കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളിൽ മിന്നൽ ചുഴലി: വൻനാശനഷ്ടം, 2 വീടുകൾ പൂർണമായും നശിച്ചു . വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. വീടുകളിലേക്കും റോഡിലേക്കും മരങ്ങൾ കടപുഴകി വീണ് വലിയ നാശനഷ്ടമുണ്ടായി.
കറുകുറ്റി പള്ളിയങ്ങാടി തെക്കേ കപ്പോള ഭാഗത്ത് ചുഴലിക്കാറ്റ് മൂലം വൻ നാശനഷ്ടം . കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളിൽ മിന്നൽ ചുഴലി.അപ്രതീക്ഷിതമായി ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വൻനാശനഷ്ടം.2 വീടുകൾ പൂർണമായും നശിച്ചു. പത്തിലേറെ വീടുകൾക്കു ഭാഗികമായും നാശനഷ്ടമുണ്ടായി. കാർഷികമേഖലയിലാണു ലക്ഷങ്ങളുടെ നഷ്ടമുണ്ടായത്. വലിയശബ്ദത്തോടെയും പൊടിപടലങ്ങൾ ആകാശത്തേക്ക് വട്ടത്തിൽ ഉയർത്തിയുമാണു കാറ്റ് വീശിയത്. കാറ്റിൽ മരങ്ങൾ കടപുഴകി വീണു.മരങ്ങൾ വീണ് വീടുകൾക്കു കേടുപാടുകൾ സംഭവിച്ചു. വൈദ്യുതക്കാലുകൾ മറിഞ്ഞുവീണു. ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു ചുഴലിക്കാറ്റ് വീശിയത്. 2 മിനിറ്റ് മാത്രം നീണ്ടുനിന്ന ചുഴലിക്കാറ്റിൽ വൻകൃഷിനാശമുണ്ടായി.കറുകുറ്റി പഞ്ചായത്തിലെ 13–ാം വാർഡിൽ എസ്ഡി കോൺവന്റിനു സമീപത്തു നിന്നു തുടങ്ങി കിഴക്കോട്ടേക്ക് വീശി ഞാലൂക്കര ഓഞ്ഞാടം ക്ഷേത്രത്തിനു സമീപത്ത് മൂക്കന്നൂർ പഞ്ചായത്തിലേക്കു കടന്നു.കരിയിലകൾ വട്ടം കറങ്ങി മുകളിലേക്കുയർന്നു. കൂട്ടാല ക്ഷേത്രം വരെയുള്ള ഭാഗം വരെ ഏകദേശം 200 മീറ്റർ വീതിയിലാണു ചുഴലിക്കാറ്റ് വീശിയത്. കാറ്റ് വീശിയ ഭാഗത്തെ ചെറുമരങ്ങൾ ഉൾപ്പെടെ കാറ്റിൽ നിലംപൊത്തി. വൈദ്യുതക്കാലുകൾ ഒടിഞ്ഞുവീണതിനാൽ പലയിടത്തും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കറുകുറ്റി പഞ്ചായത്തിലെ 14,15 വാർഡുകളിലും മൂക്കന്നൂർ പഞ്ചായത്തിലെ എട്ടാം വാർഡിലുമാണ് കാറ്റ് നാശം വിതച്ചത്.

ചുഴലിക്കാറ്റിൽ മൂക്കന്നൂർ ഒൻപതാം വാർഡ് പള്ളിപ്പടിയിൽ കാറ്റിൽ നിലംപൊത്തിയ മാടശേരി ജോയിയുടെ വീടിനു മുന്നിലെ ഷീറ്റുമേഞ്ഞ ഭാഗം
ഓണത്തിനു വിളവെടുക്കാൻ ലക്ഷ്യമിട്ട ആയിരക്കണക്കിന് വാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. ജാതി, പ്ലാവ് തുടങ്ങിയവയും നശിച്ചു.കറുകുറ്റി എസ്ഡി കോൺവന്റിലെ ജാതി, തേക്ക്, വാഴ, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങൾ നശിച്ചു.കോൺവന്റിന്റെ ഒന്നരയേക്കറോളം വരുന്ന പറമ്പിലെ ഭൂരിഭാഗം മരങ്ങളും കാറ്റിൽ നിലംപൊത്തി. പള്ളിയങ്ങാടി സിസിലി പൈനാടത്തിന്റെ വീട്ടിലെ ജാതിമരങ്ങളിലേക്ക് വൈദ്യുതക്കാൽ വീണു.പള്ളിയങ്ങാടി സെന്റ്മേരീസ് കപ്പേളയുടെ ഷീറ്റുകൾ നശിച്ചു.ലില്ലി വിതയത്തിലിന്റെ വീടിന്റെ മുകളിലെ ഷീറ്റുകൾ പറന്നുപോയി, മാർട്ടിൻ പാലാട്ടിയുടെ ജാതികളും ഇരുപത്തഞ്ചോളം വാഴകളും തെങ്ങും നശിച്ചു.പള്ളിയങ്ങാടിയിൽ തോമസ് എന്ന കർഷകന്റെ 1500 വാഴകൾ കാറ്റിൽ നിലംപൊത്തി.
മരം വീണ് പള്ളിപ്പാട്ട് ജോർജിന്റെ വീടിന്റെ പിൻഭാഗത്ത് സൺഷേഡിനു കേടുപാടുകൾ സംഭവിച്ചു. പതിനഞ്ചാം വാർഡിൽ ഓഞ്ഞാടം ഓണോണി സതീഷ് ശിവന്റെ വീടിന്റെ ഒരുവശത്തേക്ക് ജാതി മരം വീണു ഷീറ്റുകൾക്കു നാശം സംഭവിച്ചു. ചാലപ്പുറം ക്ഷേത്രത്തിനു മുകളിലേക്ക് മരം വീണു കേടുപാടുകൾ സംഭവിച്ചു.മനപ്പിള്ളി പുരുഷോത്തമന്റെ വീടിനു മുകളിലേക്കു ജാതി മരം വീണു വീടിന്റെ ഭിത്തിക്കു തകരാർ സംഭവിച്ചു. കുമാരി നമ്പ്യാട്ടിന്റെ വീടിനു മുകളിലേക്ക് ആഞ്ഞിലിമരം വീണ് വീടിനു കേടുപാടുകൾ പറ്റി.ഓടിട്ട വീടിന്റെ പട്ടികകളും കഴുക്കോലും ഒടിഞ്ഞു.ഭിത്തിക്കു തകരാർ പറ്റി. രാജേഷ് അത്തിക്കാപ്പിള്ളിയുടെ വീടിന്റെ മുകളിൽ പാകിയിരുന്ന ഓടുകൾ പറന്നുപോയി.പ്രമോദ് അത്തിക്കാപ്പിള്ളിയുടെ വീടിനു മുകളിലേക്കു കശുമാവ് മറിഞ്ഞു വീണു.
തങ്കപ്പൻ അത്തിക്കാപ്പിള്ളിയുടെ വീടിനു മുകളിലേക്ക് 3 ജാതിമരങ്ങൾ വീണു.പാലിശേരി നമ്പ്യാട്ട് അപ്പുവിന്റെ വീടിന്റെ ഷീറ്റുമേഞ്ഞ ഭാഗത്ത് തെങ്ങുവീണു. പാലിശേരി നമ്പ്യാട്ട് പുരുഷോത്തമന്റെ കാർപോർച്ചിലേക്കു പുളിമരം വീണു ഷീറ്റുമേഞ്ഞ കാർപോർച്ച് തകർന്നു. പാലിശേരി നമ്പ്യാട്ട് രാമകൃഷ്ണന്റെ വീടിനു മുകളിലേക്ക് ജാതി കടപുഴകി വീണു. പുതുശേരി തോമസിന്റെ വീടിന്റെ മുകളിൽ പാകിയ ഓടുകൾ കാറ്റിൽ പറന്നുപോയി.സീലിങ്ങിനും കേടുപാടുകൾ സംഭവിച്ചു. അത്തിക്കാപ്പിള്ളി പ്രഭാകരന്റെ വീടിന്റെ മുകളിലെ ഓടുകൾക്കു നാശം സംഭവിച്ചു. കണ്ടായത്ത് അശോകന്റെ വീടിന്റെ മുകളിലേക്കു തേക്കു വീണു നാശം സംഭവിച്ചു. പൂങ്കുഴി ഐക്കര കൃഷ്ണകുമാറിന്റെ വീടിനു മുകളിലേക്കു പ്ലാവ് വീണു നാശനഷ്ടമുണ്ടായി.ചക്യത്ത് സെബാസ്റ്റ്യന്റെ 40തേക്കുമരങ്ങൾ കാറ്റിൽ നിലംപൊത്തി. പാറപ്പുറത്ത് സന്തോഷ്, ഭഗവതിപ്പറമ്പിൽ വിനോദ് എന്നിവരുടെ ജാതിമരങ്ങൾ കാറ്റിൽ കടപുഴകി വീണു. വിനോദിന്റെ ശുചിമുറിക്കു കേടുപാടുകൾ സംഭവിച്ചു. നമ്പ്യാട്ട് കുമാരിയുടെ മാവും പ്ലാവുമൊക്കെ മറിഞ്ഞുവീണു. കൈപ്രമ്പാട്ട് ദേവസ്സിയുടെ തൊഴുത്തിനും സൺഷേഡിനും കേടുപാടുകൾ പറ്റി.മൂക്കന്നൂർ ഏഴാം വാർഡിൽ കണ്ണന്താനത്ത് പ്രശാന്തിന്റെ വീടിനു മുകളിലേക്കു മരം വീണു. വെട്ടിയ്ക്ക് ജോജിയുടെ തേക്ക്, ജാതി മരങ്ങൾ മറിഞ്ഞു.തുറവൂരിലും കനത്ത കാറ്റ് വീശി. ഉതുപ്പുകവല പറമ്പി പാനുവിന്റെ വീടിന്റെ മുകളിലേക്ക് മരം വീണ് വീട്ടിലെ വാട്ടർടാങ്ക് തകർന്നു. ഓടുകൾ പറന്നുപോയി.
നഷ്ടപരിഹാരം നൽകണം: എംഎൽഎ നിയോജകമണ്ഡലത്തിലെ കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളിൽ ഉണ്ടായ ചുഴലിക്കാറ്റിൽ ഒട്ടേറെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും വ്യാപകമായ ക്യഷിനാശം ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകണമെന്നു റോജി എം. ജോൺ എംഎൽഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കറുകുറ്റി പഞ്ചായത്തിലെ 13,14 വാർഡുകളിലും മൂക്കന്നൂർ പഞ്ചായത്തിലെ 8-ാം വാർഡിലുമാണ് പ്രധാനമായും നാശനഷ്ടങ്ങൾ സംഭവിച്ചത്. നാശനഷ്ടം സംഭവിച്ച പ്രദേശങ്ങൾ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളോടൊപ്പം എംഎൽഎ സന്ദർശിച്ചു. ജനങ്ങൾക്കുണ്ടായ പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കിയെന്നും എംഎൽഎ അറിയിച്ചു. പഞ്ചായത്ത്, ക്യഷി ഓഫിസ്, വില്ലേജ് ഓഫിസ്, ഫയർ ഫോഴ്സ്, കെഎസ്ഇബി തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംയുക്തമായി നാട്ടുകാരോടൊപ്പം രക്ഷാപ്രവർത്തനം നടത്തി. ഇന്നലെ ചുഴലിക്കാറ്റ് വീശിയ ഓഞ്ഞാടം ഭാഗത്തിനു സമീപത്ത് മുൻപ് അഞ്ചോളം വീടുകൾക്കു കേടുപാടുകൾ പറ്റിയിരുന്നു. ഇന്നലെയുണ്ടായ കാറ്റിൽ കൂടുതൽ വീടുകൾ മരം വീണ് തകർന്നതും ഓഞ്ഞാടം ഭാഗത്താണ്.

Angamaly Cyclone caused significant damage in Karukutty and Mookkannur, Kerala, with homes and agriculture severely affected. Authorities are assessing the damage and providing relief to the affected residents in #Angamaly, #Karukutty, and #Mookkannur.