ഇളമുറക്കാർ പോലും ആവേശത്തോടെ നെഞ്ചിൽ ഏറ്റിയ സിനിമ – കിലുക്കം

Spread the love

പ്രിയൻ സാറിന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കിലുക്കം. മോഹൻലാലും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മികച്ച കഥാപാത്രങ്ങളുമായി ജഗതി ശ്രീകുമാർ, ഇന്നസെന്റ് എന്നിവരും ഈ ചിത്രത്തിൽ നിറഞ്ഞു നില്ക്കുന്നു.
സുപ്രീം കോടതിയിൽ നിന്നും റിട്ടയർ ചെയ്ത ചീഫ് ജസ്റ്റീസ് പിള്ളയുടെ (തിലകൻ) അവിഹിത ബന്ധത്തിലുള്ള മകളാണ് താൻ എന്ന തെറ്റിദ്ധാരണയിൽ നന്ദിനി (രേവതി), പിതാവിനെ അന്വേഷിച്ച് ഊട്ടിയിലെത്തുന്നു. ജോജി (മോഹൻലാൽ) എന്ന ടൂറിസ്റ്റ് ഗൈഡിനെ പരിചയപ്പെടുന്ന അവൾ, ഭ്രാന്ത് അഭിനയിച്ച് ജോജിയിടെ വീട്ടിൽ കയറിക്കൂടുന്നു. സാവധാനം നന്ദിനി സത്യം വെളിപ്പെടുത്തുകയും അവർ പ്രണയത്തിലാകുകയും ചെയ്യുന്നു.ഒടുവിൽ നന്ദിനി തന്റെ യഥാർത്ഥ പിതാവിനെ തിച്ചറിയുന്നതോടെ ചിത്രം അവസാനിക്കുന്നു.
മുഖ്യ കഥയോടൊപ്പം സമാന്തരമായി ജോജിയുടെ കൂട്ടുകാരനായ നിശ്ചൽ (ജഗതി ശ്രീകുമാർ) എന്ന ഫോട്ടോഗ്രാഫറുടെയും കിട്ടുണ്ണി (ഇന്നസെന്റ്) എന്ന വേലക്കാരന്റെയും കഥാപാത്രങ്ങളെ ഇഴ തുന്നി ചേർത്തിരിക്കുന്നു , അത് വളരെ തന്മയത്വത്തോടെ അവതരിപ്പിക്കപ്പെടുന്നു.ഈ പുതിയ കാലഘട്ടത്തിലും ഇളമുറക്കാർ ആവേശത്തോടെ നെഞ്ചിൽ ഏറ്റിയ ഒരു സിനിമ ആണ് കിലുക്കം എന്ന് നിസ്സംശയം പറയാം
മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്ന കിലുക്കം ബോക്സ് ഓഫീസിലും വൻ വിജയമായിരുന്നു. ചിത്രത്തിലെ ഹാസ്യ രംഗങ്ങൾക്ക് ഇന്നും ജനപ്രീതിയുണ്ട്. നിശ്ചൽ തുടർച്ചയായി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെടുന്നതും കിട്ടുണ്ണി ജഡ്ജി പിള്ളയോട് വിട പറയുന്നതുമായ രംഗങ്ങൾ ടിവിയിൽ ആവർത്തിച്ച് പ്രക്ഷേപണം ചെയ്യപ്പെടുന്നത്തിന്റെ കാരണവും മറ്റൊന്നല്ല.
1991 എന്ന ഒരു കാലഘട്ടത്തെ പറ്റി ഇന്ന് ഉള്ള ഒരു തലമുറക്ക് ചിന്തിക്കാൻ പോലും ആവില്ല , ടിവിയോ കമ്പ്യൂട്ടറോ മൊബൈലോ ഇന്റെർനെറ്റോ ഒന്നും ഇല്ലാതെ എങ്ങനെ ജനങ്ങ്ൾ ഇത് വരെ ജീവിച്ചു എന്ന് അത്ഭുതപ്പെടുന്നു ഒരു തലമുറ ആണ് ഇപ്പോൾ ഉള്ളത് .പഠിക്കുന്ന കാലത് ഉള്ള ഒറ്റ ഫോട്ടോ പോലുമില്ല , ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ഒരു നീറ്റൽ , ഇന്നിപ്പോൾ കയ്യിൽ തന്നെ കാമറ കൊണ്ട് നടക്കുന്ന ഒരു തലമുറക്ക് മനസ്സിലാകുമോ എന്നറിയില്ല ഇതൊക്കെ
അന്ന് കണ്ണൂർ പഠിക്കുമ്പോൾ ആഴ്ചയിൽ ഒരു സിനിമ എന്നതാണ് കണക്ക് .കോളേജ് നു അടുത്തുള്ള ഒരു പൊട്ടി പൊളിഞ്ഞ ലോഡ്ജ് .അതായിരുന്നു , അതായിരുന്നു ഞങ്ങളുടെ സങ്കേതം .പഠനം കഴിഞ്ഞുള്ള സമയങ്ങൾ ചെലവഴിച്ചിരുന്നത് ഒന്നുകിൽ ഏതെങ്കിലും തിയേറ്ററിൽ പോയി സിനിമ കാണും , അല്ലെങ്കിൽ ചീട്ടു കളിക്കും , അല്ലെങ്കിൽ ചെസ്സ് കളി , ഫുട്ബാൾ എന്നിവ …അന്നെന്റെ റൂമിൽ ഉണ്ടായിരുന്നവർ ചെറുപുഴയിലെ ബാബു , ഇരിട്ടിയിലെ പ്രകാശൻ , വയനാട് ഉള്ള ഷിജു പി ബി , കൊന്നക്കാട് ഉള്ള ഒരു ആന്റോ ടി ജെയിംസ് എന്നിവർ പ്രധാനികൾ .അന്ന് എന്റെ കൂടെ ഉണ്ടായിരുന്നതിൽ ഷിജു ആയിരുന്നു പണക്കാരൻ .എല്ലാ സിനിമകളും അവൻ കണ്ടിട്ട് ഞങ്ങളോട് കഥ പറയുക ആയിരുന്നു പതിവ് .അതിൽ കൊള്ളാവുന്ന സിനിമ എന്ന് പറയുന്നത് ഞങ്ങളെയും അവൻ കാണാൻ നിർബന്ധിച് അവൻ രണ്ടാമത്തെ തവണ ഞങ്ങളുടെ കൂടെ വന്നിരുന്നു കാണും .
അങ്ങനെ ഇരിക്കെ ഒരു ഞായറാഴ്ച മാറ്റിനി കണ്ടു കഴിഞ്ഞു റൂമിൽ വന്നിരുന്നു പറഞ്ഞ കഥ ആണ് കിലുക്കം .ഇന്നും എന്റെ മനസ്സിൽ പൂർണ പ്രഭയോടെ നിൽക്കുന്ന ഒരു രംഗം ആണ് സിനിമയെകാൾ ഉപരി ആ സിനിമയുടെ കഥ അവൻ വർണിച്ചു കേൾപ്പിക്കുന്ന ആ രംഗം .അന്ന് മനസ്സിൽ ചേക്കേറിയതാണ് ആ സിനിമയോടുള്ള പ്രണയം .ഇന്നിപ്പോ വർഷങ്ങൾ കഴിഞ്ഞു എങ്കിലും കിലുക്കം എന്ന സിനിമ ടി വി യിൽ ഉണ്ടെങ്കിൽ കുത്തി പിടിച്ചിരുന്നു കാണും . എത്ര തവണ ഇതിനോടകം ആ ഗൃഹാതുരുത്വം ഉണർത്തുന്ന ആ സിനിമ കണ്ടു കഴിഞ്ഞു എന്ന് അറിയില്ല
ഇന്നും എന്റെ ഇന്ത്യയിൽ എനിക്ക് ടൂർ നടത്താൻ ഇഷ്ടപ്പെട്ട 10 സ്ഥലങ്ങളിൽ ഒന്ന് ഊട്ടി തന്നെ .നീണ്ട വർഷങ്ങൾ കഴിഞ്ഞു … ആന്റോയും ഷിജുവും എവിടെ ആണെന്ന് പോലും അറിയില്ല .എങ്കിലും ഓരോ തവണയും ആ സിനിമ എന്റെ മനസ്സിൽ ഉണർത്തുന്ന വികാര വിക്ഷോഭങ്ങളിൽ ആന്റോയും ഷിജുവും , ബാബുവും പ്രകാശനും ആ പൊട്ടി പൊളിഞ്ഞ ലോഡ്ജും നിറഞ്ഞു നില്കുന്നു …
ആ സിനിമയിലെ തന്നെ ഒരു ഡയലോഗ് ഉണ്ട് . എവിടെയോ എങ്ങാണ്ട് ഉള്ള ഒരു തൃപ്പൂണിത്തുറ കോവിലകത്തെ തമ്പുരാട്ടിയോപ്പം കുറെ കൂത്ത് നടത്തി , കൂത് കഴിഞ്ഞപ്പോൾ തമ്പുരാട്ടി സ്ഥലം വിട്ടു , നമ്മൾ ഷെഡിലുമായി .അത് ഒരു പടം ആയിരുന്നു എന്നും , അതിൽ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്ന് എന്റെ ബോധമനസ്സിനു അറിയാം , എങ്കിലും ആ ഊട്ടിയിലെ തണുപ്പത്ത്‌ എവിടെയോ അങ്ങനെ ഒരു നന്ദിനി തമ്പുരാട്ടിയും , ജോജിയും നിശ്ചലും , കിട്ടുണ്ണി ഏട്ടനും ജീവിച്ചിരുപ്പുണ്ടെന്നു ഒരു തോന്നൽ …!!! ആ തോന്നലിനെ യാഥാർഥ്യം ആക്കാൻ വേണ്ടി ഉള്ള ഒരു ഊട്ടി യാത്രകളും .അങ്ങനെ അവർ അവിടെ ജീവിച്ചിരുപ്പുണ്ടായിരുന്നു എങ്കിൽ എന്നുള്ള ഉൽകടം ആയ ആഗ്രഹങ്ങളും , എല്ലാം കൂടി ആയപ്പോൾ ആണ് അന്നത്തെ ആ ഊട്ടി യാത്ര ഞാൻ തനിച്ചു ആക്കിയത് , ആ പടത്തിന്റെ ലൊക്കേഷൻ ആയി തീർന്ന പരമാവധി എല്ലാ സ്ഥലങ്ങളും ഒരിക്കൽ കൂടി ഞാൻ ഒരു യാത്ര നടത്തി .
ആ സിനിമയോടുള്ള പ്രണയം കാരണം ഞാൻ കാണിച്ചു കൂട്ടിയിട്ടുള്ള തമാശകൾ കുറച്ചൊന്നുമല്ല .വര്ഷങ്ങള്ക്കു ശേഷം , എന്ന് വച്ചാൽ വളരെ വര്ഷങ്ങള്ക്കു ശേഷം അവർ ബജി കഴിച്ച തട്ടുകടയും , അവർ ഇരുന്ന ബഞ്ചും എല്ലാം എല്ലാം ഞാനും , അവിടെ പോയി ഇരിക്കുകയും ആ കടയിൽ നിന്നും ബജി വാങ്ങി കഴിക്കുകയും , എല്ലാം എല്ലാം …ഓരോ പ്രാന്ത് തന്നെ …

Leave a Reply

Your email address will not be published. Required fields are marked *