നൂറ്റാണ്ടുകളുടെ ചരിത്രവും ഐതിഹ്യങ്ങളും ഇടകലർന്നു കിടക്കുന്നു ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കഥ.
അനന്തശായിയായ ശ്രീപത്മനാഭ പ്രതിഷ്ഠയുള്ള രാജ്യത്തെ ചുരുക്കം ക്ഷേത്രങ്ങളിലൊന്ന്. തലസ്ഥാന നഗരിയിൽ 8 ഏക്കർ ഭൂമിയിലായി പരന്നു കിടക്കുന്ന വാസ്തു വിസ്മയം.
ഈ ക്ഷേത്ര സമുച്ചയം ആര്, എപ്പോൾ നിർമിച്ചു എന്നതിനു കൃത്യമായ ചരിത്രരേഖകളില്ല. 30 ലക്ഷത്തോളം ഓലകളിലായുള്ള മതിലകം രേഖകളാണു ക്ഷേത്രചരിത്രം സംബന്ധിച്ച് ആശ്രയിക്കാവുന്നത്. ഇതിൽ നിന്നു കണ്ടെടുത്തതിൽ ഏറ്റവും പഴക്കമുള്ള ചരിത്രസൂചനകൾ 1304 മുതലുള്ളതാണ്.
അതനുസരിച്ച്, സംഘകാലത്തു തെക്കൻ കേരള പ്രദേശങ്ങളുടെ അധികാരം ഉണ്ടായിരുന്ന ആയ് രാജവംശത്തിന്റേതായിരുന്നു ക്ഷേത്രം എന്നാണു മനസ്സിലാകുന്നത്. പ്രധാന നാഴികകല്ലുകൾ ഇങ്ങനെ:
∙സംഘകാലം(എഡി ഒന്നാം നൂറ്റാണ്ട്)- ക്ഷേത്രം ആയ് രാജവംശത്തിന്റെ അധീനതയിൽ
∙എഡി 10-ാം നൂറ്റാണ്ട്- ആയ് രാജവംശം തകരുന്നു. ക്ഷേത്രം വേണാട് രാജാക്കൻമാരുടെ വകയാവുന്നു.
∙എഡി 1050- വേണാട് രാജാവ് ക്ഷേത്രം പുതുക്കിപ്പണിയുന്നു
∙1335- മാർത്താണ്ഡ വർമ ക്ഷേത്രത്തിൽ അധികാരം സ്ഥാപിക്കുന്നു
∙1461- ക്ഷേത്രം നവീകരണം കഴിഞ്ഞു പുനഃപ്രതിഷ്ഠ
∙1673-’77- ആഭ്യന്തര കലഹം മൂലം ക്ഷേത്രം പൂജയില്ലാതെ നീണ്ടകാലം അടഞ്ഞു കിടന്നു.
∙1686 – ക്ഷേത്രത്തിന്റെ ഭൂരിഭാഗവും കത്തി നശിച്ചു. പ്രതിഷ്ഠയിലേക്കു തീ പടരും മുൻപു കെടുത്തിയെങ്കിലും മേൽക്കൂര വീണു കേടുപാടു സംഭവിച്ചു.
∙1729- അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ അധികാരമേറ്റതിനു പിന്നാലെ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുതുക്കിപ്പണിയാൻ ആരംഭിച്ചു. പുനർനിർമാണ ചുമതല ഏൽപ്പിച്ചത് തൈക്കാട് കേശവൻ വിഷ്ണു ത്രാതൻ നമ്പൂതിരിയെ.
∙1731- ക്ഷേത്രത്തിലെ വിസ്മയങ്ങളിലൊന്നായ ഒറ്റക്കൽ മണ്ഡപ നിർമാണത്തിനു തുടക്കം.
∙1733- ക്ഷേത്രത്തിലെ മിക്കവാറും പണികൾ പൂർത്തിയാക്കുന്നു. പത്മതീർഥക്കുളവും വിശാലമാക്കി. തടിയിൽതീർത്ത പ്രതിഷ്ഠയ്ക്കു പകരം ഇന്നു കാണുന്ന അനന്തശായി നിർമിച്ചതു നേപ്പാളിൽ നിന്നെത്തിച്ച 12008 സാളഗ്രാമ ശിലകളും കടുശർക്കരക്കൂട്ടും ചേർത്താണ്. 18 അടി നീളം ശയനരൂപത്തിലുള്ള പ്രതിഷ്ഠയ്ക്ക്
∙1750- രാജ്യവും സ്വത്തും അധികാരങ്ങളും കുലദേവതയായ ശ്രീപത്മനാഭനു സമർപ്പിച്ച് അതിന്റെ സംരക്ഷകൻ മാത്രമായി രാജാവു മാറുന്ന തൃപ്പടിദാന ചടങ്ങ് മാർത്താണ്ഡ വർമ നിർവഹിച്ചു. സമ്പത്ത് ദേവന്റെ നിധിയായി ക്ഷേത്രത്തിന്റെ കല്ലറകളിൽ സൂക്ഷിച്ചു.
∙1934- ക്ഷേത്രത്തിൽ വീണ്ടും തീപിടിത്തം. ഭാഗിക നാശനഷ്ടം. വൈകാതെ നവീകരിച്ചു.
∙1936 നവംബർ 12-ശ്രീപത്മനാഭ ക്ഷേത്രം ഉൾപ്പെടെ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിലെല്ലാം അഹിന്ദുക്കൾക്കും പ്രവേശനം അനുവദിച്ചു ശ്രീചിത്തിര തിരുനാൾ ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ചു.
∙1937 ജനുവരി 13- ക്ഷേത്ര പ്രവേശന വിളംബരത്തെ തുടർന്നുള്ള ഉത്സവത്തിനു ദലിതർക്കൊപ്പം മഹാത്മാഗാന്ധി ക്ഷേത്രം സന്ദർശിച്ചു.