Spread the love

CBSE Officially approves open book assessments for class 9 starting from 2026-27 academic session

സിബിഎസ്ഇ 9-ാം ക്ലാസിൽ ഓപ്പൺ ബുക്ക് പരീക്ഷ

ജൂണിൽ നടന്ന സിബിഎസ്ഇ ഗവേണിങ് ബോഡി യോഗത്തിൽ നിർദേശം പ്രാഥമികമായി അംഗീകരിച്ചിരുന്നെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു .

ന്യൂഡൽഹി • രാജ്യത്തെ സിബി എസ്ഇ സ്കൂളുകളിൽ 9-ാം ക്ലാസിൽ അടുത്ത അധ്യയന വർഷം മുതൽ ഓപ്പൺ ബുക്ക് പരീക്ഷാ രീതി നടപ്പാക്കും. ഭാഷ, കണക്ക്, സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ പീരിയോഡിക്കൽ ടെസ്റ്റിൽ ഉൾപ്പെടെ രീതി ഉൾപ്പെടുത്തും. ടേം, വാർഷിക പരീക്ഷകൾ ഇത്തരത്തിലാകുമോയെന്നു വ്യക്തമല്ല. പാഠപുസ്തകത്തിലെ വിവരങ്ങളിൽ നിന്നുള്ള പരോക്ഷമായ ചോദ്യങ്ങളാകും ഈ രീതിയിൽ ഉണ്ടാകുക. പുസ്തകത്തിൽ പലയിടങ്ങളിലായാകും ഇതിന്റെ ഉത്തരങ്ങൾ. ചോദ്യങ്ങൾ വിശകലനം ചെയ്ത് പുസ്തകത്തിന്റെ സഹായത്തോടെ ഉത്തരം കണ്ടത്താം. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലെ ശുപാർശ അനുസരിച്ചാണു നീക്കം.


ഓപ്പൺബുക്ക് പരീക്ഷയ്‌ക്കായി വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ, ക്ലാസ് നോട്ടുകൾ, ലൈബ്രറി പുസ്തകങ്ങൾ എന്നിവ റഫറൻസിനായി പരീക്ഷാഹാളിൽ കൊണ്ടുപോകാം . ചോദ്യങ്ങൾക്ക് ഇവയിൽ നിന്നുള്ള വിവരം നോക്കി അപഗ്രഥിച്ച് ഉത്തരമെഴുതാം . ഓർമശക്തി പരിശോധിക്കുന്നതിന് പകരം, വിവരങ്ങൾ ഉപയോഗിക്കാനുള്ള കഴിവ്, ആശയങ്ങൾ മനസ്സിലാക്കുക, യഥാർഥ ജീവിത സാഹചര്യങ്ങളിൽ അവ പ്രയോഗിക്കുക എന്നിവയാണ് പരീക്ഷകൾ.ഇതിന്റെ സുഗമമായ നടത്തിപ്പിന് സിബിഎസ്ഇ ഓപ്പൺ-ബുക്ക് പരീക്ഷകൾക്കായി വിശദമായ ചട്ടക്കൂട്, മാർഗനിർദേശങ്ങൾ, മാതൃകാ ചോദ്യപേപ്പറുകൾ എന്നിവ നൽകും . വിമർശനാത്മക ചിന്ത വളർത്താനും ആശയങ്ങൾ യഥാർത്ഥ ലോകത്ത് പ്രയോഗിക്കാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കാനും വിദ്യാർത്ഥികളിൽ പരീക്ഷാ സംബന്ധമായ സമ്മർദം ലഘൂകരിക്കാനുമാണിത്. തുടക്കത്തിൽ മൂല്യനിർണയം എല്ലാ സ്കൂളുകൾക്കും നിർബന്ധമാക്കാൻ സാധ്യതയില്ല, സ്കൂളുകൾക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്യം നൽകും.

        ഓപ്പൺ ബുക്ക് പരീക്ഷയിൽ ആശയങ്ങൾ മനസിലാക്കുന്നതിനും വിലയിരുത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമാണു പ്രാധാന്യം. വിദ്യാർഥികളുടെ നൈപുണ്യശേഷി, പ്രശ്‌ന പരിഹാരശേഷി, വിമർശനാത്മകവും സമ്പുഷ്ടവുമായ ചിന്താരീതി എന്നിവയെല്ലാം പരീക്ഷിക്കപ്പെടും. അതിനാൽത്തന്നെ നേരിട്ട് ഉത്തരം ലഭിക്കുന്ന ചോദ്യങ്ങളാവില്ല കുട്ടികൾക്ക് നൽകുക. പകരം പാഠഭാഗങ്ങളുടെ സഹായത്തോടെ ഉത്തരങ്ങൾ സ്വയം കണ്ടെത്തേണ്ടിവരും. ഫലത്തിൽ കാണാപ്പാഠം പഠിക്കുന്നതിനെക്കാൾ പാഠപുസ്തകത്തിലെ മുഴുവൻ ഭാഗങ്ങളെക്കുറിച്ചും സമഗ്രമായ അറിവു വേണ്ടിവരുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു

        സിബിഎസ്ഇ 2014-15 ലും 2016-17 ലും ഇടയിൽ, 9, 11 ക്ലാസ്സുകൾക്കായി ഓപ്പൺ ടെക്സ്റ്റ് പരീക്ഷ നടത്തിയിരുന്നു. എന്നാൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചതിനെ തുടർന്ന് ഇത് പിന്നീട് നിർത്തലാക്കി. 11, 12 ക്ലാസുകളിൽ ഇംഗ്ലീഷ്, ഗണിതം, ജീവശാസ്ത്രം എന്നിവയിൽ പരീക്ഷിച്ചു. വിദ്യാർത്ഥികളുടെ പ്രകടനം, സമയ മാനേജ്മെന്റ്, പങ്കാളികളുടെ പ്രതികരണം എന്നിവ അളക്കുക എന്നതാണ് പൈലറ്റ് ലക്ഷ്യം. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഡൽഹി യൂണിവേഴ്സിറ്റിയെ സമീപിക്കാനും ജൂൺ മാസത്തോടെ പരീക്ഷണ പരീക്ഷയുടെ രൂപകൽപന പൂർത്തിയാക്കാനുമാണ് സിബിഎസ്ഇയുടെ നീക്കം. കോവിഡ് -19 ന്റെ കാലത്ത് ഡൽഹി യൂണിവേഴ്സിറ്റി ഓപ്പൺ ബുക്ക്‌ പരീക്ഷകൾ നടത്തിയിരുന്നു.



Leave a Reply

Your email address will not be published. Required fields are marked *