ആ രാത്രി…..
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്റെ കസിനുണ്ടായ ഒരനുഭവം ആണ് ഞാൻ ഇനി പറയാൻ പോകുന്നത്. അവളെ തല്ക്കാലം നമുക്ക് ധ്വനി എന്ന് വിളിക്കാം.ആ സംഭവത്തേക്കുറിച്ച് ഓർക്കുമ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് നമ്മുക്കൊക്കെ മനസ് കൊണ്ട് പോലും എത്തിപിടിക്കാൻ കഴിയാത്ത എന്തു മാത്രം വിചിത്രമായ കാര്യങ്ങൾ ഈ പ്രപഞ്ചത്തിലുണ്ടെന്നു…..
അപ്പൊ ഞാൻ കാര്യത്തിലേക്ക് വരാം.
തുടക്കം തന്നെ പറഞ്ഞല്ലോ എന്റെ കസിനാണു അനുഭവം ഉണ്ടായത്. അവൾ പറഞ്ഞു തന്ന കാര്യങ്ങൾ ഞാൻ എഴുതുന്നു എന്ന് മാത്രം. കുറച്ചു വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2010 – 2013 കാലഘട്ടം. അന്ന് അവൾ എഞ്ചിനീയറിംഗിന് പഠിക്കുന്ന സമയം. കോളേജ് ഹോസ്റ്റലിൽ ആണ് താമസം.
ജീവിതത്തിൽ ആദ്യമായാണ് അവൾ വീട് വിട്ട് നിൽക്കുന്നത്. അത് കൊണ്ട് തന്നെ ഓരോ വീക്കന്റിലും അവൾ ഒട്ടും സമയം പഴക്കാതെ വീട്ടിൽ പറന്നെത്തും. ഞാൻ ആ ടൈമിൽ മഹാരാജാസിൽ ഡിഗ്രിക്ക് പഠിക്കുവാണ്. എന്റെ വെക്കേഷൻ ടൈമിൽ കുറച്ചു ദിവസത്തേക്ക് നിൽക്കാനായി ഞാൻ അവളുടെ വീട്ടിലേക്ക് പോയി. ഞാൻ അവിടെ ചെല്ലുമ്പോൾ അവൾ വീട്ടിൽ ഉണ്ട്. സത്യത്തിൽ അവൾക്ക് വെക്കേഷൻ ഒന്നും അല്ല. പക്ഷേ കുറച്ചു ദിവസം ആയിട്ട് സ്റ്റഡി ലീവ് ഒക്കെ ആയിട്ട് ആള് വീട്ടിൽ ഉണ്ടായിരുന്നു. എന്റെ വരവോട് കൂടി തത്കാലം അവൾ ബുക്സ് എല്ലാമെടുത്തു മാറ്റി വച്ച്.ഒരേ പ്രായം ആയത് കൊണ്ട് ഞങ്ങൾ ഒന്നിച്ചു കൂടി കഴിഞ്ഞാൽ പിന്നെ ചുറ്റും എന്തൊക്കെ നടന്നാലും ഞങ്ങൾ അറിയില്ല. അവിടെ ചെന്ന അന്ന് വൈകുന്നേരമാണ് ഞാനത് ശ്രദ്ധിച്ചത്, അവളുടെ വലത് കയ്യിൽ ഒരു ചരട്.. ജപിച്ചു കെട്ടിയ ചരടാണെന്നു മനസിലായപ്പോൾ ഈ വക കാര്യങ്ങളിൽ വിശ്വാസമില്ലാത്ത അവളുടെ കയ്യിൽ ഇതെങ്ങെനെ വന്നു എന്നൊരു അതിശയം എനിക്ക് തോന്നി. അതെപ്പറ്റി അവളോട് ചോദിച്ചപ്പോൾ ആണ് അവൾ ആ ഞെട്ടിക്കുന്ന അനുഭവം പറഞ്ഞത്.
അതിങ്ങനെ ആയിരുന്നു
അവളുടെ റൂമിൽ അവൾ ഉൾപ്പെടെ ആറുപേരാണ് താമസം.റൂമിൽ മൂന്ന് കട്ടിലുകൾ. ഈരണ്ടു പേര് വീതം ഓരോ കട്ടിലിൽ.
അന്നൊരു വേനൽക്കാലരാത്രിയിൽ മുറിയിലെ അസഹ്യമായ ചൂട് സഹിക്കാൻ ആവാതെ കൂട്ടത്തിൽ ഒരാൾ കുളിച്ചിട്ട് വരാമെന്നു പുറത്തിറങ്ങി. നാലു നിലയുള്ള ഹോസ്റ്റൽ കെട്ടിടത്തിലേ ഏറ്റവും മുകളിൽ അങ്ങേയറ്റത്താണ് ഇവരുടെ മുറി. അതിനോട് ചേർന്ന് ആണ് ബാത്റൂം.. ഏക ദേശം പതിനൊന്നു മണിയോടെ ആണ് ആ കുട്ടി കുളിക്കാൻ പോയത്. ഏകദേശം ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ ആ കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് എല്ലാവരും ഓടി ചെന്നത്. നോക്കുമ്പോൾ ഉണ്ട് കുളി കഴിഞ്ഞു ഇറങ്ങിയവൾ കുളിമുറിയുടെ വാതിലിൽ തന്നെ തറഞ്ഞു നിൽക്കുന്നുണ്ട്. ആകെ പേടിച്ചു വിറച്ച് നിന്ന ആ കുട്ടിയെ എല്ലാവരും കൂടി മുറിയിൽ കൊണ്ട് പോയി ഇരുത്തി കുടിക്കാൻ വെള്ളമൊക്കെ കൊടുത്തു. കുറച്ചൊന്നു നോർമൽ ആയപ്പോൾ ആണ് അവൾ പറയുന്നത് അവൾ കുളിച്ചു കഴിഞ്ഞു പുറത്തേക്ക് ഇറങ്ങാൻ വാതിൽ തുറക്കുമ്പോൾ വെളുത്ത പുക പോലൊരു രൂപം വാതിൽക്കൽ ഉണ്ടായിരുന്നു എന്ന്.. അവൾ ഉറക്കെ നിലവിളിച്ചപ്പോൾ എല്ലാ റൂമിലേയും ലൈറ്റ് ഓൺ ആയപ്പോൾ ആ രൂപം ഒഴുകി പോകുന്ന പോലെ പുറത്തെ ഇരുട്ടിലേക്ക് മാഞ്ഞു പോയെന്ന്. പക്ഷെ ആ കുട്ടി പറഞ്ഞത് ആരും അങ്ങനെ വിശ്വസിച്ചില്ല. അവളുടെ മനസിന്റെ തോന്നൽ ആയിരിക്കും അതെന്ന് കരുതി ആ സംഭവം എല്ലാവരും അവഗണിച്ചു.
ഈ സംഭവം ധ്വനി ഉൾപ്പെടെ ആരും വിശ്വസിച്ചില്ലെങ്കിലും അവർ മറ്റൊരു കാര്യം പിറ്റേന്ന് തന്നെ ചെയ്തു കട്ടിലുകൾ മൂന്നും ഒന്നിച്ചു ചേർത്തിട്ടു. ആറുപേരും ഒന്നിച്ചു കിടക്കാൻ തുടങ്ങി.അതിനു ശേഷം ഏകദേശം രണ്ടാഴ്ചയോളം പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. എല്ലാവരും ആ സംഭവം മറന്നു. പഠിത്തത്തിന്റെയും പരീക്ഷയുടെയും തിരക്കിൽ ആയിരുന്നു അവരൊക്കെ. അങ്ങനെയൊരു ദിവസം രാത്രിയിൽ എല്ലാവരും ഉറങ്ങാൻ കിടന്നു. കുറെ കഴിഞ്ഞപ്പോൾ കൂട്ടത്തിൽ ഒരാൾ, തത്കാലം ആ കുട്ടിയെ പൂജ എന്ന് വിളിക്കാം. ബാത്‌റൂമിൽ പോകാനായി എഴുന്നേറ്റു. അവളുടെ അനക്കം കേട്ട് കണ്ണ് തുറന്ന ധ്വനി അവളോട് ചോദിച്ചു കൂട്ട് വരണോ എന്ന്, വേണ്ട നീ കിടന്നോ എന്നും പറഞ്ഞു അവൾ എഴുന്നേറ്റ് പോയി. ധ്വനി വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ പൂജ തിരികെ വന്നു കിടന്നു. അവൾ കിടന്ന അനക്കം അറിഞ്ഞു ധ്വനി മുഖത്ത് പുറത്തെ വെളിച്ചം വന്നു വീണ് ഉറക്കം മുറിഞ്ഞു പതിയെ ചോദിച്ചു നീ ഡോർ ശരിക്ക് അടച്ചില്ലേ എന്ന്. ചോദ്യത്തോടൊപ്പം അവൾ തല പൊന്തിച്ചു നോക്കിയപ്പോൾ അടിമുടി വിറച്ചു പോയി..റൂമിന്റെ വാതിലിൽ ഒരു രൂപം റൂമിലേക്ക് തന്നെ നോക്കി നിൽക്കുന്നു. അവളുടെ തൊണ്ടയൊക്കെ വറ്റി വരണ്ടു. എന്നിട്ടും അവൾ പതുക്കെ കയ്യെത്തിച്ചു എല്ലാവരെയും തൊട്ട് നോക്കി, ആറു പേരും കട്ടിലിൽ ഉണ്ട്.. അവൾ പൂജയെ തൊട്ട് നോക്കി പൂജയും ഉണ്ട്..അവൾ ആ രൂപത്തിലേക്ക് തന്നെ നോക്കി കിടന്നു അബോധാവസ്ഥയിൽ ഉറക്കത്തിലേക്ക് വീണ് പോയി. കൂടെയുള്ള ആരും ഇതറിഞ്ഞില്ല. പിറ്റേന്ന് രാവിലെ അവളുടെ മുഖത്ത് ആരോ വെള്ളം തളിച്ചപ്പോൾ ആണ് അവൾ ചാടിയെഴുന്നേറ്റത്.. നോക്കുമ്പോൾ ഉണ്ട് പൂജയാണ്.. അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ പൂജ അവൾക്കരികിലേക്ക് ഇരുന്നിട്ട് സ്വരം താഴ്ത്തി പറഞ്ഞു
“എനിക്ക് നിന്നോടൊരു കാര്യം പറയാൻ ഉണ്ട്,ബാക്കി ആരും അറിയണ്ട തത്കാലം.മറ്റൊന്നുമല്ല ഇന്നലെ ഞാൻ ടോയ് ലെറ്റിൽ പോയിട്ട് വന്നപ്പോൾ നിന്റെയടുത്ത് വേറെ ആരോ കിടക്കുന്നു.പേടിച്ചു വിറച്ചിട്ട് എന്റെ നാവൊക്കെ തളർന്നു പോയെടാ.. നിലവിളിക്കാൻ പോലും പറ്റുന്നുണ്ടായില്ല.റൂമിൽ കയറാൻ പേടിച്ചുആ നിൽപ്പ് നിൽക്കുമ്പോഴാണ് അപ്പുറത്തെ റൂമിലെ ദിയയും ശ്രുതിയും ബാത്‌റൂമിൽ പോകാൻ വന്നത്.എന്റെ നിൽപ്പ് കണ്ട് കാര്യം ചോദിച്ച അവരെക്കൂടി കാണിച്ചു കൊടുക്കാൻ വീണ്ടും റൂമിലേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി ബെഡിൽ ആ രൂപം ഇല്ല നിങ്ങൾ അഞ്ച് പേരെ ഉള്ളൂ.. അത് കൊണ്ട് തന്നെ അവരോട് ഞാൻ അത് പറഞ്ഞില്ല.ആരെയും ഒന്നും അറിയിക്കാതെ മിണ്ടാതെ വന്നു കിടക്കുവായിരുന്നു.. രാവിലെ ഞാൻ മരിച്ചിട്ടുണ്ടാകും എന്നായിരുന്നു എന്റെ ചിന്ത.പേടി കാരണം ഹൃദയം പൊട്ടി ഞാൻ മരിച്ചേനെ.പിന്നെ കുറെ പ്രാർത്ഥനയൊക്കെ ചൊല്ലി കിടന്ന് എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു ഇതൊന്ന് പറയാൻ നിന്നെ വിളിച്ചിട്ട് നീ എഴുന്നേൽക്കാതെ വന്നത് കണ്ടാണ് മുഖത്ത് വെള്ളം തളിച്ചത്.. ഡാ ഈ ഹോസ്റ്റലിൽ എന്തോ കുഴപ്പം ഉണ്ട് “
സത്യത്തിൽ പൂജ പറഞ്ഞത് കേട്ട് ആകെ മരവിച്ചിരിക്കുകയായിരുന്നു ധ്വനി.അപ്പോൾ തലേന്ന് രാത്രി തന്റെ അടുത്ത് വന്നു കിടന്നത് പൂജ അല്ലായിരുന്നു.തന്റെ കൂടെ വന്നു കിടന്ന ആളെ കണ്ട് പേടിച്ചു മുറിയുടെ വാതിൽക്കൽ തന്നെ നിന്ന പൂജയെ കണ്ടാണ് താൻ പേടിച്ചത് എന്ന യാഥാർഥ്യം അവളെ ഭയത്തിന്റെ പരകോടിയിൽ എത്തിച്ചു..പൂജയും ധ്വനിയും ഈ സംഭവം റൂമിലെ മറ്റു നാലു പേരോടും പറഞ്ഞു.. പൂജ പറഞ്ഞിട്ട് അന്ന് വൈകുന്നേരം അവർ അമ്പലത്തിൽ പോയി. അങ്ങനെ ആണ് ആറു പേരും കയ്യിൽ ചരട് കെട്ടിയത്. അവർ ഈ സംഭവം ഹോസ്റ്റലിൽ വാർഡനോട് പറഞ്ഞെങ്കിലും അവരത് വിശ്വസിച്ചില്ല. കുറേക്കാലമായി തനിവിടെ ഉണ്ടെന്നും ആരും ഇന്നേ വരെ ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല എന്നും നിങ്ങൾക്ക് മാത്രം എന്താണ് പ്രശ്നം എന്നൊക്കെ അവർ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു എന്നൊക്കെ അവൾ പറഞ്ഞു. പിന്നെ മറ്റൊരു കാര്യം വാർഡൻ അവർക്ക് ചെയ്തു കൊടുത്തു, അവരുടെ റിക്വസ്റ്റ് പ്രകാരം താഴെ നിലകളിലേക്ക് ആയി നാലാം നിലയിലെ മുഴുവൻ കുട്ടികളെയും മാറ്റി എന്ന്….
പിന്നീട് മറ്റെന്തെങ്കിലും തരത്തിലുള്ള നെഗറ്റീവ് അനുഭവം ആർക്കും ഉണ്ടായിട്ടില്ല എന്ന് കൂടി അവൾ എഞ്ചിനീയറിങ് കഴിഞ്ഞ സമയത്ത് പറഞ്ഞിരുന്നു.
ഇത് എത്രത്തോളം സത്യം ആണെന്ന് ചോദിച്ചാൽ തരാൻ എനിക്ക് മറുപടി ഇല്ല. കാരണം സ്വന്തം അനുഭവത്തിൽ വരുന്നത് വരെ നമുക്കൊക്കെ ഇത് കഥകളാണ്. പേടിയോടെ അല്ലെങ്കിൽ പരിഹാസത്തോടെ കേട്ട് മറന്നു കളയുന്ന വെറും കെട്ടുകഥകൾ…..
ബിന്ധ്യ