2009 ല്‍ ക്രിസ്റ്റഫര്‍ കോച്ച് എന്ന നോര്‍വ്വേക്കാരന്‍ എന്‍ക്രിപ്ഷനുമായി ബന്ധപ്പെട്ട ഒരു പ്രബന്ധം തയ്യാറാക്കുന്നതിനിടെ സാന്ദര്‍ഭികമായി ബിറ്റ്കോയിനെക്കുറിച്ച് മനസ്സിലാക്കുകയും ഒരു കൗതുകത്തിന് 5,000 ബിറ്റ് കോയിനുകള്‍ 27 ഡോളര്‍ മുടക്കി വാങ്ങി സൂക്ഷിക്കുകയും ചെയ്തു. ജോലി തേടിയുള്ള അലച്ചിലിനിടെ ബിറ്റ്കോയിന് ഒരു തരംഗമായതൊന്നും, പിന്നീടുള്ള വര്‍ഷങ്ങളില്‍ അയാളുടെ ശ്രദ്ധയില്‍ പെട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ അവിചാരിതമായി ബിറ്റ്കോയിനെക്കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ട് കണ്ട ക്രിസ്റ്റഫറിന്റെ കണ്ണ് തള്ളി. 27 ഡോളര്‍ മാത്രം മൂല്ല്യമൂണ്ടായിരുന്ന ബിറ്റ്കോയിന് വെറും നാലുവര്‍ഷങ്ങള്‍ക്കകം ക്രിസ്റ്റഫറിനെ കോടിപതിയാക്കിയിരിക്കുന്നു.
ക്രിപ്റ്റോകറന്‍സി എന്ന വിഭാഗത്തില്‍ പെടുന്ന ഒരു വികേന്ദ്രീകൃത നാണയമാണ് ബിറ്റ്കൊയിന്‍. ക്രിപ്റ്റോകറന്‍സി എന്നാല്‍ ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്റ്റോഗ്രാഫിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിയ്ക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ്. ഇടപാടുകള്‍ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്റ്റോഗ്രാഫിക് സങ്കേതങ്ങള്‍ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങള്‍ സ്രുഷ്ടിക്കുകയുമാണ് ക്രിപ്റ്റോകറന്‍സി നാണയ വ്യവസ്ഥയുടെ അടിസ്ഥാനം.
ഇതര ബാങ്കിങ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനും എത്രയോ മടങ്ങ് സുരക്ഷിതമായ ക്രിപ്റ്റോഗ്രാഫിക് സാങ്കേതികവിദ്യയിലാണ് ബിറ്റ്കോയിന് ശൃംഖല പ്രവര്‍ത്തിക്കുന്നത്. മാത്രവുമല്ല, ഇടപാടുകള്‍ പലയിടങ്ങളിലായി രേഖപ്പെടുത്തി വെയ്ക്കുന്നതിനാല്‍ പിഴവുകള്‍ ഒരിക്കലും സംഭവിക്കുന്നില്ല.
സ്വര്‍ണ്ണവും വെള്ളിയും പോലെയുള്ള ലോഹങ്ങള്‍ കുഴിച്ചെടുക്കുന്നതുപോലെ ബിറ്റ്കോയിനും ഖനനം ചെയ്തെടുക്കാം. ബിറ്റ്കോയിന് ഖനനം എന്നത് സങ്കീര്‍ണ്ണമായ കണക്കുകൂട്ടല്‍ പ്രക്രിയയിലൂടെ ഒരു പ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്തുന്നതാണ്. ഈ പ്രഹേളികയെ അല്ലെങ്കില്‍ കണക്കുകൂട്ടലിനെ ഹാഷിങ് എന്ന പദം കൊണ്ടാണ് സൂചിപ്പിക്കുന്നത്.
ഈ പ്രഹേളികയുടെ ചുരുളഴിക്കല്‍ പ്രക്രിയ അതിസങ്കീര്‍ണ്ണമാണെങ്കിലും ഉത്തരം ലഭിച്ചുവോ എന്ന പരിശോധന ലളിതമാണ്. മൂന്നക്കങ്ങളുള്ള ഒരു നമ്പര്‍ പൂട്ട്. പൂട്ട് തുറക്കാന്‍ 000 മുതല്‍ 999 വരെ ഓരോന്നായി പരിശോധിച്ചാല്‍ മതി. ഒരാള്‍ക്ക് ചിലപ്പോള്‍ ഇത് ഏതാനും മണിക്കൂറുകള്‍കൊണ്ട് സാധ്യമായേക്കാം. ഇതേ പൂട്ടിന്റെ പകര്‍പ്പുകള്‍ പത്തുപേര്‍ക്ക് നല്കട്ടെ, പത്തുപേരും തങ്ങളുടെ ജോലി തുല്ല്യമായി ഭാഗിച്ചാല്‍ ഏതാനും മിനിട്ടുകള്‍ക്കകം ഉത്തരം കിട്ടും. ഇനി മൂന്നക്കങ്ങള്‍ക്കു പകരം മുപ്പത് അക്കങ്ങളുള്ള ലോക്ക് ആണെങ്കിലോ? വര്‍ഷങ്ങളോളം പരിശോധിച്ചാലും ഒരാള്‍ക്ക് ഒറ്റയ്ക്ക് ഉത്തരം കണ്ടെത്താന്‍ വിഷമമായിരിക്കും. ഇവിടെ ഇത്തരം കോമ്പിനേഷനുകള്‍ പരിശോധിയ്ക്കുന്നത് കമ്പ്യൂട്ടറുകളാണെന്നു മാത്രം. ഈ പരിശോധനയുടെ വേഗത കമ്പ്യൂട്ടറിന്റെ കണക്കു കൂട്ടല്‍ വേഗതയ്ക്ക് (സി പി യു സ്പീഡ്) ആനുപാതികമായിരിയ്ക്കും.
ഇങ്ങനെ സങ്കീര്‍ണ്ണമായ പ്രശ്നത്തിന് ഉത്തരം ലഭിക്കുമ്പോള്‍ അതിനു പ്രതിഫലമായി ബിറ്റ്കോയിനുകള്‍ ഉത്തരം കണ്ടെത്തിയ ആള്‍ക്ക് അല്ലെങ്കില്‍ കണ്ടെത്തിയവര്‍ക്ക് നല്കപ്പെടുന്നു.
കല്‍ക്കരിയും പെട്രോളിയം ഉത്പന്നങ്ങളും സ്വര്‍ണ്ണവും എല്ലാം ഒരുകാലത്ത് ഉത്പാദനം നിലയ്ക്കും എന്ന് നമുക്കറിയാം. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണവും വെള്ളിയുമെല്ലാം എളുപ്പത്തില്‍ കുഴിച്ചെടുക്കാന്‍ കഴിയുമായിരുന്നു. ക്രമേണ ഇതിന്റെ ലഭ്യത കുറഞ്ഞു വരുന്നു. മാത്രമല്ല, കൂടുതല്‍ ആഴത്തിലും വിസ്തൃതിയിലും ഖനനം ചെയ്യേണ്ടതായും വരുന്നു. ഒരു നാണയം എന്ന നിലയ്ക്ക് ബിറ്റ്കോയിനുകളും സ്വാഭാവികമായ ഇതേ പാത തന്നെയാണ് പിന്തുടരുന്നത്. 2009 ല്‍ തുടങ്ങിയ കാലത്ത് ബിറ്റ്കോയിനുകള്‍ ഖനനം ചെയ്യല്‍ അത്ര വിഷമമുള്ള കാര്യമായിരുന്നില്ല. സാധാരണ കമ്പ്യൂട്ടറുകളുടെ പ്രോസസിങ് പവര്‍ കൊണ്ടുതന്നെ അത് സാധ്യമായിരുന്നു.
ഇത്തരത്തില്‍ കൂടുതല്‍ ബിറ്റ്കോയിനുകള്‍ ഖനനം ചെയ്തെടുക്കുമ്പോള്‍ സ്വാഭാവികമായും ലഭ്യത കുറയുന്നു. ഖനനപ്രക്രിയ സീര്‍ണ്ണവുമാകുന്നു. ഇവിടെ ഖനന പ്രക്രിയ എന്നതുകൊണ്ട് ഈ ഗണിത പ്രഹേളികയുടെ ചുരുളഴിക്കാന്‍ വേണ്ടി വരുന്ന സമയം എന്നാണര്‍ഥമാക്കുന്നത്.
സ്വര്‍ണ്ണഖനനവും പെട്രോളിയം ഖനനനവുമെല്ലാം ഒരുകാലത്ത് നിലച്ചു പോകുമെന്ന് നമുക്കറിയാം. പക്ഷേ, അത് എപ്പോഴെന്ന് കൃത്യമായി അറിയില്ല. ഇനി എത്ര സ്വര്‍ണ്ണം കുഴിച്ചെടുക്കാനാകുമെന്നും വ്യക്തമല്ല. പക്ഷേ ബിറ്റ് കോയിനിന്റെ കാര്യത്തില്‍ ഈ കണക്കിനു കൃത്യതയുണ്ട്. 210 ലക്ഷം ബിറ്റ്കോയിനുകള്‍ മാത്രമേ ഖനനം ചെയ്ത് എടുക്കാനാകൂ. അതായത് 210 ലക്ഷം ബിറ്റ്കോയിനുകള്‍ മാര്‍ക്കറ്റില്‍ എത്തുന്ന ദിവസം ബിറ്റ്കോയിന് ഖനനം പൂര്‍ത്തിയാകുന്നു. ഇതിനായി 2140 വരെ കാത്തിരിക്കണം.
യഥാര്‍ത്ഥത്തില്‍ ഇത്രയും കമ്പ്യൂട്ടര്‍ വിഭവശേഷി വിനിയോഗിച്ചുകൊണ്ട് എന്ത് ഗണിതപ്രഹേളികയുടെ ചുരുളാണ് അഴിക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നത്? നമ്മുടെ സാധാരണ ബാങ്കിങ് ഇടപാടുകളില്‍ അക്കൗണ്ട് ബാലന്‍സ്, കൈമാറ്റ വിവരങ്ങള്‍ തുടങ്ങിയവ അടങ്ങിയ ഒരു ലഡ്ജര്‍ (ഡിജിറ്റലും അല്ലാത്തതും) ബാങ്ക് പരിപാലിക്കുന്നു. ഇതിനായി ബാങ്കില്‍ ഉദ്യോഗസ്ഥരുണ്ട്, വന്‍ കമ്പ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്ന ശൃംഖലയും ഡാറ്റാസെന്ററും ഉണ്ട്. മാത്രമല്ല പരിപാലനച്ചെലവായി നിങ്ങളില്‍ നിന്നും ഒരു നിശ്ചിതതുക ബാങ്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഈടാക്കുകയും ചെയ്യുന്നു. ബിറ്റ്കോയിനിന്റെ കാര്യത്തിലാകട്ടെ കേന്ദ്രീകൃത സുരക്ഷാനിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ദുഷ്ടലാക്കോടെയുള്ള ഇടപെടലുകളില്‍ നിന്നും ബിറ്റ്കോയിന് ശൃംഖലയെ സംരക്ഷിക്കാന്‍ അതിശക്തമായ ക്രിപ്റ്റോഗ്രാഫിക് സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ഇതിനു നല്കേണ്ടുന്ന വിലയാണ് കമ്പ്യൂട്ടര്‍ വിഭവശേഷി.
ബിറ്റ്കോയിനിന്റെ കാര്യത്തില്‍ കേന്ദ്രീകൃത സ്ഥാപനമോ വ്യക്തിയോ ഇല്ല. ഇടപാടു വിവരങ്ങള്‍ ബിറ്റ്കോയിന് ശൃംഖലയിലുള്ള എല്ലാ കമ്പ്യൂട്ടറുകളിലേക്കും അക്കൗണ്ടിങിനായി അയയ്ക്കപ്പെടുന്നു. ഇവിടെ ഇടപാട് വിവരങ്ങള്‍ രേഖപ്പെടുത്തി വെയ്ക്കാന്‍ ബ്ലോക്ക്ചെയിന്‍ എന്നു വിളിക്കപ്പെടുന്ന പബ്ലിക് ഇലക്ട്രോണിക് ലഡ്ജര്‍ ആണ് ഉപയോഗപ്പെടുത്തുന്നത്. ഈ ബ്ലോക്ക്ചെയിനിനെ അടിസ്ഥാനമാക്കിയാണ് ബിറ്റ്കോയിന് ശൃംഖലയുടെ നിലനില്‍പ്പ് തന്നെ. പൂര്‍ത്തിയാക്കപ്പെട്ട എല്ലാ ബിറ്റ്കോയിന് വിനിമയ വിവരങ്ങളും ഈ ലഡ്ജറില്‍ ആലേഖനം ചെയ്യപ്പെടുന്നു. ഇതിലൂടെ ബിറ്റ്കോയിന് പണസഞ്ചികള്‍ക്ക് ചെലവാക്കാന്‍ എത്ര നാണയങ്ങള്‍ ബാക്കിയുണ്ട് എന്ന കണക്ക് ലഭിക്കുന്നു. കണക്കുകള്‍ രേഖപ്പെടുത്താന്‍ മൂന്നാം കക്ഷി ഇല്ലാത്തതിനാല്‍ ഈ കണക്കു പുസ്തകം പരിപാലിക്കാനുള്ള കൂട്ടൂത്തരവാദിത്തം ബിറ്റ്കോയിന് ശൃംഖലയില്‍ ഉള്ളവര്‍ക്കാണ്. ശരാശരി ഓരോ പത്തു മിനിട്ടിലും ബിറ്റ്കോയിന് ബ്ലോക്ക്ചെയിനില്‍ ഒരു പുതിയ ബ്ലോക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനനുസരിച്ച് നാണയങ്ങള്‍ മാര്‍ക്കറ്റില്‍ എത്തുന്നു.
ആരുടെ തലയില്‍ ഉദിച്ച ആശയമാണ് ഈ ബിറ്റ്കോയിന്? ക്രിപ്റ്റോകോയിന്‍ ഒരു പുതിയ ആശയമല്ല. പക്ഷേ, ഏട്ടിലെ പശുവിനെ പുല്ലു തിന്നുന്ന രൂപത്തിലാക്കിയതിന്റെ മുഴുവന്‍ ക്രഡിറ്റും സതോഷി നക്കാമൊട്ടോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഏതോ ഒരു വ്യക്തിക്കോ സംഘത്തിനോ ആണ്.
2008 ല്‍ സതാഷി ബിറ്റ്കോയിന് പ്രോട്ടോക്കോള്‍ അവതരിപ്പിക്കുകയും 2009 ല്‍ അത് നിലവില്‍ വരികയും ചെയ്തു. ബിറ്റ്കോയിന് പ്രോട്ടോക്കോളും അനുബന്ധ സോഫ്റ്റ്വേറുകളും നിര്‍മ്മിച്ച് കൂടുതല്‍ വികസനത്തിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി, 2011 ല്‍ താനാരാണെന്ന് ഒരു സൂചന പോലും നല്‍കാതെ സതോഷി നക്കാമോട്ടോ ബിറ്റ്കോയിന് ലോകത്തുനിന്ന് പൊടുന്നനെ അപ്രത്യക്ഷനായി.
യഥാര്‍ത്ഥത്തില്‍ ആരാണ് ഈ സതോഷി എന്ന് ദി ന്യൂയോര്‍ക്കര്‍, ഫാസ്റ്റ് കമ്പനി തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ കാര്യമായി അന്വേഷണം നടത്തിയെങ്കിലും കൃത്യമായ ഉത്തരം കണ്ടെത്താനായില്ല. ജപ്പാനീസ് ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടര്‍ എഞ്ചിനീയറും സാമ്പത്തിക ശാസ്ത്രജ്ഞനുമെല്ലാമായ ഷിനിച്ചി മൊചിസുകി അല്ലാതെ മറ്റാരുമാകാന്‍ വഴിയില്ല ഈ സതോഷി എന്ന് ‘ഹൈപ്പര്‍ ടെക്സ്റ്റ്’ ന്റെ പിതാവായ ടെഡ് നെല്‍സണ്‍ വിശ്വസിക്കുന്നു. ഇതിനു വ്യക്തമായ ഒരു തെളിവൊന്നും അദ്ദേഹം നല്‍കുന്നില്ല. തന്റെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തി ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുസമൂഹത്തിനു നല്‍കിയതിനു ശേഷം പിന്‍വാങ്ങുന്ന മൊചിസുകിയുടെ സ്വഭാവ സവിശേഷതകള്‍ സതോഷിയുമായി കൃത്യമായി ചേര്‍ന്നു നില്‍ക്കുന്നതാണെന്ന് ടെഡ് നെല്‍സണ്‍ അഭിപ്രായപ്പെടുന്നു.
ബിറ്റ്കോയിന് എന്ന ആശയം വെറുമൊരു ഗണിതശാസ്ത്രജ്ഞന്റെയോ കമ്പ്യൂട്ടര്‍ എഞ്ചിനീയറുടേയോ മാത്രം തലയില്‍ നില്ക്കുന്നതല്ല. സാമ്പത്തിക സാമൂഹിക മാനവിക വിഷയങ്ങളില്‍കൂടി അസാധാരണമായ ഉള്‍ക്കാഴ്ച്ചയുള്ള ഒരാള്‍ക്ക് മാത്രമേ ഇതിനു കഴിയൂ എന്നതും ഈ നിഗമനങ്ങള്‍ക്ക് അടിവരയിടുന്നു. മാത്രവുമല്ല, ഈ ഒരു ആശയം പുറംലോകവുമായി അര്ത്ഥശങ്കയ്ക്കിടനല്കാത്ത വിധം ചര്‍ച്ചചെയ്യാന്‍ ഇംഗ്ലീഷ് ഭാഷയില്‍ നല്ല പരിജ്ഞാനം ആവശ്യമാണ്. മൊചിസുകി ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ചുരുക്കം ജപ്പാന്‍കാരില്‍ ഒരാളുമാണ്. പക്ഷേ മൊചിസുകി ഇത് നിഷേധിച്ചിട്ടുണ്ട് എന്നതിനാല്‍ ബിറ്റ്കോയിനിന്റെ പിതാവ് ഇന്നും സതോഷി എന്ന അപരനാമത്തിനു പിന്നില്‍ മറഞ്ഞു നില്ക്കുന്നു.