മുല്ലപ്പെരിയാര്‍ പൊട്ടുമോ

Spread the love

ഡാം ഉണ്ടായത് എങ്ങനെ ?

മുല്ലപ്പെരിയാര്‍ ഡാം നിര്‍മിക്കാന്‍ രണ്ട് കാരണങ്ങളാണുള്ളത്. പതിനെട്ടാം നൂറ്റാണ്ടിലെ ആ കാലയളവില്‍ കാടിനകത്ത് നല്ല മഴയുള്ള സമയമാണ്. കാട്ടില്‍ മഴപെയ്യുന്ന സമയങ്ങളില്‍ ഇന്നത്തെ കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ ചെറിയ പ്രളയങ്ങളുണ്ടായിരുന്നു. കാടിനകത്ത് ചില ഡാമുകള്‍ വന്നാല്‍ സ്വാഭാവികമായും കുത്തൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന ചിന്ത വന്നു.എന്നാല്‍ ഇതിനെക്കാള്‍ ഉപരി ബ്രിട്ടീഷുകാരുടെ ഒരു നിഗൂഢ തന്ത്രം ഇതില്‍ ഉണ്ടായിരുന്നു. അക്കാലത്ത് നാട്ടുരാജാക്കന്മാര്‍ ബ്രിട്ടീഷുകാര്‍ക്ക് കപ്പം കൊടുക്കണമായിരുന്നു. കൃഷിയില്‍ നിന്നായിരുന്നു അന്ന് കൂടുതലായും കപ്പം നല്‍കിയിരുന്നത്. തമിഴ്‌നാട്ടിലെ തേനി, കമ്പം പ്രദേശങ്ങളില്‍ കടുത്ത വരള്‍ച്ചയുണ്ടാവുകയും കപ്പം കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ടായി.പണം കിട്ടണമെങ്കില്‍ കൃഷി വേണം. കൃഷി നടക്കണമെങ്കില്‍ വെള്ളം വേണം. അങ്ങനെ ബ്രിട്ടീഷ് എന്‍ജിനിയര്‍മാര്‍ കേരള-തമിഴ്‌നാട് തീരത്ത് മുല്ലപ്പെരിയാറില്‍ ഒരു ഡാം പണിതാല്‍ കമ്പം, തേനി മേഖലയിലെ വരള്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് അറിയിച്ചു.

മുല്ലപ്പെരിയാർ എന്ത്, എങ്ങനെ, ഇനിയെന്ത്?

അങ്ങനെയാണ് കേരളവുമായി കരാര്‍ ഉടമ്പടിയില്‍ മുല്ലപ്പെരിയാറില്‍ ഡാം പണിയുന്നത്. 999 വര്‍ഷത്തേയ്ക്കുള്ള കരാര്‍ എന്നാണ് രേഖയില്‍ പറയുന്നത്. ഇതാണ് മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി പരിഗണിച്ചതും. എന്നാല്‍ 99 എന്നത് 999 ആയതാണോ എന്നതില്‍ ചില തര്‍ക്കങ്ങള്‍ ഇന്നും നില നില്‍ക്കുന്നുണ്ട്.സ്വതന്ത്ര ഇന്ത്യ രൂപീകരിക്കപ്പെട്ടതോടെ മുമ്പുണ്ടായിരുന്ന പല കരാറുകളും തുടര്‍ന്നുവന്നു. അതുവരെ വെള്ളത്തിനായി മുല്ലപ്പെരിയാറിനെ ഉപയോഗിച്ചിരുന്ന തമിഴ്‌നാട് വൈദ്യുതി ഉത്പാദനം തുടങ്ങിയതോടെ കേരളം എതിര്‍പ്പുമായി രംഗത്തുവന്നു.സര്‍ സി.പി രാമസ്വാമി അയ്യരുടെ കാലത്ത് ഉണ്ടായ ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഫലമായി നിശ്ചിത തുക സംസ്ഥാനത്തിന് നല്‍കാമെന്ന് സമ്മതിച്ചെങ്കിലും പലപ്പോഴും തമിഴ്‌നാട് അത് പാലിച്ചിരുന്നില്ല.

മുല്ലപ്പെരിയാറില്‍ കേരളത്തിന് എന്ത് ലാഭം ?

നിര്‍മാണ ഘട്ടത്തില്‍ തന്നെ വലിയ പ്രതിസന്ധികള്‍ നേരിട്ടാണ് ഡാം പണി പൂര്‍ത്തിയാകുന്നത്. നിരവധി ജീവനുകള്‍ നഷ്‌ടമായി. മുല്ലപ്പെരിയാറില്‍ ഒരു ഡാം കൊണ്ട് കേരളത്തിന് പ്രത്യേകിച്ച് ഗുണം ഒന്നുംതന്നെയില്ലായിരുന്നു. അതേസമയം പ്രളയങ്ങള്‍ ഒഴിവാക്കാനാവുമെന്നൊരു ചിന്തയുണ്ടായിരുന്നു. അത് ഏറെക്കുറെ ശരിയുമായിരുന്നു.

ഡാമുകള്‍ ഡി കമ്മിഷന്‍ ചെയ്യുക എന്നത് വലിയ പ്രക്രിയയാണ്. ഇന്ത്യയില്‍ തന്നെ അപൂര്‍വമായി മാത്രമാകും അത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത്. 1970കളില്‍ കരാര്‍ പുതുക്കുന്ന സമയത്ത് കേരളത്തിന് ചെയ്യാന്‍ കഴിയുമായിരുന്ന പല തീരുമാനങ്ങളില്‍ നിന്നും പിന്നാക്കം പോവുകയാണ് ഉണ്ടായത്. ആ വസ്‌തുതകള്‍ മറച്ചുവയ്ക്കാനുമാകില്ല. അതിൽ എല്ലാം തന്നെ തറ രാഷ്ട്രീയ കളികൾ ആയിരുന്നു എന്ന കാര്യം ഇന്നിപ്പോൾ പരസ്യമായ രഹസ്യമാണ് . പരസ്യമായി കേരളത്തോടൊപ്പവും രഹസ്യമായി തമിഴ്നാടിനോടൊപ്പവും നിൽക്കുന്ന രാഷ്ട്രീയം . അതെന്ത് രാഷ്ട്രീയം ?

മുല്ലപ്പെരിയാര്‍ പൊട്ടുമോ…?

മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മാത്രമേ മറുപടി പറയാനാകൂ. കാരണം ഡാം പൊട്ടില്ല എന്ന് പറഞ്ഞാണ് സുപ്രീംകോടതിയില്‍ ഇപ്പോഴും കേസ് നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട്.കാരണം, പഴയ സാങ്കേതിക വിദ്യയില്‍ ചെയ്‌ത ഡാം. നൂറ്റാണ്ടുകള്‍ കഴിഞ്ഞു. പ്രളയമുള്ളൊരു പ്രദേശമാണ്. നേരത്തെ ഇല്ലാതിരുന്ന തരത്തില്‍ ഭൂചലനങ്ങളും ഭൂകമ്പങ്ങളും പ്രവചിക്കപ്പെടുന്നു. വലിയ പ്രളയമോ ഭൂചലനമോ ഉണ്ടായാല്‍ സ്വാഭാവികമായി പ്രതിസന്ധി വരാം. അതാണ് കേരളം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.ഓരോ ഡാമിനും നിശ്ചിത ആയുസുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്‍റേത് എന്‍ജിനിയറിങ് ഘടനയല്ല. സുര്‍ക്കി സാങ്കേതികവിദ്യയിലാണ് നിര്‍മാണം. ലൈം, ചുണ്ണാമ്പ്, ഇഷ്‌ടികപ്പൊടി , ശർക്കര എന്നിവയായിരുന്നു അസംസ്‌കൃത വസ്‌തുക്കള്‍.കമ്പി, സിമെന്‍റ്, മണല്‍, മെറ്റല്‍ ഉള്‍പ്പടെയുള്ള വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ഇന്നത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആയുസും ഗുണനിലവാരവും സാങ്കേതിക വിദ്യയിലൂടെ മനസിലാക്കാനാകും. എന്നാല്‍ മുല്ലപ്പെരിയാറിലെ സ്ഥിതി അതല്ല. സ്വാഭാവികമായും വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ പൊട്ടലുകളും ചോര്‍ച്ചയും ഡാമിലുണ്ടാകുന്നു. ഈ കാലത്തു സിമന്റും കമ്പിയും ഉപയോഗിച്ചുണ്ടാക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് പോലും പരമാവധി നല്ല ആയുസ്സ് കേവലം 25 വർഷം മാത്രമാണ് . അത് കഴിഞ്ഞാൽ അവിടെയും ഇവിടെയും പൊടിഞ്ഞു വീഴാൻ തുടങ്ങും .

കേരളത്തിനേക്കാൾ മഴ കുറവ് ലഭിക്കുന്ന തമിഴ്‌നാടിന്റെ ആവശ്യം സ്വാഭാവികമായും ന്യായം തന്നെ ആണ് . എങ്കിലും കേരളത്തിലെ 50 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനേക്കാൾ വലുതല്ല തമിഴ്‌നാടിന്റെ ഒരാവശ്യവും . തമിഴ്‌നാട്ടിലെ 4 ജില്ലകൾക്ക് പരിപൂർണമായും ജലം നൽകുന്നത് മുല്ലപ്പെരിയാറിൽ നിന്നും തമിഴ്‌നാട് കൊണ്ട് പോകുന്ന ടണൽ വഴി ആണ് . ഈ ഡാമിൽ കൈ വച്ചാൽ തങ്ങൾക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന സുഭിക്ഷമായ ജലം അവസാനിക്കുമെന്നും തമിഴ്‌നാട് ആശങ്കപെടുന്നു . അത് കൊണ്ട് അത് നഷ്ടപ്പെടാതെ ഇരിക്കാൻ കൂടി ആണ് ഡാമിന് ഒന്നും സംഭവിച്ചിട്ടില്ല എന്ന തോട് ന്യായം അവർ നിരത്തുന്നതും സുപ്രീം കോടതിയിൽ വാദിച്ചു ജയിച്ചു കൊണ്ടിരിക്കുന്നതും . എന്നാൽ കേരളത്തിന് അത് എതിർത്തു ജയിക്കാൻ കഴിയാത്തത് കേരളത്തിന്റെ തല തമിഴ്‌നാടിന്റെ കക്ഷത്തിൽ ഇരിക്കുന്നത് കൊണ്ടാണ് . കേരളത്തിന് വേണ്ടി സംസാരിക്കുന്നവരുടെ വായ തമിഴ്‌നാട് തുന്നികെട്ടിയിരിക്കുന്നു

മുല്ലപ്പെരിയാറില്‍ ഇനിയെന്ത് ?

മുല്ലപ്പെരിയാറിലെ നിയമപോരാട്ടങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്‌ധ സമിതി രൂപീകരിക്കപ്പെട്ടതോടെയാണ് പ്രശ്‌നത്തില്‍ കേരളത്തിന് അൽപമെങ്കിലും മേല്‍ക്കൈ വരുന്നത്.അതേസമയം, കേരളം ഡാമിനെതിരെ ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് എതിരെ തമിഴ്‌നാട് തടസവാദം ഉന്നയിക്കുമ്പോള്‍ കേസും തീര്‍പ്പും നീളുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേസില്‍ സുപ്രീംകോടതി പറഞ്ഞത് വിഷയത്തില്‍ വാദങ്ങളല്ല പ്രായോഗികതയാണ് വേണ്ടതെന്നാണ്.മുല്ലപ്പെരിയാറിലേത് രണ്ട് സമൂഹത്തിന്‍റെ പ്രശ്‌നമാണ്. അതില്‍ വൈകാരികതയും ഏറെയാണ്. മുല്ലപ്പെരിയാറില്‍ അപകടകരമായ പ്രതിസന്ധിയുണ്ടായാല്‍ ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ. സാമൂഹിക പ്രശ്‌നങ്ങളുണ്ടാകും, രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടാകും.പുതിയ ഡാം നിര്‍മിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രായോഗികമായ കാര്യം. കേരളത്തിന്‍റെ ആവശ്യവും അത് തന്നെയാണ്. ഇത്രയും വര്‍ഷത്തെ കരാര്‍ നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാടിന് വെള്ളം കൊടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.തമിഴ്‌നാടുമായി ചേര്‍ന്ന് എത്രയും വേഗം ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കണം. പുതിയ ഡാമിന് വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. കൂടുതല്‍ ആശങ്കപ്പെടുത്തുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കി പുതിയ ഡാമിനായുള്ള സാമൂഹിക സമ്മര്‍ദമാണ് ഇക്കാര്യത്തില്‍ വേണ്ടത്.

മുല്ലപ്പെരിയാര്‍ ചരിത്രം

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍ വള്ളക്കടവിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ ശിവഗിരി മലയിലെ ചൊക്കംപെട്ടിയില്‍ നിന്ന് ഉത്ഭവിക്കുന്ന പെരിയാര്‍ 48 കിലോമീറ്റര്‍ പിന്നിട്ട് മുല്ലയാറുമായി ചേര്‍ന്ന് മുല്ലപ്പെരിയാറാകുന്നു.

1789ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ആലോചനകള്‍ തുടങ്ങുന്നത്. 1895 ഒക്ടോബര്‍ പത്തിനാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കുന്നത്. ആലോചനകള്‍ 1789ല്‍ തന്നെ തുടങ്ങിയിരുന്നു.

ഡാം നിർമിക്കുന്ന കാലത്തു കേരളവും തമിഴ്‌നാടും എല്ലാം മദ്രാസ് റെജിമെന്റിന്റെ കീഴിൽ ആയിരുന്നു . രണ്ടു സംസ്ഥാനങ്ങൾ ആയി തിരിഞ്ഞിട്ടില്ലായിരുന്നു . അത് കൊണ്ട് തന്നെ ആരോടും ചോദിക്കേണ്ട ആവശ്യം റെജിമെന്റിനു ഇല്ലായിരുന്നു . പിന്നീട് ഇതൊക്കെ രാജാക്കന്മാർ പിടിച്ചടക്കിയപ്പോഴും , സ്വാതന്ത്രം കിട്ടി രണ്ടു സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടപ്പോഴൊക്കെ ആണ് കേരള സംസ്ഥാനത്തിൽ ഇരിക്കുന്ന ഡാം തമിഴ്‌നാട് ഉപയോഗിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളൊക്കെ തല പൊക്കാൻ തുടങ്ങിയത് .

വൈഗ നദി ആറ് മാസക്കാലത്തോളം വറ്റിവരളുന്നത് ആ പ്രദേശത്ത് ജീവിക്കുന്നവരുടെ ജീവനോപാദികളെ ബാധിക്കുന്നതും കാര്‍ഷിക ഉത്പാദനം നടക്കാതെ വന്നതുമെല്ലാം മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു എന്ന വിലയിരുത്തലുകളുമുണ്ട്.

ബ്രിട്ടീഷ് എന്‍ജിനീയര്‍ ക്യാപ്റ്റന്‍ പെന്നിക്വിക്കും ആന്‍സ്മിത്തുമാണ് രൂപരേഖ തയ്യാറാക്കിയത്. തിരുവിതാംകൂറും മദിരാശി സര്‍ക്കാരുമായും ചര്‍ച്ച നടത്തി കരാറാക്കിയതിന് ശേഷം നിര്‍മ്മാണം തുടങ്ങി. 1887ലാണ് അണക്കെട്ട് നിര്‍മ്മാണം ആരംഭിക്കുന്നത്.

അണക്കെട്ടിന്റെ വലിപ്പം

1200 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആകെ നീളം. 152 അടി ഉയരവുമുണ്ട്. 142 അടിയാണ് അണക്കെട്ടിന്റെ ശേഷി.

ഇതുകൂടാതെ 240 അടി നീളവും 115 അടി ഉയരവുമുള്ള ബേബി ഡാമും 240 അടി നീളവും 20 അടി വീതിയുമുള്ള എര്‍ത്ത് ഡാമും ചേര്‍ന്നതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. തുടക്കത്തില്‍ 152 അടിയോളം വെള്ളം അണക്കെട്ടില്‍ സംഭരിച്ച് നിര്‍ത്തിയിരുന്നു.

ഇപ്പോഴത്തെ ആശങ്ക

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇപ്പോഴത്തെ ഒഴുക്ക് കൂടിയ നിലയിലാണുള്ളത്. ഇപ്പോഴത്തെ ഒഴുക്കിനൊപ്പം മഴ കൂടിയാല്‍ ജലനിരപ്പ് 142 അടിയില്‍ എത്തുമെന്നാണ് ആശങ്ക. അതുകൊണ്ട് തന്നെ ഡാമില്‍ നിന്ന് തുരങ്കം വഴി തമിഴ്‌നാട്ടിലേക്ക് ക്രമേണ വെള്ളം തുറന്നുവിടണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്.

ഇതിനോടൊപ്പം തന്നെ അണക്കെട്ട് ഡീകമ്മീഷന്‍ ( ഡാമിന്റെ പ്രവർത്തനം നിർത്തി അത് പൊളിച്ചു മാറ്റുക എന്നർത്ഥം ) ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ക്യാമ്പയിനും സമൂഹമാധ്യമങ്ങളില്‍ നടക്കുന്നു. ഒക്ടോബര്‍ 16 മുതല്‍ കേരളത്തിലുണ്ടായ പ്രളയം വലിയ നാശനഷ്ടമുണ്ടാക്കിയതും ഈ ആവശ്യങ്ങള്‍ ബലപ്പെടാന്‍ കാരണമയി.

അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായതായി തമിഴ്‌നാട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 142 അടിയാണ് പരമാവധി ജലനിരപ്പ്. ഇതുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

ജസ്റ്റിസ് എസ്. ആനന്ദ് ചെയര്‍മാനായ അഞ്ചംഗ സമിതിയെ സുപ്രീം കോടതി 2010 ഫെബ്രുവരിയില്‍ മുല്ലപ്പെരിയാര്‍ വിഷയങ്ങള്‍ പഠിക്കാനായി നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2014ല്‍ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി ലഭിച്ചത്.

യു.എന്‍ റിപ്പോര്‍ട്ടില്‍ ആശങ്കപ്പെടേണ്ടതുണ്ടോ ?

അമ്പത് വര്‍ഷത്തിലധികം കാലപ്പഴക്കം ചെന്ന ലോകത്തിലെ വിവിധ അണക്കെട്ടുകള്‍ ആഗോള തലത്തില്‍ ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് ഐക്യരാഷ്ട്ര സഭ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത് 2021 ജനുവരിയിലാണ്.

പുറത്തുവന്ന ഘട്ടത്തില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായില്ലെങ്കിലും ഇടുക്കി, കോട്ടയം ജില്ലകളിലെ കനത്ത മഴയും ഉരുള്‍പൊട്ടലും ഇപ്പോഴും തുടരുന്ന ഭീഷണിയും റിപ്പോര്‍ട്ടിനെ വീണ്ടും ചര്‍ച്ചകളിലേക്കെത്തിച്ചത്.

ലോകത്തിലെ വലിയ അണക്കെട്ടുകളുടെ നിര്‍മ്മാണ രീതി, അവയുടെ വ്യത്യസ്ത ഉപയോഗം, പ്രളയ നിയന്ത്രണം, അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ഹൈഡ്രോ പവര്‍ സ്റ്റേഷനുകള്‍ തുടങ്ങിയവയുടെ വിശദമായ അപഗ്രഥനം ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു.

ഇരുപതാം നൂറ്റാണ്ടുകളില്‍ ലോകത്തിന്റെ വിവിധ മേഖലകളില്‍ ഒരു ഡാം റെവല്യൂഷന്‍ തന്നെ സംഭവിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഈ ഡാമുകളില്‍ പലതും കാലപ്പഴക്കമെത്തിയെന്നതിനെ ആശങ്കയോടുകൂടി റിപ്പോര്‍ട്ട് അപഗ്രഥിക്കുന്നുണ്ട്. 2021ല്‍ പുറത്തു വന്ന യു.എന്‍ റിപ്പോര്‍ട്ട് കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം ചര്‍ച്ചയാകുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. എന്തായാലും മഴ കൊണ്ട് പിടിക്കുമ്പോൾ മാത്രം മനുഷ്യരുടെ ആശങ്കൾ പെരുകുന്നത് ഒരു നല്ല ശീലമായി കാണാൻ ആവില്ല .

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഘടനാപരമായ ബലക്ഷയമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതുതായ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല യു.എന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. മുന്‍ പഠനങ്ങളെയും അനുബന്ധ റഫറന്‍സുകളും ആധാരമാക്കിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ ചര്‍ച്ചയാകുന്നത്.

നിര്‍മ്മാണ ഘട്ടത്തില്‍ അമ്പത് വര്‍ഷമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ലൈഫ്‌സ്പാന്‍ എന്നാണ് ഉദ്ദേശിച്ചതെങ്കിലും മുല്ലപ്പെരിയാര്‍ ഇപ്പോഴും പ്രവൃത്തിക്കുന്നുണ്ട്. അണക്കെട്ടിന് ഘടനപരമായ പ്രശ്‌നമുണ്ടെന്നും അതുകൊണ്ട് തന്നെ അണക്കെട്ട് തകര്‍ന്നേക്കാമെന്ന് ഭീഷണി നിലവിലുണ്ട്.

ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് അണക്കെട്ട് നിലനില്‍ക്കുന്നത്. 1978ല്‍ ഒരു ചെറിയ ഭൂകമ്പം അണക്കെട്ടില്‍ വിള്ളലുകള്‍ തീര്‍ത്തിട്ടുണ്ട്. കൂടുതല്‍ വിള്ളലുകള്‍ പിന്നീട് അണക്കെട്ടില്‍ രൂപപ്പെട്ടിട്ടുണ്ട്.

അണക്കെട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച മെറ്റീരിയല്‍ ഔട്ട്‌ഡേറ്റഡ് ആണെന്നതുകൊണ്ട് തന്നെ ചോര്‍ച്ചകള്‍ ശ്രദ്ധിക്കേണ്ടതുണ്ട്,” എന്നാണ് യു.എന്‍ റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് പറയുന്നത്.

അമേരിക്കന്‍ ജേണല്‍ ഓഫ് വാട്ടര്‍ റിസോര്‍സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെയും എന്തുകൊണ്ട് കേരളവും തമിഴ്‌നാടും ദശാബ്ദങ്ങളായി മുല്ലപ്പെരിയാറില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുവെന്ന റാവോ എസ് നടത്തിയ പുസ്തകത്തിന്റെയും അടിസ്ഥാനത്തിലാണ് യു.എന്‍.റിപ്പോര്‍ട്ട് പുറത്തുവന്നത്. നേരത്തെ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ക്ക് പുറമേ പുതുതായ കണ്ടെത്തലുകള്‍ യു.എന്‍ റിപ്പോര്‍ട്ടില്‍ ഇല്ല എന്നതാണ് വസ്തുത.

മുഖ്യമന്ത്രി പറയുന്നത്

മുല്ലപ്പെരിയാറില്‍ പ്രശ്‌നങ്ങളില്ലെന്നും അനാവശ്യ ഭീതി പടര്‍ത്തിയാല്‍ നടപടിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ന്റെ ഉത്തരവിൽ പറയുന്നത് .

പുതിയ ഡാം നിര്‍മ്മിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. തമിഴ്‌നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാടിന്റെ നിലപാട്

അതേസമയം പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ നിലപാടിനെതിരെ ശക്തമായ എതിര്‍പ്പാണ് തമിഴ്‌നാട് ഉയര്‍ത്തുന്നത്. പുതിയ അണക്കെട്ട് വേണമെങ്കില്‍ ഇരുസംസ്ഥാനങ്ങളും യോജിച്ച് മാത്രമേ തീരുമാനം എടുക്കാന്‍ പാടുള്ളുവെന്നാണ് കോടതി നിര്‍ദേശം.

പരിസ്ഥിതി പ്രവർത്തകർ പറയുന്നത്

മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിത് 125 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഡാം ഡീകമ്മീഷന്‍ ചെയ്ത് പ്രശ്‌നം പരിഹരിക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള പരിഹാരം. പ്രയോഗിക തലത്തില്‍ അത് നടപ്പിലാക്കാനുള്ള സാധ്യത കുറവാണ്. കാരണം രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണിത്. ഒരു ശത്രുതാ മനോഭാവത്തിലേക്ക് വരെ ഈ പ്രശ്‌നമെത്തും എന്നുള്ള സാഹചര്യവുമുണ്ട്. രണ്ട് സംസ്ഥാനങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയാണെങ്കില്‍ ജലനിരപ്പ് താഴ്ത്തി ടണല്‍ നിര്‍മ്മിച്ച് പുതിയ ഡാം നിര്‍മ്മിക്കാതെയും ഇപ്പോഴുള്ളത് പൊളിക്കാതെയും ഈ പ്രശ്‌നം എന്നന്നേക്കുമായി തന്നെ പരിഹരിക്കാം. ടണല്‍ നിരപ്പും ജലനിരപ്പും താഴ്ത്തി മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമുള്ളു. ഇന്നത്തെ നിലയില്‍ അണക്കെട്ട് ഇതേപോലെ തുടരുന്നത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ സുരക്ഷിതത്വം നല്‍കുന്നതാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

ഡാം പൊളിക്കണമെന്ന മുറവിളികള്‍

ഡാം അപകടമാണെന്ന് കേരളത്തില്‍ ആദ്യം പറഞ്ഞത് പരിസ്ഥിതി പ്രവർത്തകനായ ശ്രീ ജോണ്‍ പെരുവന്താനം ആണ് . 35 വര്‍ഷം മുമ്പായിരുന്നു അത്. പിന്നീട് നമുക്ക് ഇക്കാര്യത്തെ കുറിച്ച് പറയുമ്പോള്‍ കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കേണ്ടി വന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പൊളിക്കാന്‍ കഴിയുന്നതല്ല എന്ന് ബോധ്യപ്പെടുന്നത്. ഇതില്‍ രണ്ട് കൂട്ടര്‍ക്കും സ്വീകാര്യമാകുന്ന പ്രായോഗികമായ പരിഹാരം മാത്രമാണ് സാധ്യമാകുക. ഇനിയും ഡീ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ടണല്‍ എന്നതാണ് മാര്‍ഗമെന്ന് തോന്നുന്നു, ജോണ്‍ പെരുവന്താനം പറഞ്ഞു.

മലയാളികളുടെ എന്നത്തേയും ഒരു വലിയ ആശങ്കയാണ് മുല്ലപ്പെരിയാര്‍ ഡാം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് വേണ്ടിയുള്ള കേരള-തമിഴ്‌നാട് പിടിവലിക്ക് രാജഭരണ കാലത്തോളം പഴക്കമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പ്രായോഗിക നടപടികളിലേയ്ക്കു കടക്കുകയാണെങ്കില്‍ 999 വര്‍ഷത്തെ തമിഴ്‌നാടുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കുവാന്‍ കേരളത്തിന് നിഷ്പ്രയാസം സാധിയ്ക്കും.

കരാര്‍ 99 വര്‍ഷത്തേയ്ക്കാണ് രാജാവ് എഴുതാന്‍ തയ്യാറായതെന്നും അത് 999 ആയി തമിഴ്‌നാട് തിരുത്തിയെന്നുമെന്നും പറയപ്പെടുന്നു. മനുഷ്യർ തന്നെ ഉണ്ടാവുമോ എന്ന് ഉറപ്പില്ലാത്ത ഈ കാലത്ത് ആയിരം വര്‍ഷത്തേയ്ക്കുള്ള കരാര്‍ പ്രായോഗികമല്ലെന്നും ഇതിന് ന്യായീകരണമായി പറയുന്നു. ശരിയായിരിക്കാം. ഇനി, എന്താണ് തിരുവിതാംകൂര്‍ മഹാരാജാവായ വിശാഖം തിരുന്നാളും ബ്രിട്ടീഷ് ഭരണകൂടവും തമ്മില്‍ ഏര്‍പ്പെട്ട മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ എന്ന് നോക്കാം.

മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച് പെരിയാർ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി കൃഷിനടത്താനുള്ള അനുമതി നൽകുന്നതായിരുന്നു ഈ പാട്ടക്കരാർ. 999 വർഷത്തേക്ക് ഒപ്പിട്ട കരാറനുസരിച്ച് തിരുവിതാംകൂറിന്റെ അധീനതയിലുള്ള 8000 ഏക്കർ സ്ഥലത്ത് പെരിയാറിനെ അണകെട്ടി നിർത്താനും അണക്കെട്ടിന്
100 ഏക്കർ സ്ഥലം കൂടി നൽകാനുമായിരുന്നു വ്യവസ്ഥ. ഇതിന് എക്കർ ഒന്നിന് അഞ്ചു രൂപ വച്ച് കേരളത്തിനു പാട്ടം നൽകണം. ഏകദേശം നാല്പതിനായിരം രൂപയാണ് അന്ന് കേരളത്തിനു പാട്ടമായി ലഭിച്ചിരുന്നത്.

എന്നാൽ ഈ കരാർ ഭാവിയിൽ തന്റെ രാജ്യത്തിനും ജനങ്ങൾക്കും ദോഷകരമാകുമെന്ന് മഹാരാജാവ് മുൻകൂട്ടി കണ്ടിരുന്നു. പക്ഷെ പല സ്ഥലങ്ങളിൽ നിന്നുമായി വന്ന സമ്മർദ്ദം കരാറിൽ ഒപ്പിടുവാൻ മഹാരാജാവിനെ പ്രേരിപ്പിച്ചു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതോടെ അസാധുവാക്കപ്പെട്ട കരാർ പുതുക്കുന്നതിനും മറ്റുമായി തമിഴ്നാട് ശ്രമങ്ങൾ നടത്തിയെങ്കിലും അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് അതിനു അനുമതി നൽകിയിരുന്നില്ല. എന്നാൽ 1970 മേയ് 29നു അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് കരാർ പുതുക്കുകയായിരുന്നു ( തിയതി ശ്രദ്ധിക്കുക 1970 മെയ് )

1954 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയ കരാറനുസരിച്ച് പാട്ടത്തുക ഏക്കറിനു മുപ്പതു രൂപയായും ലോവർ ക്യാമ്പിൽ മുല്ലപ്പെരിയാർ ജലമുപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിക്ക് കിലോവാട്ട് വർഷത്തിൽ 12 രൂപയായും നിശ്ചയിച്ചു. നിയമസഭയുടെ അനുമതിയില്ലാതെയായിരുന്നു ഇത്. ഇതൊക്കെ എങ്ങനെ നടന്നു എന്നന്വേഷിച്ചാൽ നമ്മൾ ചെന്നെത്തുക ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലേക്കായിരിക്കും . 1970ൽ കരാർ പുതുക്കിയ സമയത്ത് ഓരോ 30 വർഷത്തിലും കരാർ പുതുക്കണമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ 2000ൽ പുതുക്കേണ്ട കരാർ തർക്കത്തെ തുടർന്ന് പുതുക്കുവാൻ സാധിക്കുന്നില്ല. എന്നാൽപോലും കൃത്യമായി സംസ്ഥാന സർക്കാരിന് തമിഴ്നാട് പാട്ടത്തുക നൽകിവരികയാണ്.

ഇതിനു പിന്നാലെ നിരവധി ചർച്ചകളും മറ്റും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ഇരുസർക്കാരുകൾ തമ്മിലും നടന്നിരുന്നു. എന്നാൽ ഈ ചർച്ചകൾ ഒന്നും ഫലം കാണാതെ പോവുകയും ചെയ്തു. തമിഴ്നാടിനു ആവശ്യം ജലമാണ്. കേരളത്തിന് സംരക്ഷണവും. കേരളത്തിന് മുല്ലപ്പെരിയാർ അണക്കെട്ട് എന്ന ജലബോംബിൽ നിന്നുള്ള സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം തമിഴ്നാട് കൃത്യമായി നടത്താതെയിരിയ്ക്കുകയാണ് ഇപ്പോൾ.

മുല്ലപ്പെരിയാര്‍ ഡാമില്‍ അടിയന്തിരമായി നടത്തേണ്ട അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച്‌ 2014 ല്‍ സുപ്രീം കോടതി തമിഴ്‌നാട് സര്‍ക്കാരിന് നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ആ നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കാതെ തമിഴ്നാട് സർക്കാർ കരാര്‍ ലംഘനം നടത്തിയതിനാല്‍ ഇന്നിപ്പോൾ കേരളത്തിന് തമിഴ്നാടിനെതിരെ ആഞ്ഞടിയ്ക്കുവാനുള്ള അവസരം ലഭിച്ചിരിയ്ക്കുകയാണ്.

അതുകൊണ്ട് തന്നെ ഈ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരള സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയിലെ അഭിഭാഷകന്‍ അഡ്വ. സോണു അഗസ്റ്റിന്‍ ചെയര്‍മാനായുള്ള സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് സുപ്രീം കോടതിയില്‍ ഒരു ഹർജി കൊടുത്തിരുന്നു .

ഈ സാഹചര്യത്തിലാണ് ഇന്നിപ്പോൾ കേരളത്തിലെ അഞ്ച് ജില്ലകളിലെ അൻപത് ലക്ഷത്തിലധികം വരുന്ന മനുഷ്യരുടെ ജീവനേയും സ്വത്തിനേയും ബാധിക്കുന്ന ഗുരുതരമായ മുല്ലപ്പെരിയാർ പാട്ടക്കരാര്‍ ലംഘനം നടത്തിയ തമിഴ്നാടിനെതിരെ ആഞ്ഞടിയ്ക്കുവാൻ സംസ്ഥാന സർക്കാരിന് ഒരു പിടിവള്ളി ലഭിച്ചിരിയ്ക്കുന്നത്.

ഈ പിടിവള്ളി കൃത്യമായി ഉപയോഗപ്പെടുത്തുകയാണ് എങ്കിൽ മുല്ലപ്പെരിയാർ എന്ന ജലബോംബിനെ ഭയപ്പെടാതെ കേരളക്കരയ്ക്ക് മുന്നോട്ട് പോകുവാൻ സാധിയ്ക്കും. ഒപ്പം മുല്ലപ്പെരിയാർ പൂർണമായും കേരളത്തിന് സ്വന്തമാവുകയും ചെയ്യും.

മുല്ലപ്പെരിയാർ ഡാമിന്റെ തകരുവാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് പലവിധ പ്രശ്‌നപരിഹാരങ്ങളും മുന്നോട്ടുവെയ്ക്കപ്പെട്ടിട്ടുണ്ട്

സമയം നിശ്ചയിച്ചിട്ടില്ലാത്ത ബോംബ്
പ്രളയവും ഉരുൾപ്പൊട്ടലും മലയാളിക്ക് ഇന്ന് സുപരിചിതമായ വാക്കുകളാണ്. ഒരു ദിവസത്തിലധികം നിർത്താതെ മഴ പെയ്താൽ കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം ഇപ്പോൾ വെള്ളത്തിനടിയിലാണ്. അതുപോലെ കടുത്ത മഴ സമയത്ത് മാത്രം ചർച്ചയാകുന്ന ഒരു അണക്കെട്ടും കേരളത്തിലുണ്ട്, മുല്ലപ്പെരിയാർ അണക്കെട്ട്.

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി പഞ്ചായത്തിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്നുത്ഭവിക്കുന്ന മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ. കേരളത്തിലാണെങ്കിലും ‘തമിഴ്‌നാടിന് പാട്ടത്തിന്’ കൊടുത്ത ഒരു അണക്കെട്ടാണിത്. 999 വർഷത്തേക്കാണ് കേരളം തമിഴ്‌നാടിനു പാട്ടത്തിനു കൊടുത്തത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന ഒരു നിശ്ചിത വീതം വെള്ളം തമിഴ്‌നാട്ടിൽ ജലസേചനത്തിനും വൈദ്യുതി നിർമാണത്തിനുമാണ് ഉപയോഗിക്കുന്നത്. അണക്കെട്ടിൽ നിന്നും വെള്ളം തമിഴ്‌നാട്ടിലേക്ക് പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് കൊണ്ടുപോകുന്നത്.

അണക്കെട്ടുമായി ബന്ധപ്പെട്ട് ഏറെക്കാലങ്ങളായി രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്നുണ്ട്. 1961ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നു വന്നത്. സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമ്മിക്കപ്പെട്ട ഈ കാലപ്പഴക്കം ചെന്ന അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാൻ കഴിയില്ല, അതുകൊണ്ട് തന്നെ അണക്കെട്ടിന്റെ താഴ്വരയിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ അണക്കെട്ട് ഒരു സുരക്ഷാഭീഷണിയാണ്.

അണക്കെട്ടിന്റെ പഴക്കം

ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിർമ്മാണകാലഘട്ടത്തിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് ഇന്നു നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴൽ പ്രദേശങ്ങളായ, മധുര, തേനി തുടങ്ങിയ തമിഴ്ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ് ഈ അണക്കെട്ട്. അസ്തിവാരത്തിൽ നിന്നും ഏതാണ്ട് 53.6 മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി).

അണക്കെട്ട് നിലനിൽക്കുന്നത് കേരളത്തിന്റെ സ്ഥലത്താണെങ്കിലും, അതിന്റെ നിയന്ത്രണം തമിഴ്‌നാടിന്റെ കൈവശമാണ്. ഒരു അണക്കെട്ടിന്റെ പരമാവധി കാലാവധി അറുപതു വർഷമാണെന്നിരിക്കേ നൂറു വർഷത്തിനു മുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും, കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം കേരളമുയർത്തുമ്പോൾ, ഇതിനെക്കുറിച്ചു നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങൾക്ക് കഴമ്പില്ലെന്ന് തമിഴ്‌നാടും വാദിക്കുന്നു.

അണക്കെട്ടിന്റെ നിലവിലെ അവസ്ഥ

2000ൽ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകൾ വർധിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകൾക്കു മുകളിലാണെന്നും ചില പഠനങ്ങൾ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോൾ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ അണക്കെട്ട് 1922ലും, 1965ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലെന്നും തമിഴ്‌നാടിന്റെ മുഖ്യ എഞ്ചിനീയർ പറയുമ്പോൾ സിമന്റ് പഴയ സുർക്കിക്കൂട്ടിൽ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധർ പറയുന്നു. 1902ൽ തന്നെ അണക്കെട്ട് നിർമ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ്, വർഷം 30.48 ടൺ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അത് അനേകം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം. 1979-81 കാലഘട്ടത്തിൽ നടത്തിയ ബലപ്പെടുത്തൽ അണക്കെട്ടിനു ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോർട്ടിൽ പറയുന്നു. 2006 നവംബർ 24ൽ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാൻ നാവികസേനാവൃന്ദങ്ങൾ എത്തിയെങ്കിലും കേന്ദ്രനിർദ്ദേശത്തെ തുടർന്ന് അവർ പഠനം നടത്താതെ മടങ്ങുകയായിരുന്നു.

അണക്കെട്ട് തകർന്നാൽ ( തകരാതെ ഇരിക്കട്ടെ )

15 ദശലക്ഷം ഘനയടി ജലമാണ് ഡാമിന്റെ പൂർണ്ണ സംഭരണശേഷി. എന്നാൽ കോടതി നിർദ്ദേശപ്രകാരമുള്ള അനുവദനീയമായ പരമാവധി സംഭരണ ശേഷി 136 അടിയാണ്. ഇത് 11 ദശലക്ഷം ക്യുബിക് അടിക്ക് തുല്യമാണ്. ഭൂകമ്പത്തേത്തുടർന്നോ മറ്റോ ഡാം തകർന്നാൽ മൂന്ന് മുതൽ നാലു മണിക്കൂർ കൊണ്ട് ( ഒരു സുനാമി പോലെ ഉള്ള ഒരു കൂറ്റൻ ഒറ്റ തിരമാല ) വെള്ളം ഇടുക്കി ഡാമിലെത്തും. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണ്. എന്നാൽ 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. അതായത് മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഒഴുകിയെത്താവുന്ന 11.2 ദശലക്ഷം ഘനയടി ജലത്തിൽ 10 ദശലക്ഷം ഘനയടി ജലത്തെയും ഉൾക്കൊള്ളാൻ ഇടുക്കി ഡാമിന് കഴിയും. ഡാം തകർന്നതിന് ശേഷം വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്താനെടുക്കുന്ന 3, 4 മണിക്കൂറിനുള്ളിൽ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിന്റെ ഷട്ടറുകൾ നിയന്ത്രിതമായി തുറന്നുകൊണ്ട് ഇടുക്കി ഡാമിന്റെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കാൻ കഴിയും. ചെറുതോണി ഡാമിന് മുകൾഭാഗത്ത് അഞ്ച് പ്രധാന ഷട്ടറുകളും താഴെ രണ്ട് ചെറിയ ഷട്ടറുകളുമാണുള്ളത്. ഓരോ പ്രധാന ഷട്ടറുകളിലൂടെയും മിനുട്ടിൽ 25,760 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാവും. ഇതോടോപ്പം താഴെ ഭാഗത്തുള്ള ജനങ്ങൾക്ക് അപകടഭീഷണി നൽകുകയും ചെയ്താൽ ഗുരുതരമായ ഭവിഷ്യത്തുകളെ ഒഴിവാക്കാൻ കഴിയും. ആ സമയത്ത് പോലും ഇങ്ങു താഴെ എറണാകുളം ആലപ്പുഴ കോട്ടയം ഇടുക്കി പത്തനംതിട്ട എന്നീ 5 ജില്ലകളിൽ 2018 നേക്കാൾ ഉയരത്തിൽ ഒരു പ്രളയവും പ്രതീക്ഷിക്കാം .

66 ചതുരശ്ര കി.മീ. വിസ്തീർണമുള്ള ഇടുക്കി ഡാം നിറഞ്ഞുവരാൻ മൂന്നുമുതൽ ആറുവരെ മണിക്കൂറുകൾക്കുള്ളിൽ ഏഴ് ഷട്ടറുകളിലൂടെയും പൂർണതോതിൽ ജലം പുറന്തള്ളിയാൽ കൂടുതലായുള്ള 1.2 ദശലക്ഷം ഘനയടി അധികജലം ഒഴുക്കിക്കളയാൻ ബുദ്ധിമുട്ടില്ലെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവിലുള്ളതിലും കൂടുതലായിരിക്കുമ്പോഴാണ് ദുരന്തമെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകും. മുല്ലപ്പെരിയാർ തകരുന്നപക്ഷം ഒഴുകിയെത്താനിടയുള്ള മണ്ണും

കല്ലും മരങ്ങളും മറ്റും ഇടുക്കിയുടെ സംഭരണശേഷി ഗണ്യമായി കുറയ്ക്കാനും സാധ്യതയുണ്ട്. കൂടാതെ, മരങ്ങളും മറ്റും ഒഴുകിവന്ന് ഷട്ടറുകളിലൂടെയുള്ള ജലപ്രവാഹത്തിന് തടസ്സമുണ്ടായാൽ പുറന്തള്ളുന്ന ജലത്തിന്റെ അളവ് കുറയുകയും ചെയ്യും.

മറ്റൊരു സാധ്യത മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ കുതിച്ചെത്തുന്ന വെള്ളവും മരങ്ങളടക്കമുള്ള മറ്റവശിഷ്ടങ്ങളും ഇടുക്കി അണക്കെട്ടിന് ഭീഷണിയാകുന്നതു സംബന്ധിച്ചാണ്. മുല്ലപ്പെരിയാർ അണക്കെട്ട് ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഈ ആഘാതത്തിൽ ഇടുക്കി അണക്കെട്ട് തകർന്നാൽ ( തകരാതിരിക്കട്ടെ ) താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്.

പ്രശ്‌ന പരിഹാരങ്ങൾ

മുല്ലപ്പെരിയാർ ഡാമിന്റെ തകരുവാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് പലവിധ പ്രശ്‌നപരിഹാരങ്ങളും മുന്നോട്ടുവെയ്ക്കപ്പെട്ടിട്ടുണ്ട്. അവ പ്രധാനമായും ഇവയാണ്:

1. നിലവിലുള്ള ഡാമിന് താഴെ പുതിയൊരു അണക്കെട്ട് പണിയുക. നിലവിലുള്ള ഡാമിന്റെ പ്രവർത്തനം അവസാനിപ്പിക്കുക (ഡി – കമ്മീഷനിംഗ് എന്ന പ്രക്രിയ )

2.നിലവിലുള്ള ഡാമിലെ ജലനിരപ്പ് കുറച്ച് തടയണയാക്കി നിലനിർത്തുക, അപകട സാദ്ധ്യത കുറയ്ക്കുക. ജലനിരപ്പ് കുറയ്കുന്നതിനനുസരിച്ച് തമിഴ്‌നാടിനുള്ള ജലലഭ്യത ഉറപ്പുവരുത്താൻ തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുവാൻ ആവശ്യമായ ആഴത്തിൽ പുതിയ ടണലുകൾ നിർമ്മിക്കുക.

3. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിൽ സംഭരിക്കുക. അവിടെ നിന്നും പുതിയ ടണൽ മാർഗ്ഗം തമിഴ്‌നാടിന് വെള്ളം നൽകുക. മുല്ലപ്പെരിയാർ ഡാം നിർജ്ജീവമാക്കുക.

അപകടം സംഭവിച്ചതിന് ശേഷം നടത്തുന്ന കുറ്റപ്പെടുത്തലുകളേക്കാളും നല്ലത് അപകടം വരാതെ നോക്കുക എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *