വെറും നിസ്സാരം ആയി മാറിയ ഭക്ഷണം

Spread the love

നിങ്ങൾ ഏതെങ്കിലും ഹോട്ടലിൽ നിന്നും പേരിന്റെ പ്രത്യേകത കൊണ്ട്, വളരെ കൗതുകത്തോടെ ഒരു ഭക്ഷണം ഓർഡർ ചെയ്യുകയും, മുൻപിലെത്തിയപ്പോൾ “ഇതാണോ സംഗതി?” എന്ന് അതിശയിക്കുകയും ചെയ്തിട്ടുണ്ടോ? എന്തായിരുന്നു അത്?
ഉണ്ട്. റൈസ് സൂപ്പ് ആയിരുന്നു ആ സാധനം.

ഇന്നെങ്ങും അല്ല കേട്ടോ. ഇതും പത്തു പതിനെട്ടു വർഷങ്ങൾക്ക് മുൻപത്തെ കഥയാണ് . അന്ന് ആദ്യമായി ലണ്ടനിൽ വന്ന സമയം ആണ്. അങ്ങിനെ ഇങ്ങിനെയൊന്നും റെസ്റ്റോറന്റിൽ പോകാറില്ല. ഒന്നാമത് അന്ന് ലണ്ടനിൽ നിന്ന് കുറച്ച് ദൂരെ ആയിരുന്നു താമസം. അവിടെ ഇന്ത്യൻ ടൈപ്പ് റെസ്റ്റോറന്റുകൾ വളരെ കുറവ്. ബ്രിട്ടീഷ് പബ്ബുകൾ ഒത്തിരി ഉണ്ടായിരുന്നെങ്കിലും വംശീയ ആക്രമണം ഉണ്ടാകുമോ എന്നൊക്കെയുള്ള പേടി ഒരു വശത്തും ഇന്ത്യൻ രൂപയിൽ നിന്ന് പൗണ്ടിലേക്ക് convert ചെയ്ത് നോക്കുമ്പോൾ ഉണ്ടാകുന്ന അമ്പരപ്പ് കാരണവും അവിടെയൊന്നും കയറാറില്ലായിരുന്നു.

എന്തായാലും ഞങ്ങൾ കുറച്ച് ഫാമിലികൾ ചേർന്ന് ഒരു outing പോകാം എന്ന് നിശ്ചയിക്കുന്നു. അങ്ങിനെ ഒരു റെസ്റ്റോറന്റ് തപ്പി നടന്നു. ഒരു പബ്ബിൽ കേറി അധികം താമസിയാതെ മനസ്സിലായി അത് ഞങ്ങൾക്ക് പറ്റിയ ഇടം അല്ലെന്ന്. അങ്ങിനെ നോക്കി നടന്ന് അവസാനം ഒരു ചൈനീസ് റെസ്റ്റോറന്റിൽ കയറി.

മെനു നോക്കിയപ്പോൾ ആണ് അടുത്ത പ്രശ്നം. മിക്കതും തന്നെ അറിയില്ലാത്ത വിഭവങ്ങൾ. അന്നൊക്കെ സ്മാർട്ട്‌ ഫോൺ കണ്ടുപിടിച്ചിട്ടില്ല. അത് കൊണ്ട് ഗൂഗിൾ ചെയ്ത് കാര്യം മനസ്സിലാക്കാൻ ഒന്നും പറ്റില്ല. പിന്നെ പൊട്ടക്കണ്ണന്റെ മാവേൽ ഏറു പോലെ കുറച്ച് സാധനങ്ങൾ അങ്ങ് ഓർഡർ ചെയ്തു.

അതിൽ ഒരു സ്റ്റാർട്ടർ വിഭവം പ്രോൺ ക്രാക്കേഴ്സ് (prawn crackers) ആയിരുന്നു. അത് എന്റെ സെലെക്ഷൻ ആയിരുന്നു. പൊതുവെ ചെമ്മീൻ കൊതിയൻ ആയത് കൊണ്ട് നല്ല ചെമ്മീൻ വറുത്തത് കഴിക്കാം എന്നായിരുന്നു ഉള്ളിലിരുപ്പ്.

അവസാനം സ്റ്റാർട്ടേഴ്‌സ് എത്തിത്തുടങ്ങി. ഒരു പ്ലേറ്റ് താഴെ കാണുന്ന പോലെ ഒരു സാധനം എത്തി.

“ഇതെന്താണ് ഈ സാധനം? ഇതൊന്നും നമ്മൾ ഓർഡർ ചെയ്തത് അല്ലല്ലോ” എന്ന് ഞങ്ങൾ ഓർത്തു. പിന്നെ അവർ വന്നപ്പോൾ അവരോട് ചോദിച്ചു “എന്താ ഈ സാധനം?”

” That is prawn crackers “

കിട്ടിയ മറുപടി കേട്ട് ഞങ്ങൾ ഞെട്ടി. പിന്നെ ആഗ്രഹത്തോടെ കാത്തിരുന്ന സാധനം നഷ്ടപെട്ട ദുഃഖത്തിലും സൂപ്പർമാർക്കറ്റിൽ 50 പെൻസിനു കിട്ടുന്ന സാധനം അഞ്ചര പൗണ്ട് കൊടുത്ത് മേടിക്കേണ്ടി വന്നതിലുള്ള രോഷത്തിലും പെട്ട് ഞങ്ങൾ ഇതികർത്താവ്യാമൂഢരായി ഇരുന്ന് പോയി.

വാൽകഷ്ണം : സൂപ്പർമാർകെറ്റിൽ ഇങ്ങനെ ഒരു സാധനം ഉണ്ടെന്നും അതിനുശേഷം ആണ് കണ്ടുപിടിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *