വായിനോട്ടവും കല്യാണവും

A joyful bride and groom enjoying their wedding day outdoors in KL, India.
Spread the love

ഞങ്ങള്‍ ആണ്‍കുട്ടികള്‍ കല്ല്യാണം കഴിക്കാന്‍ മോഹമുണ്ടെന്ന് ആരോടെങ്കിലും ഒന്ന് പറഞ്ഞുപോയാല്‍ കേള്‍ക്കുന്ന ആളുടെ മുഖത്ത് ഒരു മാതിരി ആക്കിയ ചിരിയും ഒരു കണ്ണിറുക്കി കാണിക്കലുമാണ്..,

അവരുടെ ഒക്കെ വിചാരം ഞങ്ങളീ കല്ല്യാണം കഴിക്കണമെന്ന് പറയുന്നത് ഇരുപത്തിനാല് മണിക്കൂറും ഭാരൃയെ കെട്ടിപ്പിടിച്ച് കിടക്കാനാണെന്നാണ്…..

സംഭവം ഞങ്ങള്‍ നല്ലോണം വായ്നോക്കും കൂടെ അല്ലറ ചില്ലറ കുരുത്തക്കേടുകളും കയ്യിലുണ്ട് സമ്മതിക്കുന്നു… എന്ന് കരുതി ഞങ്ങളുടെ ഉള്ളിലുള്ള ”കുടുംബനാഥനെ ” നിങ്ങളാരും കാണാതെ പോവരുത്..,

ഞങ്ങള്‍ക്കുമുണ്ട് ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും….

ഒരു നല്ല പെണ്‍കുട്ടി കൈപിടിച്ച് വീട്ടിലേക്ക് കടന്ന് വരുന്നതും അവള്‍ വീടിന്‍റെ വിളക്കായി തെറ്റുകള്‍ ചൂണ്ടികാണിച്ച് ഞങ്ങളെ നേര്‍വഴിക്ക് നടത്തുന്നതും ഞങ്ങളുടെ ഉള്ളിലുള്ള മോഹമാണ്……

അവളുടെ കൈയ്യും പിടിച്ച് ബന്ധുക്കാരുടേയും സ്വന്തക്കാരുടേയും വീട്ടില്‍ വിരുന്ന് പോവ്വാനും നേർച്ച കാണാന്‍ പോവ്വാനും സിനിമക്കും ബീച്ചിലും പാര്‍ക്കിലും പോവ്വാനും ഹോട്ടലില്‍ കയറി ചിക്കന്‍ ബിരിയാണി കഴിക്കാനും വരുന്ന വഴി മഴ കൊണ്ട് ഒരുമിച്ചിരുന്ന് നനയാനും ഞങ്ങള്‍ക്കും മോഹമുണ്ട്..,

കല്ല്യാണം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് റോഡിലൂടെ പോവുമ്പോള്‍ നിന്‍റെ ” കെട്ടൃോള്‍ക്ക് വിശേഷമൊന്നും” ആയില്ലേടാ എന്ന നാട്ടുകാരുടെ ചോദ്യം കേള്‍ക്കാന്‍ ഞങ്ങള്‍ക്കും മോഹമുണ്ട്…..

പെട്ടെന്ന് ഒരു ദിവസം അവള്‍ ‘അമ്മയാവാന്‍ ‘ പോവുന്നതറിഞ്ഞ് ജോലിസ്ഥലത്ത് നിന്നും ഓടികിതച്ച് വീട്ടിലെത്തി അഭിമാനത്തോടെ അത്യാഹ്ലാദത്തോടെ അവളെ വാരിയെടുത്ത് അവളുടെ നെറുകയിലൊന്ന് ചുംബിക്കാന്‍ ഞങ്ങള്‍ക്കും മോഹമുണ്ട്..,

നട്ടപ്പാതിരക്ക് മസാലദോശക്കും നട്ടുച്ചക്ക് ഉച്ചിയിലുള്ള പച്ചമാങ്ങക്കും അവള് വാശി പിടിക്കുമ്പോള്‍ അവളുടെ ചുവന്നു തുടുത്ത മുഖത്തെ നിഷ്കളങ്കത കാണാന്‍ , അവളുടെ നിറവയറില്‍ മുഖം ചേര്‍ത്ത് ”ലാലിലാലീലി ‘ മൂളാന്‍ ഞങ്ങള്‍ക്കും മോഹമുണ്ട്..,

ആശുപത്രി വരാന്തയില്‍ വെപ്രാളം പൂണ്ട് നടക്കുമ്പോള്‍ നേഴ്സ് വന്ന് പേര് വിളിച്ച് ”നിങ്ങളുടെ ഭാര്യ പ്രസവിച്ചുട്ടോ” എന്ന് പറയുമ്പോള്‍ ഇന്നുവരെ അനുഭവിക്കാത്ത അഭിമാനബോധത്തോടെ നിറകണ്ണുകളുമായി കുഞ്ഞിനെ കണ്ണുനിറയെ കണ്ട് അദ്ഭുതത്തോടെ കുഞ്ഞിനെ ഒന്ന് തൊട്ട് അടുത്ത് കിടക്കുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി ”നമ്മുടെ നമ്മുടെ കുഞ്ഞാണിതെന്ന് ” വിറയാര്‍ന്ന ചുണ്ടുകളാല്‍ സന്തോഷത്താല്‍ വീര്‍പ്പുമുട്ടി പറയാന്‍ ഞങ്ങള്‍ക്കും മോഹമുണ്ട് ….

കുഞ്ഞിനെ കുളിപ്പിക്കുന്നതും കൗതുകത്തോടെ നോക്കാനും ഈ നെഞ്ചിലെ ചൂടില്‍ വച്ച് ഉറക്കാനും, ആദ്യമായി കുഞ്ഞ് ” അച്ചാ ” എന്നൊന്ന് വിളിക്കുന്നത് കേള്‍ക്കാനും കുഞ്ഞ് ഒരുരുള ചോറുണ്ണാന്‍ വേണ്ടി ആന കളിക്കാനും തലകുത്തി മറിയാനും നിലത്ത് കിടന്നുരുളാനും ഞങ്ങള്‍ക്കും മോഹമുണ്ട് ……

സംഭവം എല്ലാവര്‍ക്കും മനസ്സിലായല്ലോ…. ?

ഇനിയെങ്ങാനും ഞങ്ങള്‍ കല്ലൃാണകാരൃം പറയുമ്പോള്‍ ഒരു മാതിരി ആക്കിയ ചിരിയും ചിരിച്ച് കണ്ണിറുക്കി കാണിക്കുന്നതെങ്ങാനും കണ്ടാല്‍ ഞങ്ങളുടെ മറ്റൊരു മുഖം നിങ്ങള്‍ കാണും പറഞ്ഞേക്കാം..,

Leave a Reply

Your email address will not be published. Required fields are marked *