എഴുപതുകളിൽ ആണ് ജീവിതത്തിൽ എന്നന്നേയും തിക്കു മുട്ടിൽ ആക്കിയ തികച്ചും ഇഛാ ഭംഗമായി മാറിയ ആ സംഭവം നടക്കുന്നത്. ടിവി, മൊബൈൽ, ഇന്റർനെറ്റ് ഇതൊന്നും പിറവി കൊണ്ടിട്ടില്ല. വീടുകളിൽ കരണ്ട് എത്തി തുടങ്ങിയിട്ടില്ല. ബൾബ് കത്തി നിൽക്കുന്നതു പോലും അത്ഭുതകരം ആയ കാഴ്ച ആയിരുന്ന കാലം . വീടുകളിൽ റേഡിയോയും വിരളം. സമ്പന്നരുടെ രാജകീയ മുറികൾ അലങ്കരിച്ചിരുന്നത് റേഡിയോ ആയിരുന്നു. ഏകദേശം ഒരു മേശയുടെ വലിപ്പമുണ്ടാകും വാൽവ് റേഡിയോകൾക്ക് – ഇന്നത്തെ നിലക്ക് ഒരു 25000 കൊടുക്കണം , അന്നത്തെ ഒരു റേഡിയോക്ക് …!!! ഇത്രയും നീട്ടി പരത്തി പറഞ്ഞാൽ മാത്രമേ ഈ കഥ നടക്കാൻ ഇട ആയ സാമൂഹ്യ പശ്ചാത്തലം മനസ്സിലാവുകയുള്ളൂ .കമ്പനി ജോലിക്കാരൻ ആയ അച്ഛനും സംഘടിപ്പിച്ചു ഒരു പഴയ വാൽവ് റേഡിയോ .ഒരു ട്രങ്ക് പെട്ടിയുടെ വലുപ്പമുണ്ടായിരുന്നു .മീൻ പിടിക്കുന്ന വല പോലെ ആന്റിനയൊക്കെ വലിച്ചു കെട്ടി .ഇതുണ്ടെങ്കിലെ റേഡിയോയുടെ അകത്തിരിക്കുന്ന യേശുദാസിനും ജാനകിയമ്മക്കുമൊക്കെ ശ്വാസം കഴിക്കാൻ പറ്റുകയുള്ളത്രെ !ഞങ്ങളുടെ കൊച്ചു വീട്ടിൽ പ്രഥമ സ്ഥാനം കൊടുത്ത് അതിനെ ഒരു ഷെൽഫിൽ കയറ്റി വച്ചു .എങ്ങനെ ആണ് ആ പെട്ടിയിൽ നിന്നും ശബ്ദം പുറത്തു വരുന്നതെന്ന രഹസ്യം വർഷങ്ങളോളം ഉറങ്ങി കിടന്നു .പാട്ടു പാടുന്നതും വർത്തമാനം പറയുന്നവരുമൊക്കെ ഇത്തിരി കുഞ്ഞന്മാരായി ആ പെട്ടിക്കകത്തു ഉണ്ടെന്നായിരുന്നു തെറ്റി ധരിപ്പിച്ചിരുന്നത് .ഒരിക്കലെങ്കിലും ആ പെട്ടി ഒന്നു തുറന്നു ആ ഇത്തിരി കുഞ്ഞന്മാരെ നേരിൽ കാണാൻ ആറ്റു നോറ്റിരുന്ന ആ ബാല്യകാലം.ആകാശവാണി തൃശ്ശൂർ നിലയം മാത്രമാണ് നല്ല ക്ലീർ ആയി നല്ല വോളിയത്തിൽ ലഭിക്കുമെന്നതിനാൽ ആ നിലയം മാത്രമാണ് കേൾക്കാറുള്ളത് .മാത്രവുമല്ല അന്ന് FM എന്നൊരു സ്റ്റേഷൻ കേട്ടു കേൾവി പോലുമില്ല .ആ ഒരേ ഒരു നിലയത്തിലൂടെ യേശുദാസിന്റെയും ജാനകിയമ്മയെയും ആ നിലയത്തിലെ അനൗൻസെർമാരെയും അവരുടെ ശബ്ദവും മനപാഠമായി .VM ഗിരിജ മുളങ്കുന്നതുകാവ് രാധ , TP രാധാമണി , സുഷമ മോഹൻ എന്നിവരുടെ ശബ്ദങ്ങൾ തിരിച്ചറിയാൻ തുടങ്ങി .പഠിക്കാൻ ഏറെ ഉള്ളത് കൊണ്ട് അത്യാവശ്യം ലിഷർ ടൈമിൽ മാത്രമേ റേഡിയോ കേൾക്കാൻ അമ്മ സമ്മതിക്കുകയുള്ളൂ .തൃശൂർ സ്റ്റേഷൻ പരിപാടികൾ തീരുന്ന പകൽ സമയത്ത് സമയം കിട്ടിയാൽ ശ്രീലങ്ക പ്രക്ഷേപണ നിലയം ആണ് കേട്ടിരുന്നത് .ജീവിതത്തിൽ ആദ്യമായി ഗാനങ്ങളും പരിപാടികളും കേട്ടത് ആ റേഡിയോ വഴി ആയിരുന്നു എന്നു പറയുന്നതിൽ അഭിമാനമുണ്ട് .ഞായറാഴ്ചകളിൽ കറന്റ് ഉള്ള ദിവസങ്ങൾ ആണെങ്കിൽ രാവിലെ 8 മണിക്ക് തൃശൂർ സ്റ്റേഷനിൽ നിന്നും പ്രക്ഷേപണം ചെയ്തിരുന്ന ഒരു പരിപാടി ബാലമണ്ഡലം ഇടക്കൊക്കെ കേൾക്കും .ഞായറാഴ്ചകളിൽ പ്രത്യേകിച്ചു ഒരു കാരണവുമില്ലാതെ കറന്റ് ഓഫ് ചെയ്യുന്ന നടപടി അന്നേ ഉണ്ട് .കാരണം അന്വേഷിച്ചാൽ എന്തെങ്കിലും മുട്ടാപ്പോക്ക് കലർന്ന ധിക്കാരം നിറഞ്ഞ മറുപടി ആയിരിക്കും ലഭിക്കുക .KSEB അന്ന് ഇന്നത്തേക്കാളും കുത്തഴിഞ്ഞു കിടക്കുക ആയിരുന്നു .
സ്‌കൂളിലെ ജാനകി ടീച്ചറുടെ പാട്ട് ക്ലാസ്സിൽ കുട്ടികൾ എല്ലാരും ഉറക്കെ ഉറക്കെ തൊണ്ട പൊട്ടുമാറു ദേശീയ ഗാനം പാടി പഠിച്ചു .സ്‌കൂളിലെ നല്ല പാട്ടുകാരൻ ആയി എന്നെ ശ്രദ്ധിക്കാൻ കാരണം ദേശീയ ഗാനം ഈണത്തിൽ നല്ല ശബ്ദത്തിൽ ചൊല്ലുന്ന കണ്ടിട്ടാവണം .പിന്നീട് ഞാൻ ആ സ്‌കൂളിലെ ആസ്ഥാന ഗായകൻ ആയി മാറാൻ അധികം താമസമുണ്ടായില്ല .ഞാൻ അന്ന് മൂന്നാം തരം സി ഡിവിഷനിൽ പഠിക്കുക ആയിരുന്നു .പാടാൻ നല്ല കഴിവുണ്ടായിരുന്നത് കൊണ്ട് ആ CONVENT സ്‌കൂളിലെ കന്യാ സ്ത്രീകൾ എന്നെ കേരളം മുഴുവൻ കൊണ്ടു നടന്ന് ഒരു പാട് സമ്മാനങ്ങൾ നേടി എടുത്തു .വർഷങ്ങൾ ഒരു പാട് കഴിഞ്ഞത് കൊണ്ട് ഓർമകളിൽ ചിതൽ അരിച്ചു തുടങ്ങിയിരിക്കുന്നു .എങ്കിലും ജീവിതത്തിലുടനീളം ഇച്ഛാഭംഗത്തിനു ഇട ആക്കിയ ആ സംഭവം എങ്ങനെയും എനിക്ക് എഴുതി തീർത്തെ പറ്റൂ.വിട്ട് പോയവ വായനക്കാർ പൂരിപ്പിച്ചു തരുമെന്ന പ്രതീക്ഷയോടെ തുടരട്ടെ…
സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചറെയല്ലാതെ വേറെ ആരുടെയും മുഖത്ത് നോക്കുകയോ, പരിചയപ്പെടുകയോ ഒന്നും ചെയ്യാൻ പ്രാപ്തി ഇല്ലാതിരുന്ന കാലം. ഭയം ആയിരുന്നു അപരിചിതരെയെല്ലാം. എങ്കിലും അന്നൊരു ശനിയാഴ്ച ടീച്ചർ കുറെ പേരെ വിളിച്ചു കൂട്ടി. അവിടെ എല്ലാവരും അപരിചിതർ ആയിരുന്നു വലിയ മൂന്ന് ചേട്ടൻമാർ. പിന്നെ കുറച്ച് കുട്ടികളും. പിന്നെ ഒരു ടീച്ചറും രണ്ടു sister മാരും. ആ കാലത്ത് ടീച്ചറും sister ഉം തമ്മിലുള്ള വ്യത്യാസം അറിയില്ലായിരുന്നു. കലാപരിപാടികളിൽ പങ്കെടുത്ത് ചെറിയ പരിചയമുള്ളത് കൊണ്ടെനിക്ക് മനസ്സിലായി അവിടെ കുറച്ച് കലാപരിപാടികളുടെ റിഹേഴ്സൽ നടക്കുകയാണെന്ന്…കൂട്ടത്തിലെ ഒരു ചേട്ടൻറെ കയ്യിൽ തോളത്ത് തൂക്കിയിട്ട് വായിക്കുന്ന ഒരു ഹാർമോണിയം ഉണ്ടായിരുന്നു. എന്റെ നോട്ടം അതിലേക്ക് തന്നെയായിരുന്നു. അതിൽ നിന്ന് ശബ്ദം വരുന്നത് കേൾക്കുമ്പോൾ ഒരു കൗതുകം. അവിടെ വന്നവരെ ഒന്നും പരിചയമില്ലായിരുന്നു. എങ്കിലും പരസ്പരം വിളിക്കുന്നത് കേട്ടും ഉച്ചവരെ നീണ്ട് കഴിഞ്ഞപ്പോഴേക്കും കുറച്ചുപേരെ പരിചയമായി . അപ്പോഴാണ് കാര്യം മനസ്സിലായത് . അടുത്ത ശനിയാഴ്ച ഇതേസമയം ഞങ്ങൾ എല്ലാവരും തൃശ്ശൂർക്ക് പോകുകയാണ്. റേഡിയോ നിലയത്തിൽ പാടാൻ. കേട്ടപ്പോൾ ആശകൾ ആകാശത്തോളം ഉയർന്നു. ഞാൻ റേഡിയോയിൽ പാടുകയോ ? കേട്ടിട്ട് വിശ്വാസം വന്നില്ല.അപ്പോൾ റേഡിയോയുടെ അകത്തേക്ക് എന്നെയും വലിച്ചെടുത്തു ഇത്തിരികുഞ്ഞൻ ആക്കി മാറ്റാൻ പോകുകയാണോ?. രണ്ടു ചേട്ടന്മാരിൽ ഒരാൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന പ്രവീണിന്റെ അച്ഛനാണ്. നാണം കുണുങ്ങിയും നന്നേ പേടി തൂറനും ആയ ഒരു വെളുത്ത് കോല് പോലത്തെ ചെറുക്കൻ ആയിരുന്നു പ്രവീൺ. ആ ചേട്ടനാണ് ഞങ്ങളെ തൃശ്ശൂർ
കൊണ്ടുപോകുന്നത്..ആ ചേട്ടൻ ഒരു പാട്ടുപെട്ടി കൊണ്ടുവന്നിട്ടുണ്ട്. തുടരെ തുടരെ പാട്ട് കേൾക്കാൻ കഴിയുന്നതും നമ്മൾ പറയുന്നതെല്ലാം പിടിച്ചെടുക്കാനും കഴിവുള്ള ടേപ്പ് റിക്കാർഡർ ആയിരുന്നു ആ പെട്ടി.പിന്നെ ഒരു ചേട്ടൻ താഴെയിരുന്നു രണ്ടു ചട്ടി പോലുള്ള കലങ്ങളിൽ കൊട്ടിക്കൊണ്ടിരുന്നു, നല്ല താളം പുറപ്പെടുന്നുണ്ട്.
റിഹേഴ്സൽ തുടർന്നു ഒരു ഗാനം, ഒരു സമൂഹഗാനം , ഒരു റേഡിയോ നാടകം, എന്നിങ്ങനെയായിരുന്നു റിഹേഴ്സൽ നടത്തിയിരുന്ന കലാപരിപാടികൾ.വളരെ smart ആയി പെരുമാറിയിരുന്ന രണ്ടു കുട്ടികളെ കൂടി ഞാൻ പരിചയപ്പെട്ടു അതിലൊന്ന് ജയ്മോനും മറ്റൊന്ന് റെയ്മോളും.
അവർ ആങ്ങളയും പെങ്ങളുമാണ്. ആങ്ങള നാലാം ക്ലാസിലും, പെങ്ങൾ എൻറെ ക്ലാസ്സിലും ആണ് പഠിക്കുന്നത്. ജയ് മോൻ നാടകത്തിൽ അഭിനയിച്ചു റെയ് മോൾക്ക് 2 പാട്ടുകൾ ഉണ്ടായിരുന്നു. റെയ് മോളിന്റെയും പ്രവീണിന്റെയും കൂടെയുള്ള സമൂഹഗാനമാണ് എനിക്ക് പാടാനുണ്ടായിരുന്നത്.ഉച്ചയോടെ റിഹേഴ്സൽ കഴിഞ്ഞു . ഞാൻ നേരെ വീട്ടിലെത്തി, സന്തോഷകരമായ ആ ഒരു കാര്യം അമ്മയോട് പറഞ്ഞു. ആ ചെറുപ്രായത്തിൽ ജീവിതത്തിലെ എന്ത് കാര്യവും പറയാൻ ആകെയുള്ളത് അമ്മ മാത്രമാണ്. കാര്യം അറിഞ്ഞ അമ്മ വളരെ സന്തോഷിച്ചതായി എനിക്ക് അനുഭവപ്പെട്ടു.
അന്നു രാത്രി ഞാൻ ഉറങ്ങാൻ വളരെ പ്രയാസപ്പെട്ടു. ആ ശനിയാഴ്ച മുതൽ അടുത്ത ശനിയാഴ്ച വരെ നീളം കൂടിയതായി തോന്നി. ദിവസങ്ങൾ നീങ്ങുന്നേയില്ല. ആ ശനിയാഴ്ച ജയ് വിളിച്ചുകൊണ്ടാണ് എഴുന്നേറ്റത്. ജീവിതത്തിലെ ഏറ്റവും വലിയ കാര്യം നടക്കാൻ പോകുന്ന ദിവസം. ഞാൻ റേഡിയോയിൽ പാടാൻ തൃശ്ശൂർ പോകുന്നു. കുളിച്ചു വൃത്തിയായി ഉള്ളതിൽ നല്ലൊരു ഉടുപ്പെടുത്തിട്ട് കാത്തുനിന്നു . ഏഴര ആയപ്പോൾ തൃശൂർക്കുള്ള സംഘത്തിൻറെ കൂടെ ഞാനും കൂടി. ആകെ വലിയവർ 5 കുട്ടികൾ ഞാനുൾപ്പെടെ 6 പേര് . തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിലേക്ക് നടന്നപ്പോഴാണ് അറിഞ്ഞത് പോകുന്നത് തീവണ്ടിക്കാണ്. ദൂരെ നിന്നേ കണ്ടിട്ടുള്ളൂ . ആദ്യമായാണ് തീവണ്ടി യാത്ര ചെയ്യാൻ പോകുന്നത്. വാദ്യ ഉപകരണങ്ങളും കുട്ടികളുമായി ഞങ്ങൾ കാത്തു നിന്നു . പ്രവീണിന്റെ അച്ഛൻറെ കയ്യിൽ പാട്ട്‌പെട്ടി ഉണ്ട്.
അതെന്താണോന്തോ തൂക്കി ഇട്ടോണ്ട് നടക്കുന്നതെന്ന് അറിയാൻ കഴിഞ്ഞില്ല. തീവണ്ടി ഒരു പൊട്ടുപോലെ പ്രത്യക്ഷപ്പെട്ടു. കരിയും പുകയും എല്ലാം വമിച്ചുകൊണ്ട് അത്യുഗ്രമായ അലർച്ചയോടെ ആ കറുത്ത സത്വം ഞങ്ങളുടെ തൊട്ടടുത്ത് വന്നു നിന്ന ഉടനെ പ്രവീണിന്റെ അച്ഛൻ ആ സത്വത്തിന്റെ
അടുത്തേക്കോടി .അതിൻറെ ഉള്ളിൽ ഒരാൾ തല നീട്ടി പ്രവീണിന്റെ അച്ഛനോട് സംസാരിച്ചു . ഞങ്ങൾ തീവണ്ടിയുടെ അകത്തേക്ക് വലിഞ്ഞു കയറി. വണ്ടി പുറപ്പെട്ടു.തൃശ്ശൂർ മുളങ്കുന്നത്ത് കാവ് station ൽ ഞങ്ങൾ ഇറങ്ങി ഇറങ്ങിയപ്പോൾ ചേട്ടൻമാർ സംസാരിക്കുന്നത് കേട്ടു.
“കിട്ടിയോ”
” കിട്ടി “
” കുഴപ്പം എന്തെങ്കിലും….?”
“ഏയ് ഒന്നുമില്ല ഇല്ല ഭംഗിയായി റെക്കോർഡ് ചെയ്തിട്ടുണ്ട് “
” എവിടെ നോക്കട്ടെ? “
പ്രവീണിന്റെ അച്ഛൻ ഒരു ബട്ടണിൽ അമർത്തി അതിൽ നിന്നും തീവണ്ടി ഓടുന്ന ശബ്ദം കേട്ടു. ഓ…. അത്ഭുതം കൊണ്ട് വാ തുറന്നു പോയി.
വണ്ടി നീങ്ങി . സ്റ്റേഷനിൽനിന്നും ഞങ്ങൾ Radio നിലയത്തിൽ എത്തി അല്പം കഴിഞ്ഞ് അകത്തേക്ക് വിളിച്ചു. സ്റ്റുഡിയോയിലേക്ക് നടക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചു ഇതാണോ റേഡിയോ നിലയം. ഇതിൻറെ ഭിത്തി നിറയെ ദ്വാരങ്ങൾ ആണല്ലോ ?. വന്നു പോകുന്നവരിൽ ഞാൻ റേഡിയോയിൽ സ്ഥിരം കേൾക്കുന്ന ശബ്ദത്തിനുടമകൾ ആരെങ്കിലുമുണ്ടോ എന്ന് ഞാൻ ചെവിവട്ടം കൂർപ്പിച്ചു. .ആരെയും കണ്ടില്ല അകത്തൊരു ഒരു കൊച്ച് Hall ൽ നടുക്കായി ഒരു നിലത്തുറപ്പിച്ചിരിക്കുന്ന മൈക്ക് . രണ്ടെണ്ണം താഴെയും. ആ മുറിയുടെയും ഭിത്തികളിൽ കൊച്ചു സുഷിരങ്ങൾ . എന്നെ അത്ഭുതപ്പെടുത്തി. അപ്പുറത്തെ മുറിയിലെ സംവിധാനങ്ങൾ ഒരു നിലകണ്ണാടിയിലൂടെ കാണാം.
അവിടെ സംസാരിക്കുന്നവരുടെ ചുണ്ടുകൾ അനങ്ങുന്നത് കാണാമെന്നല്ലാതെ കേൾക്കാൻ കഴിയുമായിരുന്നില്ല. ജീവിതത്തിൽ ആദ്യമായി കാണുന്നതാകയാൽ എല്ലാം ഒരു അത്ഭുത ലോകമായി തോന്നി. തലേ ആഴ്ച റിഹേഴ്സൽ നടത്തിയ പരിപാടികൾ ഓരോന്നായി അവതരിപ്പിക്കപ്പെടാൻ തുടങ്ങി. പരിപാടി ആരംഭിക്കാനും നിർത്താനുമുള്ള നിർദ്ദേശങ്ങൾ ചില്ലിന് അപ്പുറം ഉള്ളവർ തന്നു കൊണ്ടിരുന്നു. അവരുടെ ശബ്ദങ്ങൾ അശരീരി പോലെ തലയ്ക്കു മുകളിൽ നിന്നും വന്നുകൊണ്ടിരുന്നു. ഞങ്ങളുടെ സമൂഹഗാനം ആണ് ആദ്യമായി പാടിയത്. .
‘ പ്രപഞ്ചശില്പി ഗോപുരമുയർത്തി’
ഇതായിരുന്നു ഞങ്ങൾ മൂന്നു പേർ പാടിയ സമൂഹഗാനം.അതുകഴിഞ്ഞ് പ്രവീണിനെ വിളിച്ചു.പരിസരബോധം നഷ്ടപ്പെട്ടവനെപ്പോലെ ആ കുട്ടി ഉറക്കെ കരയാൻ തുടങ്ങി. പ്രവീണിനെ അവന്റെ അച്ഛൻ പുറത്തേക്ക് കൊണ്ടുപോയി. ആ സമയത്ത് നാടകം അവതരിപ്പിച്ചു. പരിപാടി കഴിഞ്ഞ് free ആയ എന്നെയും വേറൊരുത്തനെയും ചില്ല് മുറിയിലേക്ക് കൊണ്ടുപോയി.ആ മുറിയിൽ രണ്ടത്ഭുതങ്ങൾ നടന്നു. അവിടെ ഉണ്ടായിരുന്ന ഒരു ചേട്ടൻ യാദൃശ്ചികമായി ‘വാ’ തുറന്നു. എൻറെ കണ്ണുകൾ വിടർന്നു . റേഡിയോയിൽ കേൾക്കുന്ന ഉടമകളിൽ ഒരാളെ ഞാൻ തിരിച്ചറിഞ്ഞു. ദൈവത്തെ നേരിട്ട് കണ്ടപോലെ ഞാൻ ആ ചേട്ടനെ നോക്കി : ഞങ്ങളുടെ പരിപാടികൾക്ക് നിർദ്ദേശം കൊടുക്കുന്ന തിരക്കിലായിരുന്നു.
അടുത്തത് പ്രവീണിന്റെ ഗാനം രണ്ടുമൂന്ന് കഷണങ്ങളാക്കി റെക്കോർഡ് ചെയ്ത് തീർത്തു. പിന്നീട് നാടകമായിരുന്നു. അവർ അപ്പുറത്ത് പരിപാടികൾ അവതരിപ്പിക്കുന്നത് എനിക്ക് ഒരു കൊച്ചു റേഡിയോവഴി കേൾക്കാമായിരുന്നു, അവയെല്ലാം spool കൾ ആയി ഉള്ള വലിയ ടേപ്പുകളിൽ റെക്കോർഡ് ചെയ്തു കൊണ്ടിരുന്നു. ആ ചേട്ടൻ സമയം കിട്ടുന്ന മുറയ്ക്ക് ഇവയോരോന്നും ഞങ്ങൾക്ക് പരിചയപ്പെടുത്തി കൊണ്ടിരുന്നു.ഒരു ചെറു ധൈര്യം കിട്ടിയപ്പോൾ ഞാൻ ചേട്ടനോട് വിക്കിയ സ്വരത്തിൽ ചോദിച്ചു .
” ചേട്ടാ ഇതെന്താണ് നെറ്റി നിറയെ ചെറിയ ഓട്ടകൾ ഉള്ളത് “
“Sound proof ആണ്.” അന്നത് പറഞ്ഞത് മനസ്സിലായില്ലെങ്കിലും പുറത്തു നിന്നുള്ള ശബ്ദങ്ങൾ അകത്ത് വരാതിരിക്കാനും, അകത്തെ ശബ്ദം Echo ഉണ്ടാവാതെ ഇരിക്കാനുമാണ് ഭിത്തിയിലെ ചെറു സുഷിരങ്ങൾ എന്ന് പിന്നീട് ഞാൻ പഠിക്കുമ്പോൾ ആണ് മനസ്സിലായത്. പിന്നീട് നാടകം തുടങ്ങി മുഴുവനും കേട്ടു. സമരത്തിൻറെ ഭാഗമായി തീവണ്ടി മറിക്കാൻ ശ്രമിക്കുന്നതും ഒരാൾ അതിന് തടയിട്ട് രക്ഷിക്കാൻ ശ്രമിക്കുന്നതും രക്ഷാ പ്രവർത്തനത്തിനിടയിൽ അവൻ മരിക്കുന്നതും ആയിരുന്നു നാടകത്തിലെ ഇതിവൃത്തം.അതിനു വേണ്ടി ആയിരുന്നു തീവണ്ടിയുടെ ശബ്ദം Record ചെയ്തു കൊണ്ടുവന്ന അപ്പോൾ മാത്രമാണ് മനസ്സിലായത്. ഇതിനിടയ്ക്ക് ഞങ്ങൾ ഇരിക്കുന്ന മുറി തള്ളിത്തുറന്ന് ഒരു ചേച്ചി പാതി തലയിട്ടു കൊണ്ട് ചോദിച്ചു .
” കഴിഞ്ഞോ “
“. ദാ ഇപ്പോൾ കഴിയും “
‘കഴിഞ്ഞോ ‘ എന്ന ചേച്ചിയുടെ ശബ്ദത്തിനുടമയെ ഞാൻ തിരിച്ചറിഞ്ഞു.
V.M. Girija…!
ഒറ്റ Second നേരത്തേക്ക് ആ രംഗവും ഗിരിജചേച്ചിയേയും ഞാൻ എൻറെ മനസ്സിന്റെ ചില്ലുകൂട്ടിൽ അടച്ചു കഴിഞ്ഞു. തരിപ്പ് മാറാൻ പിന്നെയും സമയമെടുത്തു . അപ്പോഴേക്കും വാദ്യോപകരണങ്ങളുമായി ഞങ്ങളുടെ സംഘം പുറത്തിറങ്ങി കഴിഞ്ഞിരുന്നു.എൻറെ കൂടെ ഉണ്ടായിരുന്ന ചേട്ടൻ ഓരോ മുറിയിലും കയറിയിറങ്ങി ഓരോരുത്തരെ പരിചയപ്പെടുത്തുന്നതും ഓരോ ഉപകരണങ്ങളുടെ പ്രവർത്തനങ്ങളും വിവരിച്ചു തരുന്നതും പൊട്ടനെ പോലെ കേട്ടിരുന്നു. കാൻറീനിൽ നിന്ന് ഭക്ഷണം കഴിച്ച് ഞങ്ങൾ ഉച്ചകഴിഞ്ഞ് 3 മണിയോടെ വീടെത്തി. വിശേഷങ്ങൾ പറഞ്ഞു തീരാത്തത്ര .എല്ലാം അമ്മ കേട്ടിരുന്നു . അവസാനം അമ്മ ചോദിച്ചു . എന്നാണ് ഈ പരിപാടി റേഡിയോയിൽ വരുന്നത്. അത് കേട്ട് ഞാൻ നടുങ്ങി. ശരിയാണല്ലോ.. പരിപാടി എന്നെങ്കിലും റേഡിയോയിൽ വരുമോ ?
ഒന്നുമറിയാത്തപോലെ ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു. കുറേദിവസം പ്രവീണിന്റെ അച്ഛൻ വരുമെന്നോർത്തു കാത്തിരുന്നു. പക്ഷേ അയാൾ വന്നില്ല . ക്ഷമ നശിച്ച് ഞാൻ കൂടെ വന്ന കുട്ടികളെ കാണുമ്പോൾ ചോദിച്ചു. അവർക്കും അറിവുണ്ടായിരുന്നില്ല മാത്രവുമല്ല
അവർക്ക് ആ പരിപാടി റേഡിയോയിൽ വരുമെന്ന ഒരു കാര്യം പോലും അറിവുള്ളതായി തോന്നിയില്ല . ഒന്നുരണ്ടാഴ്ച അങ്ങനെ പോയി. റേഡിയോ നിലയത്തിൽ പോയ കാര്യം തന്നെ എല്ലാവരും മറന്ന മട്ടായി. റേഡിയോ എന്ന ലോകത്ത് ജീവിച്ചിരുന്ന എനിക്ക് അതെത്രമാത്രം പ്രാധാന്യം ഉള്ളതായിരുന്നു എന്ന് ആരും മനസ്സിലാക്കി സഹായിക്കാൻ വന്നില്ല. ആരോട് പറയാൻ ആരോട് ചോദിക്കാൻ…..
ഒടുവിൽ ദൈവദൂതനെപ്പോലെ ആ ശബ്ദം കാതിൽ വന്നലച്ചു. എൻറെ കൂടെ വന്ന ആ ടീച്ചർ എന്നെ കണ്ടു പിടിച്ചു എൻറെ അടുത്ത് വന്നു പറഞ്ഞു . ഈ ഞായറാഴ്ച രാവിലെ എട്ടുമണിക്ക് റേഡിയോയിൽ വരും നമ്മുടെ പരിപാടി.
” ഈ ഞായറാഴ്ചയോ ” അപ്പോൾ ഇന്ന് വ്യാഴാഴ്ച”
ഹൊ ‘ പിന്നീട് ആ രണ്ട് ദിവസങ്ങൾ തള്ളിനീക്കാൻ ഞാൻ പെട്ട പാട് . അന്നും ഇന്നും എൻറെ ജീവിതത്തിൽ share ചെയ്യാൻ ആകെ ഉള്ള അമ്മയോട് മാത്രം ഞാൻ ആ സന്തോഷവാർത്ത അവതരിപ്പിച്ചു . അങ്ങനെ ആ പുണ്യമുഹൂർത്തത്തിന്റെ ദിവ്യ പിറവിക്കായി ഞാനും
അമ്മയും കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിപ്പായി.
1979 ലെ ഒരു ഞായറാഴ്ച രാവിലെ 8 മണി ആയപ്പോൾ അമ്മ റേഡിയോ ഓൺ ചെയ്തു തന്നു അടുക്കളയിലേക്ക് പോയി. അന്നും ഇന്നും work holic ആയി ഒരിക്കലും തീരാത്ത അടുക്കള പണിയുമായി കഴിയുന്ന ആ അമ്മ, പിന്നെ കേൾക്കാൻ കാതു കൂർപ്പിച്ച് റേഡിയോയ്ക്ക് മുമ്പിൽ ഞാൻ മാത്രം.
“…ആകാശവാണി തൃശൂർ….”
ഒരു ചേട്ടൻറെ ശബ്ദം…
“…ബാല മണ്ഡലം, കറുകുറ്റി St. Joseph LP സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ…”.
‘MUSIC’
“…ഇന്നാദ്യം., …….. ഠിം…”
ഇതെന്തുപറ്റി പരിപാടി നിന്നല്ലോ.. ആ ഇടിത്തീ വീണത് എൻറെ ശിരസ്സിൽ ആണോ, മനസ്സിൽ ആണോ,. കാരണം Current പോയി. ഇന്ന് കേട്ടില്ലെങ്കിൽ ജീവിതത്തിൽ ഇനിയൊരിക്കലും ഉണ്ടാവാത്ത ആ ദിവ്യ മുഹൂർത്തം..Current- ഈശ്വരാ……ഇന്ന് ഞായറാഴ്ച. Current- രാവിലെ പോയാൽ വൈകുന്നേരം മാത്രം വരുന്ന സാധനം. ഞാൻ കരച്ചിലിന്റെ വക്കോളമെത്തി . കാരണം എൻറെ ….അത് ആ തൃശ്ശൂർ യാത്രയോടുള്ള ഇച്ഛ
എനിക്ക് മാത്രം അറിയാവുന്നതു മനസ്സിലാക്കാൻ കഴിയുന്നതുമായ ഒരു സാധനം. ഇത്രമാത്രം ആശിച്ചിട്ട് അത് നടക്കാതെ വന്നാൽ ഈ ജീവിതത്തിൽ ഒരിക്കലും സ്വസ്ഥത കിട്ടില്ല. ശരി ആയിരുന്നു. ആ ഇച്ഛ പിന്നീട് ഒരിക്കലും നടന്നില്ല . വർഷങ്ങൾ എത്ര കഴിഞ്ഞു…..ഇന്നിപ്പോൾ എവിടെ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ജീവിക്കാൻ ത്രാണി ഈശ്വരൻ നൽകിയിട്ടുണ്ട്. എങ്കിലും ആദ്യമായി അത്രയേറെ ആഗ്രഹിച്ചിട്ട് നടക്കാതെ പോയതിലുള്ള ഇച്ഛാഭംഗം എവിടെയോ ഒരു നീറ്റൽ ആയി അവശേഷിപ്പിച്ചു. പിറ്റേ ദിവസം ക്ലാസ്സിൽ വന്നപ്പോൾ കണ്ടവരൊക്കെ ചോദിച്ചു , പരിപാടി കേട്ടോ?. കേട്ടില്ലെന്ന് ഞാൻ പറഞ്ഞില്ല. ഞാൻ അനുഭവിച്ച ഈ അനുഭവിക്കാൻ കിടക്കുന്ന ആ ഏകാന്ത ദുഃഖത്തിന്റെ ആഴം ഞാൻ മാത്രം അറിഞ്ഞാൽ മതിയല്ലോ എന്നോർത്ത് മനസ്സിലിട്ടുരുട്ടാൻ ശ്രമിച്ചു.