മന്ത്രിയുടെ തന്ത്രങ്ങൾ

Spread the love

മലയാളി മലയാളത്തില്‍ ചിത്രകഥ വായിച്ചു തുടങ്ങിയത് എന്നുതൊട്ടാണ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കിട്ടാന്‍ വിഷമമാണ്. കേരളത്തിലെ ചിത്രകഥയുടെ ചരിത്രം ഇതുവരെ ആരുമെഴുതിയിട്ടില്ല. എല്ലാവരും അവ വായിച്ചാണു വളര്‍ന്നതെങ്കിലും. ചിത്രചരിത്രമോ കഥാചരിത്രമോ ചിത്രകഥയുടെ ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.

മുപ്പത് മുപ്പത്തഞ്ചു വർഷം മുൻപ് ഞങ്ങളുടെ പബ്‌ജിയും,ഫ്രീഫയറുമൊക്കെ ഈ കഥാപാത്രങ്ങളായിരുന്നു… ഞങ്ങളുടെ മൊബൈൽ, പൂമ്പാറ്റയും ബാലരമയുമായിരുന്നു…
അതിൽ മായാവിയും ലുട്ടാപ്പിയും, കപീഷും, ശിക്കാരി ശമ്പുവും, നമ്പോലനും,കഴിഞ്ഞാൽ മനസ്സിൽപ്പതിഞ്ഞ കഥാപാത്രങ്ങളാണ് നന്മയുള്ള മനസ്സിന്നുടമയായ ഹോജ രാജാവും,
കുബുദ്ധിയിലൂടെ രാജാവിന്റെ കൂടെ നിന്ന് ചതിച്ചു ഹോജരാജാവിനെ വകവരുത്തി രാജസ്ഥാനം കയ്യടക്കാൻ മോഹിച്ചു നടക്കുന്ന മന്ത്രി… അവസാനം കറങ്ങിതിരിഞ്ഞു തന്റെമേൽതന്നെ പതിക്കുകയും അത് രാജാവിനെ രക്ഷിക്കാൻ സ്വയം വരിച്ചതാണെന്ന് രാജാവിന് തോന്നുകയും ആ വകയിൽ നല്ലവനായ രാജാവിന്റെ കയ്യിൽനിന്നും പാരിദോഷിതങ്ങളും അഭിനന്ദനങ്ങളും ഏറ്റു വാങ്ങുകയും ചെയ്യുന്ന ഒരു പാവം മന്ത്രിയുടേയും കഥ…കൂട്ടുകാരുടെ വീട്ടിൽ രണ്ടാഴ്ച്ച കൂടുമ്പോൾ വരുന്ന ബാലരമയിൽ പുതിയ പുതിയ കഥകൾ അവർ വായിക്കുമ്പോൾ അടുത്തുള്ള പലചരക്കുകടയിൽ പേപ്പർ തൂക്കിവാങ്ങുമ്പോൾ അതിന്നിടയിലുണ്ടാകുന്ന ബാലരമയും പൂമ്പാറ്റയുമൊക്കെ കുറഞ്ഞ വിലക്കു തൂക്കിവാങ്ങുമ്പോൾ പത്തും ഇരുപതും എണ്ണം കിട്ടും അപ്പോൾ കിട്ടുന്ന സന്തോഷം അതൊരു വേറേ ലെവലായിരുന്നു…ഒരവധിക്കാലം തീരാൻ അത് ധാരാളമായിരുന്നു… വായിച്ച കഥകൾ തന്നെ വീണ്ടും വീണ്ടും വായിക്കുമായിരുന്നു… ഹൊ അതൊരുകാലം…◾️

കൂടുതല്‍ ഹോജാ കഥകള്‍

ഒരു ദിവസം ഹോജയെ ഒന്നു കളിയാക്കണമെന്ന് രാജാവ് തീരുമാനിച്ചു. അതിനുവേണ്ടി അദ്ദേഹം എല്ലാവരെയും എന്താണ് ചെയ്യേണ്ടതെന്ന് ശട്ടം കെട്ടി. അന്നു രാവിലെ പതിവ് പോലെ കൊട്ടാരത്തിലെത്തിയ ഹോജയെകണ്ട് കാവല്‍ക്കാരന്‍ പ്രത്യേക അഭിവാദ്യം നല്‍കി. കൊട്ടാരത്തിനകത്തെത്തിയതും എല്ലാ സഭാവാസികളും എഴുന്നേറ്റ് നിന്ന് ഹോജയെ വണങ്ങി.

എന്താണ് നടക്കുന്നതെന്ന് ഹോജയ്ക്ക് ഒരു പിടിയും കിട്ടിയില്ല. ഹോജ ആകെ അമ്പരന്നു നില്‍ക്കവേ രാജാവ് പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു.

“പ്രിയപ്പെട്ട ഹോജാ, നിങ്ങളുടെ കഴിവില്‍ അഭിമാനം കൊണ്ട് ഞാന്‍ താങ്കളെ വിഡ്ഡികളുടെ രാജാവാക്കാന്‍ തീരുമാനിച്ചു. ഒരു രാജാവായ താങ്കളോട് ബഹുമാനം കാണിക്കാനാണ് അവരെല്ലാം എഴുന്നേറ്റ് വണങ്ങിയത്”

ഹോജയ്ക്ക് കാര്യം മനസ്സിലായി. ഇത് തനിക്ക് രാജാവ് കരുതിക്കൂട്ടി ഒരുക്കിയ ഒരു പണിയാണെന്ന് അദ്ദേഹത്തിന് പിടികിട്ടി. ഹോജ മറുപടിയൊന്നും പറയാതെ തന്‍റെ ഇരിപ്പിടത്തിന് നേര്‍ക്ക് നടന്നു.

സദസ്സിലുണ്ടായിരുന്നവര്‍ ഹോജയെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി, കൂടെ രാജാവും ചേര്‍ന്നു.

പെട്ടെന്നായിരുന്നു ഹോജ ഉഗ്രസ്വരത്തില്‍ കല്‍പ്പിച്ചത്.

“എന്താണിത്? ആരാണിവിടെ ഉച്ചത്തില്‍ ചിരിച്ച് ബഹളമുണ്ടാക്കുന്നത്. നാം നിങ്ങളുടെയെല്ലാം രാജാവാണ്”

ഹോജയുടെ ഗാംഭീര്യത്തോടെയുള്ള വാക്കുകള്‍ കേട്ട സദസ്യരെല്ലാം നാണം കെട്ട് പോയി. ബുദ്ധിമാനായ ഹോജ എത്ര സമര്‍ത്ഥമായാണ് തങ്ങളെല്ലാം വിഡ്ഢികളാണെന്ന് സ്ഥാപിച്ചത് എന്ന് അവര്‍ അതിശയപ്പെട്ടു. 

ഇളിഭ്യനായിപ്പോയ രാജാവ് ഹോജയുടെ ബുദ്ധിശക്തിയെ പ്രകീര്‍ത്തിച്ച് അദ്ദേഹത്തിന് കൈ നിറയെ സമ്മാനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *