ട്രഷറി തട്ടിപ്പു കേസിലെ പ്രതി ബിജുലാലിനെപ്പോലെ ഓൺലൈൻ റമ്മി (ചീട്ടുകളി) വഴി ലക്ഷങ്ങൾ തുലച്ചതു സംസ്ഥാനത്ത് ഒട്ടേറെപ്പേരെന്നു പൊലീസ്. പൊലീസിനെ പേടിച്ച് ഒളിച്ചും പാത്തുമിരുന്നുള്ള പണം വച്ചുള്ള ചീട്ടുകളിയുടെ ഡിജിറ്റൽ വകഭേദമാണ് ഓൺലൈൻ റമ്മി. നിലവിലെ നിയമം ഓൺലൈൻ ഗെയിമുകൾക്ക് ബാധകമല്ലാത്തതാണ് ഓൺലൈൻ റമ്മി തഴച്ചുവളരാൻ കാരണം.
ലോക്ഡൗൺ കാലത്ത് റമ്മി കളി കേരളത്തിൽ വ്യാപകമായിരുന്നു. വീടു വയ്ക്കാനും മക്കളുടെ കല്യാണം നടത്താനും മാറ്റിവച്ചിരുന്ന തുകയാണു പലരും റമ്മി കളിച്ചു നശിപ്പിച്ചത്. ഓൺലൈൻ വോലറ്റിലൂടെ 200, 500 രൂപ നൽകിയാണു തുടക്കം. ഹരമായിക്കഴിയുമ്പോൾ ഇത് രണ്ടായിരവും പതിനായിരവുമൊക്കെയാകും. ഇടയ്ക്കു ലഭിക്കുന്ന ചെറിയ ബോണസ് ഗിഫ്റ്റുകളിൽ ആകൃഷ്ടരായി കൂടുതൽ പണമെറിയും. പിന്നീടാണു തുക നഷ്ടമായിത്തുടങ്ങുന്നത്. ഒരു തവണ പണം നഷ്ടമായാലും കൂടുതൽ പണമിറക്കി അടുത്ത റൗണ്ടിൽ ഇരട്ടി തിരിച്ചുപിടിക്കാമെന്ന വ്യാമോഹമാണ് പലരുടെയും പഴ്സ് കീറുന്നത്.
വൻതോതിൽ ഓൺലൈൻ പരസ്യങ്ങൾ നൽകിയാണ് റമ്മി വെബ്സൈറ്റുകൾ ആളെക്കൂട്ടുന്നത്. ഗെയിം തങ്ങൾക്ക് അനുകൂലമാക്കുന്ന തരത്തിൽ സെറ്റ് ചെയ്യുന്ന വെബ്സൈറ്റുകളുമുണ്ട്. പണമിട്ടാൽ നഷ്ടപ്പെടുന്ന തരത്തിലാണ് ഗെയിം പ്രോഗ്രാം ചെയ്തിരിക്കുന്നതെന്നു പൊലീസ് പറയുന്നു. നിയമഭേദഗതിയിലൂടെ മാത്രമേ ഓൺലൈൻ ഗെയിമിങ്ങിനെ വരുതിയിലാക്കാൻ കഴിയൂ എന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.