മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകളുടെ ഇടിമുഴക്കം സൃഷ്ടിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് (64) അന്തരിച്ചു. ദേശീയ അവാർഡ് നേടിയ സംവിധായകനുമായിരുന്നു
ഇന്നലെ വൈകിട്ട് ഏറ്റുമാനൂർ പേരൂർ ജവാഹർ നഗർ റോസ് വില്ല വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ ഉടൻ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാര സമയം നിശ്ചയിച്ചിട്ടില്ല.
നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, ശ്യാമ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത്, നായർ സാബ്, സംഘം, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങി കരുത്തേറിയ തിരക്കഥകളിലൂടെ 1980 കളിലും 90 കളിലും മെഗാഹിറ്റുകളുടെ നീണ്ട നിര തന്നെയൊരുക്കിയ ഡെന്നിസ് സംവിധായകനെന്ന നിലയിലും ശ്രദ്ധേയനായിരുന്നു.
ഉജ്വലമായ കഥാപാത്ര സൃഷ്ടിയിലൂടെയും തീപാറുന്ന ഡയലോഗുകളിലൂടെയും മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർതാര പദവിയിലെക്കുയർത്തുന്നതിൽ ഡെന്നിസിന്റെ തൂലിക വഹിച്ച പങ്ക് വളരെ വലുതാണ്.
മികച്ച ബാലചിത്രത്തിനുളള ദേശീയപുരസ്കാരം നേടിയ മനു അങ്കിൾ, അഥർവം, തുടർക്കഥ, അപ്പു, അഗ്രജൻ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ. സംവിധായകൻ ജോഷിയോടൊപ്പം മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹം ഒരു കാലഘട്ടത്തിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തിരക്കഥാകൃത്തായിരുന്നു.
കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളജിൽനിന്നു കെമിസ്ട്രിയിൽ ബിരുദം നേടിയ അദ്ദേഹം വിദ്യാർഥി ജീവിതകാലഘട്ടത്തിൽ തന്നെ കഥകളെഴുതിയിരുന്നു. കട്ട്–കട്ട് എന്ന മാസികയിൽ സബ് എഡിറ്ററായ അദ്ദേഹം ജേസി സംവിധാനം ചെയ്ത ‘ഈറൻ സന്ധ്യ’ എന്ന ചിത്രത്തിലൂടെ 1985 ലാണ് തിരക്കഥാകൃത്തായത്. തുടർന്നു രചിച്ച നിറക്കൂട്ട് വൻ വിജയമായതോടെ സിനിമയിൽ സാന്നിധ്യമുറപ്പിച്ചു.
1986 ൽ പുറത്തിറങ്ങിയ ‘രാജാവിന്റെ മകൻ’ മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്കുയർത്തിയെങ്കിൽ 1987 ലെ ‘ന്യൂഡൽഹി’ മമ്മൂട്ടിയുടെ തിരിച്ചുവരവിനു കളമൊരുക്കി. ആകെ അൻപതോളം ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി.
സിനിമാ നിർമാതാവും നടനുമായ പ്രേം പ്രകാശിന്റെയും പ്രമുഖ നടൻ ജോസ് പ്രകാശിന്റെയും സഹോദരി ഏലിയാമ്മ ജോസഫിന്റെ മകനാണ്.
ഭാര്യ: ലീന ഡെന്നീസ്, മക്കൾ: എലിസബത്ത് (ഓസ്ട്രേലിയ), റോസി, ജോസ്.