2020 ഒക്ടോബർ 14 , എന്റെ ഹാർട്ട് ഓപ്പറേഷൻ നടന്ന ദിവസം .വേദനയുടെയും യാതനകളുടെയും കിടന്ന കിടപ്പിന്റെയും നാളുകൾ താണ്ടാൻ യാതൊരു മാർഗവുമില്ലാതെ വന്നപ്പോൾ ആണ് 1987 ഇൽ നിർത്തിയ മലയാള മനോരമയുടെ ആഴ്ചപതിപ്പിന്റെ വായന പുനരാരംഭിച്ചത് .മനോരമ ആകെ മാറിയിരുന്നു .കെട്ടിലും മട്ടിലും ആകെ ഒരു വശ്യ സൗന്ദര്യം .നോവലുകളുടെ സന്ദർഭങ്ങൾ ചിത്രീകരിക്കുന്ന ചിത്രങ്ങൾ എന്നെ ആ നോവലുകൾ വായിക്കുന്നതിലേക്കാർഷിച്ചു .അതിനുള്ളിലെ നോവലുകളെല്ലാം ഇടക്ക് വച്ചിട്ടാണെങ്കിലും കഥാസാരം ഉൾക്കൊണ്ടു കൊണ്ട് ഞാൻ തുടർന്ന് വായിക്കാൻ തുടങ്ങി .അതിലുള്ള ചിത്രങ്ങൾ എന്നെ ഹഠാതാകർഷിച്ചു .സ്ത്രീ സൗന്ദര്യത്തെ ഇത്ര മനോഹരമായി , ആകര്ഷണീയമായി , ദൈവികമായി ചിത്രീകരിക്കുന്നതാരാണെന്ന് അറിയാൻ എന്നിൽ ആകാംക്ഷ വർധിച്ചു .ഓരോ ചിത്രങ്ങളിലും കുത്തി നിറച്ചിരിക്കുന്ന എത്രത്തോളം ആഴങ്ങളിൽ ആണെന്നുള്ളത് എന്നിൽ അത്ഭുതം സൃഷ്ടിച്ചു .എന്റെ കണ്ണുകൾ പരതി .ആരായിരിക്കും ഈ ചിത്രങ്ങൾ ഇത്ര മനോഹരമായി വരയ്ക്കുന്നത് .നോവലുകളുടെ തുടക്കത്തിൽ ചിത്രങ്ങൾ വരയ്ക്കുന്ന ആളിന്റെ പേര് കണ്ടു .മോഹൻ മണിമല .ഇതേ വരെ കണ്ടിട്ടില്ലാത്ത ആ മനുഷ്യനെ ഞാൻ മനസ്സ് കൊണ്ട് നമിച്ചു .ഈ ആളെ ഒന്നു കണ്ടെത്താൻ എന്താ മാർഗം .മണിമല എന്റെ വീട്ടിൽ നിന്നും 250 km ദൂരെ ആണ് .വേറെ എന്താ മാർഗം എന്നാലോചിച്ചു കിടന്നപ്പോൾ ആണ് ഗൂഗിൾ ന്റെ കാര്യം ഓർത്തത് .ഗൂഗിളിലൊക്കെ കയറി പറ്റാനുള്ള ആൾ ഉണ്ടാവുമോ എന്ന സംശയത്തോടെ തന്നെ ആണ് ഗൂഗിൾൽ മോഹൻ മണിമല എന്നു ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തത് .പിന്നെ കണ്ടത് എന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണ് .എന്റെ സ്ക്രീൻ നിറയെ ചിത്രങ്ങളും അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങളും മാത്രം .അവസാനം കണ്ടെത്തി , അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ .ഈ സന്ദേശം അദ്ദേഹത്തിന്റെ കമന്റ് ബോക്സിൽ ചേർക്കുമ്പോൾ അദ്ദേഹം എന്റെ സുഹൃത്തല്ല .അപരിചിതരെ ചേർക്കുന്ന സ്വഭാവം ഇല്ലെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ request അയച്ചില്ല..പ്രൊഫൈലിൽ അദ്ദേഹത്തിന്റെ ചിത്രം കണ്ടു .മനസ്സാ പരിചയപ്പെട്ടു .
ഈ കുറിപ്പ് എഴുതുമ്പോൾ മനോരമയിൽ കാണാത്ത തീരങ്ങൾ എന്ന ഒരു നോവൽ നടക്കുകയാണ് .സന്ദീപ് , അല്ലിമ എന്നിവർ നായികാ നായകന്മാർ .അതിൽ ശ്രീ മോഹൻ വരയ്ക്കുന്ന അല്ലിമ എന്ന സ്ത്രീ ഈ ലോകത്ത് എവിടെ എങ്കിലും ഉണ്ടെങ്കിൽ ഒന്നു നേരിൽ കാണാൻ തോന്നും .രാജ രവി വർമ്മക്ക് പോലും സ്ത്രീ സൗന്ദര്യം ഇതു പോലെ ചാലിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല .
കഥാ സന്ദർഭം ചിത്രീകരിക്കുന്ന ഛായ ചിത്രങ്ങളിൽ ചേർക്കുന്ന വിവരങ്ങൾ എത്ര മേൽ സൂക്ഷ്മമാണെന്നു ഒറ്റ നോട്ടത്തിൽ പിടി കിട്ടുകയില്ല .ഓരോ തവണ എടുത്തു നോക്കുമ്പോഴും അതേ ചിത്രത്തിന്റെ ആഴവും പരപ്പും വിശാലതയും കൂടി കൂടി വരുന്നതായി തോന്നും .പ്രായം അത്ര മാത്രമൊന്നുമില്ല , എങ്കിലും ഈ ലോകം മുഴുവൻ ആ മനുഷ്യന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നതായി അനുഭവപ്പെടും .ഏതൊരു രംഗത്തിനും വേണ്ട ചേരുവകളും അവയിൽ ഉള്കൊള്ളിക്കേണ്ടതായ വിശദാംശങ്ങളും കിറു കൃത്യം .മുഖ ഭാവങ്ങളും അംഗോപാങ്ക ലക്ഷണങ്ങളും ലക്ഷണ ശാസ്ത്രങ്ങളും അച്ചട്ടാണ് .പ്രകൃതിയെ വരച്ചു ചേർത്തിരിക്കുന്ന കണ്ടാൽ ആഞ്ഞൊന്നു പുല്കാനും ആ സൗന്ദര്യത്തിൽ ലയിച്ചു ചേരാനും തോന്നും .കാരണം ഒരു കാമറക്ക് പോലും ഇത്രക്ക് സൂക്ഷ്മമായി ഒരു രംഗം പകർത്താനാവുമോ ? സംശയമുണ്ടെങ്കിൽ നിങ്ങൾ തന്നെ പരിശോധിക്കുക .ഏതാനും വരികളിൽ ഒതുക്കാമെന്നു കരുതി തുടങ്ങി എങ്കിലും പറഞ്ഞു തുടങ്ങിയപ്പോൾ നീണ്ടു പോയി .ക്ഷമിക്കുക .
മോഹനേട്ടാ.. അങ്ങു മഹാനാണ് .ചായ കൂട്ടുകളിലൂടെ അങ്ങു സൃഷ്ടിക്കുന്ന മാന്ത്രിക ലോകം അതി ബ്രിഹത്താണ് .അത് അനുസ്യൂതം തുടരുക .അംഗീകാരങ്ങൾ ഇനിയും ഇനിയും അങ്ങയെ തേടി വരട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു …
മോഹൻ മണിമല – എന്റെ പ്രിയ ചിത്രകാരൻ
