മരണത്തെ മുൻകൂട്ടി കാണാൻ സാധിക്കുമോ

Spread the love

മരിച്ച ഒരാൾക്ക് അയാളുടെ മരണത്തെ തിരിച്ചറിയാൻ സാധിക്കുമോ? അതോ മരിക്കുന്നതോടുകൂടി അയാളുടെ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുമോ? ഒരാൾ മരിക്കാൻ പോകുന്ന കാര്യം മുൻകൂട്ടി അയാൾക്ക് അറിയാൻ കഴിയുമോ ? ആദ്യന്തികമായി പറഞ്ഞാൽ സ്വാഭാവികമായി ഉള്ള മരണം വെറും ഒരു ഉറക്കം മാത്രമാണ് . ദുർമരണങ്ങൾ എല്ലാം തന്നെ വേദന അനുഭവിച്ചുള്ള മരണം ആണ് . മരണത്തോടുകൂടി അല്ല, പൂർണ്ണമായ മരണത്തിന് മുൻപ് തന്നെ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കും. മസ്തിഷ്‌ക കാണ്ഡം (brain stem) പ്രവർത്തനരഹിതമായാൽ മനുഷ്യൻ മരിച്ചു. അതിനും മുന്നേ ചിന്തകൾ, തിരിച്ചറിവുകൾ, ബോധം എല്ലാം പോകും.

മരിച്ച അഥവാ മരണം എന്ന പ്രക്രിയ സംഭവിച്ച് കഴിഞ്ഞ ഒരാൾക്ക്, (അത് ആൾ അല്ല. ശരീരം മാത്രമാണ്) അതിന് ഒന്നും തിരിച്ചറിയാൻ സാധിക്കില്ല. തലച്ചോറിന്റെ മരണത്തെയാണ് മരണമായി കണക്കാക്കുന്നത്. തലച്ചോറിന്റെ പ്രവർത്തനം പൂർണ്ണമായി നിലച്ചാലും, തിരിച്ചുവരവ് അസാധ്യമായ അവസ്ഥയിൽ എത്തിക്കഴിഞ്ഞാലും നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും പിന്നേയും മിനിറ്റുകളോളം പ്രവർത്തന സജ്ജമായിരിക്കും. അതായത്, എല്ലാ അർത്ഥത്തിലും ഉള്ള മരണം സംഭവിക്കുന്നതിനും മുൻപ് തന്നെ ബോധം, തിരിച്ചറിവ് ഒക്കെ നശിക്കും.

മരിക്കാറാവുമ്പോൾ അത് അയാൾക്ക് തിരിച്ചറിയാൻ സാധിക്കുമോ? ചിലപ്പോൾ സാധിക്കും എന്നാണ് ഉത്തരം. അത് ശരിയായിക്കൊള്ളണം എന്നില്ല. മരണത്തെ മുഖാമുഖം (ഭാഷ പ്രയോഗം മാത്രം) കണ്ട ചിലർ ജീവിതത്തിലേക്ക് തിരിച്ചുവന്ന് പിന്നേയും കുറേക്കാലം ജീവിച്ചിട്ടുണ്ട്. അവരുടെ അനുഭവങ്ങളൊക്കെ പല തരത്തിലാണ്. കഠിനമായ വേദന, പിന്നെ വേദന അറിയാൻ പറ്റാത്ത ഏതാനും സെക്കന്റുകൾ, സ്വയം ഉയരുന്നതുപോലെ, അല്ലെങ്കിൽ ദൂരെ പ്രകാശമുള്ള ഒരു ഗുഹയുടെ അറ്റത്ത് നിൽക്കുന്നതുപോലെ അങ്ങനെ തോന്നലുകൾ വ്യത്യസ്തമായി ഉണ്ടാകുമെന്ന് പറയപ്പെടുന്നു. ഈ അനുഭവം ഉണ്ടായവർ ആശുപത്രി കിടക്കയിൽ ലൈറ്റിന് കീഴെ കിടക്കുകയായിരുന്നതുകൊണ്ട് ഉണ്ടായ തോന്നലാകാം എന്നും പറയപ്പെടുന്നു. ഇതിനിടയിൽ തന്റെ വിശ്വാസത്തെ ന്യായീകരിക്കാൻ ആകാശത്ത് താൻ വിശ്വസിക്കുന്ന ദൈവത്തിനെ “മനുഷ്യർ വരച്ചുവെച്ച” മനുഷ്യരൂപത്തിൽ കണ്ടു, തനിക്ക് നേരെ കൈ നീട്ടി, സ്വർഗ്ഗത്തിന്റെ കവാടം കണ്ടു എന്നൊക്കെ പറയുന്നവരും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *