ഇടപ്പള്ളിയിൽ ഉള്ള മോഡേൺ ബ്രഡ് നല്ലതാണോ

Spread the love

എന്റെ കുട്ടിക്കാലത്ത് ഞായറാഴ്ച മിക്കവാറും രാവിലെ പ്രഭാത ഭക്ഷണത്തിന് ബ്രെഡും തക്കാളി കറിയും ആയിരിക്കും. ചിലപ്പോൾ കിഴങ്ങ് കറിയും വളരെ അപൂർവമായി കടലക്കറിയും ഉണ്ടാകും. നഴ്സായ അമ്മയ്ക്ക് ഞായറാഴ്ചയും ജോലിക്ക് പോകേണ്ടത് ഉള്ളതുകൊണ്ട് കറി തലേദിവസം തന്നെ ഉണ്ടാക്കി വെക്കും. രാവിലെ അച്ഛനോ എന്റെ ചേച്ചിയോ എടുത്തത് ചൂടാക്കി വെക്കും. കടയിൽ പോയി ബ്രഡ് വാങ്ങിച്ചു കൊണ്ട് വരേണ്ടത് എന്റെയോ ചേട്ടന്റെയോ ഉത്തരവാദിത്തമാണ്. “കഴിഞ്ഞാഴ്ച നീ ബ്രഡ് മേടിച്ചത് കൊണ്ട്, വരാൻ പോകുന്ന ആഴ്ച ഞാൻ ബ്രഡ് മേടിക്കുമല്ലോ. അതുകൊണ്ട് ഈ ആഴ്ചയുടെ അടുത്ത ആഴ്ചയിൽ ഡെന്നീസേ നീ ബ്രഡ് മേടിക്കണം. അല്ലെങ്കിൽ അത് ഒഴിവാക്കാൻ നീ ഇന്ന് വേണമെങ്കിൽ പോയി ബ്രഡ് മേടിച്ചോ!” എന്നൊക്കെ കള്ളക്കണക്ക് പറഞ്ഞ് പൊതുവേ മണ്ടനായിരുന്ന എന്നെ കൂടുതൽ കൺഫ്യൂഷൻ ആക്കി, കൂടുതൽ മണ്ടൻ ആക്കി, ചേട്ടൻ ബ്രഡ് കടയിൽ പോയി വാങ്ങുന്ന പണിയിൽ നിന്ന് എങ്ങനെയെങ്കിലും ഒഴിയും. അങ്ങനെ മിക്കവാറും ഞാൻ തന്നെ പോയി വാങ്ങി വരും. അന്ന് ബ്രഡ്ഡുകളിൽ പ്രധാനി മോഡേൺ ബ്രഡ് ആണ്.  നീല നിറത്തിലുള്ള ചെറിയ ചതുരങ്ങൾ ചിതറിക്കിടക്കുന്ന പാറ്റേൺ ഉള്ള ഒരു ഡിസൈൻ ആണ് അതിന്റെ കവറിന്. ബ്രഡ് മേടിച്ചിട്ട് കടയിൽ വെച്ച് തന്നെ ഞാൻ ആരും അറിയാതെ ഒന്നു മണത്തുനോക്കും! ഓ! എന്നാ ഒരു മണവാ! കാലം എന്തുവേഗം മുന്നോട്ടു പോയി! ഇപ്പോൾ ഇടയ്ക്ക് ഇടപ്പള്ളിയിൽ ഉള്ള മോഡേൺ ബ്രഡിന്റെ ഫാക്ടറിയുടെ മുന്നിലൂടെ വാഹനത്തിൽ പോകുമ്പോൾ പെട്ടെന്ന് ഈ മണം എന്റെ മൂക്കിലടിക്കും. മോഡേൺ ബ്രെഡിന്റെ, എന്റെ കുട്ടിക്കാലത്തിന്റെ, ഓർമ്മകളുടെ മണം! ഇന്നലകളുടെ സുഗന്ധം.  ഇതു വായിക്കുന്ന നിങ്ങളിൽ എത്ര പേരുടെ ഉള്ളിന്റെ ഉള്ളിൽ ഓരോരോ മണങ്ങൾ ഓരോരോ ഓർമ്മകളുമായി ഇതുപോലെ വേര് പിടിച്ച് നിൽപ്പുണ്ടാകും! ഫ്രഷ് ആയി തുറന്ന “മോഡേൺ ബ്രഡ്” പാക്കറ്റിൽ നിന്ന് എടുത്ത്, ഒന്നിന്മേൽ ഒന്നായി അടുക്കിവെച്ച്, ബ്രെഡിന്മേലിൽ ചൂടുള്ള കിഴങ്ങ് കറി ഒഴിക്കുമ്പോൾ പൊങ്ങിവന്ന് മൂക്കിലടിക്കുന്ന ആ മണം… നമ്മുടെയൊക്കെ കുട്ടിക്കാലം എന്തായിരുന്നു, അല്ലേ?

#edappally modern bread

Denis Arackal ©

ᵗʰᵉ ᵏᵉᵉᵖᵉʳ ᵒᶠ ˢᵐᵃˡˡ ᵗʰⁱⁿᵍˢ

Leave a Reply

Your email address will not be published. Required fields are marked *