കിണറുകളിൽ ഇ കോളി ബാക്റ്റീരിയ : ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി
എറണാകുളം : ആലങ്ങാട് – കരുമാലൂർ മേഖലയിലെ വിവിധ പ്രദേശങ്ങളിലെ കിണറുകളിലും ജല അതോറിറ്റിയുടെ പൈപ്പ് വെള്ളത്തിലും ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി പരിശോധനയിൽ കണ്ടെത്തി. പരിശോധനയ്ക്കായി കൊണ്ടു വരുന്ന ഭൂരിഭാഗം സാംപിളുകളിലും ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പു പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ആവശ്യം.
വെളിയത്തുനാട് മേഖലയിൽ കഴിഞ്ഞ കുറച്ചു മാസത്തിനിടെ മുപ്പതോളം പേർക്കാണു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. അതിൽ 6 പേർ മരണമടയുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ വെളിയത്തുനാട് ഭാഗത്തും സമീപ പ്രദേശങ്ങളിലും ആരോഗ്യവിഭാഗം അധികൃതർ പരിശോധന നടത്തിയിരുന്നു. കരുമാലൂർ പഞ്ചായത്ത് പരിധിയിലെ പലഭാഗത്തെ കിണറുകളിലെ വെള്ളം പരിശോധിച്ചു വരികയാണ്. ഈ പരിശോധനയിൽ ഒട്ടേറെ പ്രദേശങ്ങളിലെ കിണറുകളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇതോടെ സ്വന്തം നിലയ്ക്കു പരിശോധന നടത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. പലയിടത്തും അടിക്കടി കുടിവെള്ള കുഴലുകൾ പൊട്ടുന്നുണ്ട്. അതിനാൽ ഇതുവഴിയാകാം പൈപ്പ് വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടായതെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്.
കിണറുകളിലെ വെള്ളം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കെട്ടിട സമുച്ചയങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും കൃത്യമായി പരിശോധന നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കൂടാതെ ജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണം നൽകുമെന്നും പൊതുകാനകളിലേക്കു മാലിന്യം ഒഴുക്കുന്നവരെയും മോശം വെള്ളം ഉപയോഗിക്കുന്നവരെയും പിടികൂടി പിഴ ചുമത്തുമെന്നും പഞ്ചായത്ത് അധികാരികൾ പറഞ്ഞിരുന്നെങ്കിലും നാളിതുവരെ നടപടി ഉണ്ടായിട്ടില്ല.
സമീപ പഞ്ചായത്തുകളായ ആലങ്ങാട്– കടുങ്ങല്ലൂർ മേഖലയിലും പലയിടത്തായി ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വെളിയത്തുനാട് വെൽഫെയർ ട്രസ്റ്റിനു സമീപത്തെ വീടുകളിൽ താമസിക്കുന്നവർക്കാണു വ്യാപകമായി മഞ്ഞപ്പിത്തം രോഗബാധ ഉണ്ടായിരിക്കുന്നതെന്നും അതിനാൽ വൃത്തിഹീനമായ സ്ഥാപനങ്ങൾക്കെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്നും കരുമാലൂർ പഞ്ചായത്ത് അംഗം മുഹമ്മദ് മെഹ്ജൂബ് ആവശ്യപ്പെട്ടു.
എഷെറിക്കീയ കോളി ബാക്റ്റീരിയ

ഉഷ്ണ രക്തമുള്ള ജീവികളുടെ വൻകുടലിനുള്ളിൽ കാണപ്പെടുന്ന ദണ്ഡിന്റെ ആകൃതിയിലുള്ള ഒരിനം ഗ്രാം നെഗറ്റീവ് ബാക്ടീരിയയാണ് എഷെറിക്കീയ കോളി. ഐഷറേഷ്യ കൊളായി എന്നും വിളിക്കുന്നു. മനുഷ്യന്റെ മാത്രമല്ല, പല ജന്തുക്കളുടെയും കുടലിനുള്ളിലും, വിസർജ്യത്തിലും , മലിന ജലത്തിലും ഇതിനെ കാണുക സാധാരണമാണ്. ബാക്റ്റീരിയം കോളി അഥവാ ഈ.കൊളായി എന്നും ഇതിനു പേരുണ്ട്.
കുടലിനുള്ളിൽ ആയിരിക്കുമ്പോൾ ഇത് ഉപദ്രവകാരിയല്ലെന്നു മാത്രമല്ല, പല രാസവസ്തുക്കളെയും വിഘടിപ്പിക്കുകവഴി പ്രയോജനകാരിയായി തീരകകൂടി ചെയ്യുന്നു. ചിലത് അത്യാവശ്യ ജീവകമായ കെ-യുടെ നിർമിതിയിലും സഹായിക്കുന്നു. എന്നാൽ മൂത്രനാള-വൃക്ക സംബന്ധിയായ രോഗങ്ങൾക്ക് എഷെറക്കീയ പലപ്പോഴും കാരണമാകാറുണ്ട്. പിത്തസഞ്ചി, അപ്പെൻഡിക്സ്, വൃക്ക, മലാശയം തുടങ്ങിയവയിൽ പഴുപ്പുണ്ടാകുന്നതിനും ഇതു കാരണമാകുന്ന സന്ദർഭങ്ങൾ വിരളമല്ല. ജന്തുക്കളുടെയോ മനുഷ്യന്റെയോ മലത്താൽ മലിനമാക്കപ്പെട്ട ജലത്തിൽ ഇവ കാണപ്പെടാറുണ്ട്. കൂടുതലായും ആശുപത്രി അന്തരീക്ഷത്തിൽ കാണപ്പെടാറുണ്ട്
ശരിയായ ആഹാരം ലഭ്യമാകുകയും കൂടിക്കിടക്കുന്ന സ്വന്തം വിസർജ്യവസ്തുക്കൾ തന്നെ വളർച്ചയ്ക്കു പ്രതിബംന്ധമായി തീരാതിരിക്കുകയും ചെയ്യുന്ന പക്ഷം അതിശയകരമായ വേഗത്തിൽ വർദ്ധനവുണ്ടാകുന്ന ഒരിനമാണ് എ. കോളി. ബാക്റ്റീരിയോളജിസ്റ്റുകൾ ഏറ്റവുമധികം പഠനവിധേയമാക്കുന്ന ബാക്റ്റീരിയയും ഇതുതന്നെ പരീക്ഷണശാലയിൽ കൃത്രിമമായി ഇതിനെ വളർത്തിയെടുക്കാനുള്ള സൗകര്യമാണ് ഇതിനു കാരണം. ബാക്റ്റീരിയോളജിയിൽ പ്രധാനമായ പല അടിസ്ഥാന ധാരണകളും ഇതിൽ നടത്തിയ പഠനങ്ങളിൽ നിന്ന് രൂപംകൊടുത്തവയാണ്.
2018 ഇൽ പ്രളയം ബാധിച്ച മേഖലകളിൽ ഇന്നും ഈ ബാക്ടീരിയ ഒരു അപകടകാരി ആയി തുടരുന്നു . |