ഒമ്പത് വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു വീട് പണിയാൻ തുടങ്ങി.അതിനും ആറ് വർഷം മുന്നേ ഞാൻ വാങ്ങിയ ആ സ്ഥലത്ത് ഒരു ഓട് വീട് ഉണ്ടായിരുന്നു അതിലായിരുന്നു താമസിച്ചിരുന്നത്. അത് പൊളിക്കണം.

ഓട് വീടാണേലും മൂന്ന് ബഡ്റുമുകളുള്ള സുന്ദര വീടാണേ.അതിനേക്കാളുപരി ചുറ്റിനും ഞാൻ നട്ട മരങ്ങളോട് വല്ലാത്ത ഇഷ്ടവും. ജെ സി ബി കൊണ്ടെ പൊളിക്കാൻ കഴിയൂ എട്ട് സെന്റിൽ മതിൽ കെട്ടിനോട് ചേർന്ന് ഒരു സൈഡിൽ റം ബുട്ടാൻ ചുവന്നത് മറ്റേ ഭാഗത്ത് മഞ്ഞ നിറത്തിലുള്ളതും. കായ് പിടിച്ച് കളറു കേറിയാൽ കുല കുലയായ് അതങ്ങനെ തൂങ്ങി കെടക്കണ കണ്ടാല് തൃശുർ പൂരത്തിന് അമിട്ട് വിരിയണ ചന്താ. പിന്നെ സപ്പോട്ടയും സ്റ്റാർ ഫ്രൂട്ടും ഒരിക്കൽ ഒരു ചുളയെങ്കിലും തിന്നാൽ ജീവിതത്തിൽ മറക്കാത്ത തേനൂറുന്ന രുചിയുള്ള ഒരു തുടവണ്ണമുള്ള തേൻവരിക്കപ്ലാവും ചില്ലകൾ വിരിച്ച് ഒരു പാട് ഫലങ്ങൾ എനിക്കും പറവകൾക്കും തന്ന് തണലേകി നിൽക്കാ. എന്തായാലും നാളെ വീട് പൊളിക്കും ഞാനീ മരങ്ങളേ പോറലേൽക്കാതിരിക്കാൻ വെത്യസ്ത വണ്ണത്തിലുള്ള പിവിസി പൈപ്പുകൾ വാങ്ങി എല്ലാത്തിനേയും പൊതിഞ്ഞുകെട്ടി.പിറ്റേന്ന് തന്നെ പൊളി തുടങ്ങി മരങ്ങൾക്ക് ഒന്നും തന്നെ പരിക്ക്പറ്റാതേ വീട് അശേഷം പൊളിച്ചു മാറ്റി.

രണ്ട് ദിവസത്തിനുള്ളിൽ വീട് പണി തുടങ്ങി. തറ തുടങ്ങി ചുവരു പണിത് മെയിൻ വാർക്കയും , അതിവേഗം അങ്ങനെ മുന്നോട്ടു പോകവേ പലരും പല ഘട്ടങ്ങളായീ പറഞ്ഞിരുന്നു നിങ്ങൾ വീടിനു മുന്നിലായി ഒരു പൈക്കോലം വക്കണം ട്ടോ കണ്ണേറുപറ്റാതിരിക്കാനാ.

പലരും പണിയുന്ന വീടിനു മുന്നിൽ അങ്ങനെ പലതും വച്ച് കണ്ടിട്ടുണ്ട് .എന്തോ എനിക്കതിലൊന്നും വല്യ വിശ്വാസമൊന്നുമില്ലാത്തതിനാൽ ഞാനത് കാര്യമായെടുത്തില്ല.രണ്ടാം നിലയുടെ പാര പറ്റിന്റെ പണി നാളെ തുടങ്ങും വർക്ക് ഫിനിഷിങ്ങ് സ്റ്റേജിലാണ് .കരാറു കൊടുത്തതാണേലും നനക്കലും മറ്റും ഞാനാണ് ചെയ്യാറ് അവരുടെ നന ഒരു പ്രഹസനമായേ എനിക്ക് തോന്നാറൂ. പണിതീരുന്ന വീടിനെ കുറിച്ചോർക്കുമ്പോൾ സന്തോഷത്തിന്റെ അതി മുഹൂർത്തങ്ങളുടെ വേലിയേറ്റങ്ങൾ…മഴവില്ലു പൊട്ടിവീണ തിരമാലകളിലെ തിരകൾക്ക് മഴവില്ലിനേക്കാൾ ശോഭയുള്ളത് പോലേ. പതിവുപോലെ നനച്ച് വീടിനു പുറത്തിറങ്ങി അതിന് തൊട്ടടുത്തെടുത്ത വാടക വീട്ടിലേക്ക് ഞാൻ തിരികെ പോകുമ്പോൾ ചക്രവാളത്തിലെ അസ്തമയ സൂര്യന് എന്തേ ഇന്ന് ഒരു വിഷാദ ഭാവം.. അതോ എന്റെ തോന്നലോ.. ജോലി പരമായ ക്ഷീണമുള്ള തിനാൽ അൽപം നേരത്തെ തന്നെ അന്ന് കിടന്നുറങ്ങി..

നേരം വെളുത്തതറിയിച്ചു കൊണ്ട് അപ്പുറത്തേ വീട്ടിലെ അപ്പുമോൻ വളർത്തുന്ന ലൗ ബേർഡുകൾ കലപില ശബ്ദമുണ്ടാക്കുന്നു.. ഞാൻ പതിയെ കട്ടിലിൽ നിന്നെണീക്കുന്നു.. പറ്റുന്നില്ല … പിന്നെയും ശ്രമിച്ചു കഴിയുന്നില്ല.. ദൈവമേ എന്താണിത് സർവ്വ ശക്തിയും സംഭരിച്ച് ഞാനെഴുന്നേൽ നോക്കി വലിയൊരു ശബ്ദത്തോടെ കട്ടിലിൽ നിന്നും താഴേക്ക് വീണു. ഒച്ച കേട്ട് എല്ലാവരും ഓടി വന്നു ആർക്കും എന്നെ താങ്ങാൻ കഴിയുന്നില്ല. ആറടിക്ക് രണ്ടിഞ്ച് കുറവുള്ള മറ്റ് ഒരസുഖവുമില്ലാത്ത ഞാൻ ശരീര ബാലൻസ് നഷ്ടപ്പെട്ട് ഏതാണ്ട് രണ്ട് മാസത്തോളം കിടപ്പിലായിപ്പോയി.. ഇനി പറയൂ റീഡേഴ്സ് എന്താണിത്.. ഇതാണോ കണ്ണേറ്.

കിടപ്പിലായ ആ ദിവസങ്ങളെ ഓർമപെടുത്താനെന്നവണ്ണം മുകളിലേ ചുമരുകളും പാര പെറ്റും ഇന്നും വിള്ളലോടെ നിൽക്കുന്നു.. ശുഭം …