ജീവിതത്തിലെ പ്രധാന നാഴിക കല്ലാണ് ഒരാൾ അൻപതാമത്തെ വയസ്സ് കടക്കുന്നത് . 2022 മെയ് മാസം 15 നു ഞാനും ആ നാഴിക കല്ല് കടന്നിരിക്കുന്നു . വീട്ടിൽ ഒരു പായസം വച്ചു . അമ്പലത്തിൽ പോയി . ഇത് വരെ വഴി നടത്തിച്ച ദൈവത്തിന് നന്ദി പറഞ്ഞു . മരണത്തെ മുഖാമുഖം കണ്ട വഴിത്താരകൾ എല്ലാം പിന്നിട്ട ജീവിതം . എന്നെ പോലെ തന്നെ 70 കളിൽ ജനിച്ച എല്ലാവരും തന്നെ 50 താണ്ടുകയാണ് . ഇനി ഉള്ള ദിവസങ്ങൾ വെറും ബോണസ് ആണെന്ന് ഞാൻ കരുതുന്നു . നേരം വെളുത്താൽ ” ഓഹോ നേരം വെളുത്തോ . ആയുസ്സിന്റെ ഒരു ദിവസം കൂടി നീട്ടി കിട്ടിയിരിക്കുന്നല്ലോ ” എന്നോർത്താണ് എഴുന്നേൽക്കുന്നത് തന്നെ . എന്നെ സംബന്ധിച്ചു എന്റെ അച്ഛൻ പറയാറുള്ള പോലെ പോകാനുള്ള ടിക്കെറ്റ് അടിച്ചു . വിസയും കിട്ടി . ഇനി വിമാനം വന്നാൽ മാത്രം മതി എന്ന സമയത്തിലൂടെ ആണ് കടന്നു പോകുന്നത് . ചെയ്യാനുള്ളതൊക്കെ ചെയ്തു കഴിഞ്ഞു . എന്റെ ഓട്ടം പൂർത്തി ആക്കി . അതിനിടക്ക് ബാക്കി ആയ ഒരു കൊച്ചു ആഗ്രഹം ഉണ്ടായിരുന്നു . അതും നടന്നു . എന്റെ അൻപതാമത്തെ ആഘോഷം എന്റെ കൂടെ പഠിച്ച ഷാജിയുടെ കൂടെ ആവണം എന്നാഗ്രഹിച്ചു . അതും നടത്തി തന്നു . ഞാൻ ആ ആഗ്രഹം ഷാജിയോട് പറഞ്ഞപ്പോൾ അവൻ അത് സന്തോഷ പൂർവം സമ്മതിച്ചു . അതിന്റെ കാരണം അവന്റെയും എന്റെയും പിറന്നാളുകൾ 10 ദിവസത്തെ ഇടവേളകളിലൂടെ ആണ് കടന്നു പോകുന്നത് . അങ്ങനെ ഞങ്ങളുടെ പിറന്നാളുകൾ ഒരുമിച്ചു ആഘോഷിക്കാം എന്ന് തീരുമാനിച്ചു . അങ്ങനെ ആ ദിവസം വന്നെത്തി . 15 – മെയ് – 2022 എന്ന ആ ഞായറാഴ്ച എനിക്കും അവനും 50 തികഞ്ഞു .
ഈ അലുമിനി ഗ്രൂപ്പിന്റെ പ്രസിഡന്റ് എന്ന നിലയിൽ എന്റെ അവസാനത്തെ ഒരു ചടങ്ങ് ആണെന്നറിയാവുന്ന ഞാൻ ഗ്രൂപ് സെക്രട്ടറിയേയും ഖജാൻജിയെയും വിളിച്ചു . അവർക്കാർക്കും സൗകര്യപ്പെട്ടില്ല . ഷാജി പറഞ്ഞത് സാരമില്ലടാ നമുക്ക് കൊഴുപ്പിക്കാം എന്നാണ് . അങ്ങനെ ആ ഞായറാഴ്ച ഷാജിയുടെ വീട്ടിലേക്ക് പുറപ്പെട്ടു . 10 മണിയോടെ ഞാൻ അവിടെ എത്തി . അവന്റെ കുടുംബം എന്നെ സ്നേഹപൂർവ്വം ഉപചാരപൂർവം സ്വീകരിച്ചു . അവിടെ അവന്റെ അമ്മയും ചേട്ടനും കുട്ടികളും കുടുംബവും ഉണ്ടായിരുന്നു . വളരെ വേഗം ഞാൻ അവരുടെ കുടുംബത്തിലെ ഒരു അംഗമായി ഇഴുകി ചേർന്നു . കുട്ടികളും അമ്മച്ചിയും എന്നോട് വളരെ സ്നേഹ പൂർവം പെരുമാറി . കുറെ സമയം ഞങ്ങൾ ഷാജിയുടെ വീടും പറമ്പും പരിസരവും എല്ലാം നടന്നു കണ്ടു .എല്ലാ വിധ വിളകളും നില നിർത്താൻ ഷാജി ശ്രമിച്ചിട്ടുണ്ട് . ചക്ക മാങ്ങ തേങ്ങാ എല്ലാം ഉണ്ട് . തികച്ചും ഗൃഹ ചാരുത ഉണർത്തുന്ന വനാന്തരീക്ഷം നില നിർത്തുന്ന ഗ്രാമീണ അന്തരീക്ഷം ഉള്ള ശാന്തവുമായ പ്രകൃതി . എനിക്ക് വളരെ വളരെ ഇഷ്ടമായീ . ഷാജിയുടെ കൃഷി സ്ഥലങ്ങളും പറമ്പും പാടവും പുൽമേടുകളും തികച്ചും ഹൃദ്യമായി തോന്നി . കുറെ ഏറെ കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു . അപ്പോഴേക്കും ഷാജിയുടെ ശ്രീമതി നല്ലൊരു ചായ സൽക്കാരം ഒരുക്കിയിരുന്നു . അതോടൊപ്പം അവർ അവിടെ രണ്ടു കേക്കുകൾ കരുതിയിരുന്നു . അതിലൊന്നും എന്റെ പേര് കൊത്തിയത് ആയിരുന്നു . ജീവിതത്തിൽ ഇത് വരെ ഒരു പിറന്നാൾ ആശംസ പാർട്ടിയും എനിക്ക് വേണ്ടി ആരും ഒരുക്കിയിട്ടില്ല . അത് കൊണ്ട് തന്നെ ഇതൊക്കെ എനിക്ക് വളരെ പുതുമ ഉള്ള കാര്യങ്ങൾ ആയിരുന്നു .11 മണിയോടെ ഒരു പ്രാർത്ഥനയോടെ പിറന്നാൾ ആഘോഷചടങ്ങുകൾ ആരംഭിച്ചു . ഞാൻ കേക്ക് മുറിച്ചു എല്ലാവര്ക്കും നൽകി . കുട്ടികളുടെ കളികളിൽ ഞാൻ അവരോടൊപ്പം ചേർന്നു . അപ്പോഴേക്കും വിഭവ സമൃദ്ധമായ സദ്യ ഒരുക്കി കഴിഞ്ഞിരുന്നു ഷാജിയുടെ ശ്രീമതി . ഇങ്ങനെ ഒരു സ്വീകരണം നല്കാൻ മനസ്സ് കാണിച്ച എല്ലാവര്ക്കും ഞാൻ നന്ദി പറഞ്ഞു കൊണ്ട് സദ്യയിലേക്ക് കടന്നു . ഒരുമിച്ചാണ് ഞങ്ങൾ കഴിച്ചത് . രണ്ടു മണി ആയപ്പോൾ ഷാജി ഒരു കൊച്ചു ഗാനമേള പോലെ ഉള്ള ചുറ്റു വട്ടങ്ങൾ ഒരുക്കി . വലിയ സ്‌പീക്കർ മൈക്ക് എല്ലാം ഉണ്ട് . ഞാനും ഒന്നു രണ്ടു ഗാനങ്ങൾ പാടി എല്ലാവരെയും സന്തോഷിപ്പിക്കാൻ ശ്രമിച്ചു . പിന്നെ ഷാജിയും ഷാജിയുടെ മകനും ചേർന്നോരോ ഗാനങ്ങൾ പാടി . അപ്പോഴേക്കും സമയം 3 . വീണ്ടും ചായ സൽക്കാരം . രണ്ടാമത് കരുതി വച്ചിരുന്ന കേക്ക് കൂടെ മുറിച്ചു എല്ലാവർക്കും ഞാൻ നൽകി . 4 മണിയോടെ ഇറങ്ങാൻ ഞാൻ റെഡി ആയി . പറമ്പിൽ നിന്നുള്ള ചില ഫല വർഗ്ഗങ്ങൾ ഷാജി എന്റെ വണ്ടിയിൽ വച്ചു തന്നു . കുട്ടികൾ ഓടി നടന്നു എല്ലാത്തിന്റെയും ഫോട്ടോകൾ വിഡിയോകൾ എല്ലാം എടുത്തു കൊണ്ടേ ഇരുന്നു . അങ്ങനെ ആ മനോഹരമായ അവസരത്തിന് സമാപ്തി കുറിച്ച് കൊണ്ട് ഞാൻ കൈ വീശി എന്റെ വണ്ടി സ്റ്റാർട്ട് ചെയ്തു . ഇന്നും ഓർമകളുടെ ഭാണ്ഡം പരിശോധിക്കുമ്പോൾ ഇങ്ങനെ ഉള്ള ഏതാനും കുറച്ചു നിമിഷങ്ങളെ കാണൂ . അതിലൊന്നായി ഷാജിയും കുടുംബവും എനിക്ക് നൽകിയ ഈ പിറന്നാൾ സമ്മാനം തിളങ്ങി നിൽക്കും .